പനാമ രേഖകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
|പനാമ പേപ്പേഴ്‌സ് അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഡാഫ്‌നെ കരോണ ഗലീസിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
പനാമ രേഖകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഡാഫ്‌നെ കരോണ ഗലീസിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മാള്‍ട്ടയില്‍ കാറില്‍ ബോംബ് പൊട്ടിയാണ് കൊല്ലപ്പെട്ടത്.
മോസ്റ്റയില്‍ സ്വന്തം കാറില്‍ സഞ്ചരിക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. കരോണയുടെ കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കാറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യന്മേലുള്ള കിരാതമായ ആക്രമണമാണ് നടന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. കരോണ ഗലീസിയയുടെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പ്രതിപക്ഷം ആരോപിച്ചു.
അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് ആണ് അനധികൃത സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള പനാമ രേഖകള്‍ പുറത്തുവിട്ടത്. മധ്യ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായവും ഉപദേശവും നല്‍കി പ്രവര്‍ത്തിക്കുന്ന മൊസ്സാക് ഫോന്‍സേക എന്ന സ്ഥാപനത്തിലെ വിവരങ്ങളാണ് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ പുറത്തുകൊണ്ടുവന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരവധി ആളുകള്‍ ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിച്ചതിന്‍റെ രേഖകള്‍ പുറത്തുവന്നിരുന്നു.
കരോണ ഗലീസിയ തന്റെ ബ്ലോഗ് വഴി പുറത്തുവിട്ട അഴിമതി വിവരങ്ങള്‍ മാള്‍ട്ട സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റിനും ഭാര്യക്കുമെതിരായ വിവരങ്ങള്‍ കരോണ പുറത്തുവിട്ട രേഖയിലുണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കരോണ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.