ഫലൂജ മോചിപ്പിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെന്ന് ഇറാഖ് സൈന്യം
|ഐഎസ് നിയന്ത്രണത്തില്‍ നിന്ന് ഫലൂജ പിടിച്ചെടുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെന്ന് ഇറാഖ് സൈന്യം
ഐഎസ് നിയന്ത്രണത്തില്‍ നിന്ന് ഫലൂജ പിടിച്ചെടുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെന്ന് ഇറാഖ് സൈന്യം. ഒരാഴ്ചക്കുളളില്‍ ഫലൂജയുടെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്നും സൈനിക തലവന്‍ ബ്രിഗേഡിയര്‍ റസൂല്‍ യാഹ്യ പറഞ്ഞു. ഐഎസും സൈന്യവും തമ്മിലുള്ള ഏറ്റമുട്ടല്‍ ശക്തമായതോടെ നിരവധി പേര്‍ രക്ഷപ്പെടാനാകാതെ നഗരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇറാഖി സേന ഫലൂജ നഗരം വളഞ്ഞതായും ഓപ്പറേഷന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയായതായും ബ്രിഗേഡിയര്‍ റസൂല്‍ യാഹ്യ വ്യക്തമാക്കി. പൊലീസും മിലീഷ്യ പോരാളികളുമടക്കം പതിനായിരക്കണക്കിന് സേനാംഗങ്ങളാണ് അമേരിക്കയുടെ പിന്തുണയോടെ ഫലൂജയില്‍ ഐഎസിനെതിരെ യുദ്ധം ചെയ്യുന്നത്. അടുത്ത ഒരാഴ്ചക്കുള്ളില്‍ ഫലൂജ പൂര്‍ണമായും ഐഎസില്‍ നിന്ന് മോചിപ്പിക്കുമെന്നാണ് ഇറാഖി സേനയുടെ അവകാശവാദം.
നിരവധി ഐഎസ് നിര്‍മ്മിത തുരങ്കങ്ങള്‍ ഇതിനോടകം ഇറാഖി സേന നശിപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 70 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു. അതേസമയം സൈന്യം പോരാട്ടം ശക്തമാക്കിയതോടെ 50,000ത്തിലേറെ പേര്‍ ഫലൂജയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇറാഖി സൈന്യം നഗരം വളഞ്ഞതോടെ സാഹചര്യം കൂടുതല്‍ വഷളായിരിക്കുകയാണെന്ന് സന്നദ്ധസംഘങ്ങള്‍ പറയുന്നു. നിരവധി പേര്‍ നഗരം വിട്ടുതുടങ്ങി. കഴിഞ്ഞ ആഴ്ചകളിലായി 8000 ലേറെ പേര്‍ നഗരം വിട്ടതായി യുഎന്‍ വ്യക്തമാക്കി. 2014 ജനുവരിയിലാണ് ഫലൂജ ഐഎസ് പിടിച്ചെടുത്തത്.