International Old
അഫ്ഗാനില്‍ സിവിലിയന്‍മാര്‍ക്കെതിരെ ആക്രമണങ്ങളില്‍ വന്‍വര്‍ധനഅഫ്ഗാനില്‍ സിവിലിയന്‍മാര്‍ക്കെതിരെ ആക്രമണങ്ങളില്‍ വന്‍വര്‍ധന
International Old

അഫ്ഗാനില്‍ സിവിലിയന്‍മാര്‍ക്കെതിരെ ആക്രമണങ്ങളില്‍ വന്‍വര്‍ധന

Alwyn K Jose
|
5 Jun 2018 10:32 PM GMT

പരിക്കേല്‍ക്കുന്നവരില്‍ കൂടുതലും കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂള്‍ ആക്രമണത്തിന് പിന്നാലെയാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അഫ്ഗാനിസ്താനില്‍ സിവിലയന്മാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ വന്‍ വര്‍ധനയെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പരിക്കേല്‍ക്കുന്നവരില്‍ കൂടുതലും കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂള്‍ ആക്രമണത്തിന് പിന്നാലെയാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അഫ്ഗാനിസ്താനിലെ യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ ആണ് രാജ്യത്തെ സിവിലയന്മാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2015നെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ ആക്രമണങ്ങളില്‍ നാല് ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 1601 സിവിലയന്മാര്‍‌ കൊല്ലപ്പെട്ടു. 3500ലധികം പേര്‍ക്ക് പരിക്കേറ്റു. ആറ് മാസത്തിനുള്ളിലുണ്ടായ ആക്രമണങ്ങളില്‍ മൂന്നില്‍ ഒന്നും കുട്ടികള്‍ക്ക് നേരെ. കൊല്ലപ്പെട്ടത് 388 കുട്ടികള്. 1,121 കുട്ടികള്‍ക്ക് പരിക്കേറ്റു. 2015നെ അപേക്ഷിച്ച് കണക്കുകളില്‍ 18 ശതമാനം വര്‍ധന. യുഎന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിത്തുടങ്ങിയ 2009 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2016ലെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.

രാജ്യത്തെ അരക്ഷിതാവസ്ഥയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ശനിയാഴ്ച ഐഎസ് നടത്തിയ ആക്രമണങ്ങളില്‍ 80 പേര്‍ കൊല്ലപ്പെടുകയും 230ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെതിരെ രാജ്യവ്യാപക കാമ്പയിനുകള്‍ നടത്തുന്ന താലിബാനും സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഐഎസുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്‍. അഫ്ഗാന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടത് നിരവധി സിവിലയന്മാരാണ്. 2009 മുതല്‍ ഇതുവരെ ആക്രമണങ്ങളില്‍ 22,941 പേര്‍ കൊല്ലപ്പെടുകയും 40,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Posts