''ഒന്ന് യാത്രയെങ്കിലും പറഞ്ഞു പോകൂ മക്കളേ''
|സിറിയയിലെ രാസായുധ ആക്രമണത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രമായി മാറുകയാണ് തന്റെ പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത അബ്ദെല് ഹമീദ് അല്‍യുസഫ് എന്ന യുവാവിന്റെ ഫോട്ടോ.
''ഒന്ന് യാത്രയെങ്കിലും പറഞ്ഞു പോകൂ മക്കളേ''
ഒമ്പതുമാസം മാത്രം പ്രായമുള്ള തന്റെ ഇരട്ടമക്കളെ ഒരുമിച്ച് ഇരുകൈകളിലുമെടുത്ത് മാറോട് ചേര്‍ത്ത് ആ പിതാവ് വേറെ എന്തു പറയാനാണ്. സിറിയയിലെ രാസായുധ ആക്രമണത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രമായി മാറുകയാണ് തന്റെ പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത അബ്ദെല് ഹമീദ് അല്‍യുസഫ് എന്ന യുവാവിന്റെ ഫോട്ടോ.
സിറിയയിലെ ഇദ്ലിബിലെ ഖാന് ഷെയ്ഖോന് പ്രദേശത്തുണ്ടായ രാസായുധ അക്രമണത്തില്‍ അബ്ദെല് ഹമീദ് അല്‍യൂസഫിന് ഭാര്യയെയും കൂടപ്പിറപ്പുകളെയും പിഞ്ചുമക്കളെയും മടക്കം ഉറ്റ ബന്ധുക്കളെയെല്ലാം നഷ്ടമായി. ജീവനറ്റ് തന്റെ കയ്യില്‍ കിടക്കുന്ന മക്കളുടെ മുഖത്ത് നോക്കി, ഒന്ന് യാത്രയെങ്കിലും പറഞ്ഞു പോകു മക്കളേയെന്ന് വിലപിക്കുകയാണ് ആ പിതാവ്. തന്റെ മക്കളും ഭാര്യയുമടക്കം 22 ഉറ്റബന്ധുക്കളെയാണ് അബ്ദെല് ഹമീദ് അല്‍യുസഫ് ഖബറടക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ രാസായുധ അക്രമണത്തില്‍ 30 കുട്ടികളും 20 സ്ത്രീകളും അടക്കം മരണം ഇതിനകം നൂറ് പിന്നിട്ടുവെന്നാണ് സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മെറ്റ്സ് പറയുന്നത്.
അബ്ദെലിന്റെ ബന്ധുവും അധ്യാപികയുമായ അയ ഫദില് തന്റെ 20 മാസം പ്രായമായ കുഞ്ഞിനെയുമെടുത്ത് വീടിന് പുറത്തേക്ക് ആ തീയുടെ ചൂടില്ലാത്ത സുരക്ഷിതമായ ഒരിടം തേടി എങ്ങനെയോ ഓടി രക്ഷപ്പെടുകയായിരുന്നു. പക്ഷേ, ഒരു ട്രക്ക് നിറയെ കൂട്ടിയിട്ട അവളുടെ ഉറ്റബന്ധുക്കളുടെയും വിദ്യാര്‍ഥികളുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ട നടുക്കം ഇപ്പോഴും അവളിലുണ്ട്.
അമ്മാര്‍, അയ, മുഹമ്മദ്, അഹമ്മദ്... എന്റെ കുഞ്ഞിക്കിളികള്‍.. അവരെല്ലാവരും എനിക്കെത്ര പ്രിയപ്പെട്ടവരായിരുന്നെന്നോ.. ശരിക്കും അവര്‍ പറവകളെപ്പോലെയായിരുന്നു... അമ്മായി സന, അമ്മാവന് യസ്സിര്‍, അബ്ദുല്‍ കരീം... എല്ലാവരെയും ഞാന്‍ കണ്ടു... അവരെല്ലാരും മരിച്ചു... ഇപ്പോള്‍ എല്ലാരും മരിച്ചുപോയി... തന്റെ കണ്ണുനീര് തുടച്ചുകൊണ്ട് അയ ഫദില് വിതുമ്പുന്നു.
ആറുവര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടയില്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കെതിരെ അസദ് ഭരണകൂടം തന്നെ രാസായുധങ്ങള്‍ പ്രയോഗിച്ചതായാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അസദ് ഭരണകൂടമോ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന റഷ്യയോ ഇറാനോ തയ്യാറായിട്ടില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ് ലോകമെമ്പാടും. 2013ൽ തലസ്ഥാന നഗരിയായ ഡമസ്കസിന് സമീപത്തുണ്ടായ രാസായുധ പ്രയോഗത്തിനുശേഷം സിറിയയിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. .