യമനില്‍ കോളറ പടരുന്നു, മരണസംഖ്യ 1205 ആയി
|ഒരു ലക്ഷത്തി എഴുപത്തിയൊന്‍പതിനായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്
യുദ്ധ ബാധിത പ്രദേശമായ യമനില്‍ കോളറ പടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരത്തി ഇരുന്നൂറ്റി അഞ്ചായി. ഒരു ലക്ഷത്തി എഴുപത്തിയൊന്‍പതിനായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. മനുഷ്യനിര്‍മ്മിത ദുരന്തമാണ് യമനിലേതെന്ന് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.
യുദ്ധത്താല്‍ ജനജീവിതം ദുസ്സഹമായ യമനില്‍ പട്ടിണിക്ക് പുറമേ പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു. ആയിരത്തി ഇരുന്നൂറ്റിയഞ്ച് പേര്‍ മരിച്ചതായും ഒരുലക്ഷത്തി എഴുപത്തിയൊന്പതിനായിരത്തി അഞ്ഞൂറ്റി നാല്‍പത്തിയെട്ട് പേര്‍ക്ക് രോഗം ബാധിച്ചതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഇരുപതാം തീയതി വരെയുള്ള കണക്കാണിത്. കോളറ അനിയന്ത്രിതമായി പടരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. യമനിലേത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചു. യമനിലെ എല്ലാ പാര്‍ട്ടികളും ദുരന്തത്തിന്റെ ഉത്തരവാദികളാണെന്നും ബ്രയാന്‍ പറഞ്ഞു. യമനില്‍ കോളറയുടെ വ്യാപനം നാല് ശതമാനമായാണ് ദിവസേന വര്‍ധിക്കുന്നത്. മരണസംഖ്യയും 3.5 ശതമാനമെന്ന തോതില്‍ ഉയരുന്നുണ്ട്.