ഉത്തരകൊറിയയുടെ നീക്കങ്ങള്‍ അപകടകരം; ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക
|ചെറു പ്രകോപനങ്ങള്‍ പോലും അമേരിക്കയെ ക്ഷുഭിതരാക്കുമെന്നും അത് ഉത്തരകൊറിയയെ തന്നെ ഇല്ലാതാക്കുമെന്നും ട്രംപ് വ്യക്തമാക്കി
ഉത്തരകൊറിയക്ക് വീണ്ടും ഡോണള്‍ഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ്. അമേരിക്കക്കെതിരായ ഉത്തരകൊറിയയുടെ നീക്കങ്ങള്‍ അപകടകരമാണെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. ചെറു പ്രകോപനങ്ങള്‍ പോലും അമേരിക്കയെ ക്ഷുഭിതരാക്കുമെന്നും അത് ഉത്തരകൊറിയയെ തന്നെ ഇല്ലാതാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കന്‍ അതിര്‍ത്തിയായ ഗുവാമിന്റെ സമീപ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നാല് മിസൈലുകള്‍ വിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കക്കെതിരെ നടത്തുന്ന ചെറു നീക്കങ്ങള്‍ പോലും മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും. അത് ആ രാഷ്ട്രത്തെ തന്നെ ഇല്ലാതാക്കുന്നതിലായിരിക്കും എത്തി നില്ക്കുക. ഇക്കാര്യത്തില്‍ അമേരിക്ക വളരെ ക്ഷുഭിതരായിരിക്കുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയക്കെതിരായ സൈനിക നീക്കം ഉള്‍പ്പെടെ ഏത് നീക്കത്തിനും അമേരിക്ക തയ്യാറാണെന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. എന്നാല്‍ യുദ്ധത്തിന്റെ അനന്തര ഫലം എന്താണെന്ന് എല്ലാവര്ക്കും അറിയാം. അതിനാല്‍ നയതന്ത്ര നീക്കങ്ങള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും മാറ്റിസ് പറഞ്ഞു. തുടര്‍ച്ചയായ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ ഉത്തരകൊറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് മേഖല വീണ്ടും സംഘര്‍ഷത്തിന്റെ ഭീതിയിലായത്.