ഇംപീച്ച്മെന്റ് പ്രമേയം നീതികേടെന്ന് ദില്‍മ റൂസഫ്
|ഇംപീച്ച് മെന്റിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ദില്‍മ റൂസഫ്
ഇംപീച്ച്മെന്റ് പ്രമേയം നീതികേടെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്. പാര്‍ലമെന്റിന്റെ അധോസഭ ഇംപീച്ച്മെന്റ് അംഗീകരിച്ച സാഹചര്യത്തിലായിരുന്നു ദില്‍മയുടെ പ്രതികരണം. ഇംപീച്ച് മെന്റിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ദില്‍മ റൂസഫ് വ്യക്തമാക്കി.
ബ്രസീല്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ നടന്ന ഇംപീച്ച്മെന്റ് നടപടിയോട് വളരെ വൈകാരികമായാണ് പ്രസിഡന്റ് ദില്‍മ റൂസഫ് പ്രതികരിച്ചത്. തന്നോട് നീതികേടാണ് കാട്ടിയെതെന്നായിരുന്നു ദില്‍മ റൂസഫിന്റെ ആദ്യ പ്രതികരണം.
തുടര്‍ന്നുള്ള രാഷ്ട്രീയ ഭാവിക്കായി നിയമ പോരാട്ടം തുടരുമെന്നും നിയമത്തിന്റെ പിന്‍ബലത്തോടെയല്ല ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയതെന്നും ദില്‍മ പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ അഴിമതിയുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയില്‍ ദില്‍മ റൂസഫില്ല. പാര്‍ലമെന്റ് അംഗീകരിച്ച ഇംപീച്ച്മെന്റ് പ്രമേയം മെയ്യില്‍ ചേരുന്ന സെനറ്റ് കൂടി അംഗീകരിക്കേണ്ടതുണ്ട്. സെനറ്റില്‍ പ്രമേയത്തിന് കേവല ഭൂരിപക്ഷം നേടിയാല്‍ ദില്‍മക്ക് അധികാരം നഷ്ടപ്പെടും. പകരം നിലവിലെ വൈസ് പ്രസിഡന്റ് മൈക്കിള്‍ ടിമര്‍ ആകും ആക്ടിങ് പ്രസിഡന്റ്. ദില്‍മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ 2018 വരെ ടിമര്‍ തന്നെ തുടരാനാകും സാധ്യത.