ഫലസ്തീന്‍ അമേരിക്കയെ നിന്ദിച്ചു; ഇങ്ങനെ ആയാല്‍ സമാധാന ചര്‍ച്ച മുന്നോട്ടുപോകില്ലെന്ന് ട്രംപ്
|ഇസ്രായേല്‍ - ഫലസ്തീന്‍ സമാധാന ചര്‍ച്ചകളുടെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
ഇസ്രായേല്‍ - ഫലസ്തീന്‍ സമാധാന ചര്‍ച്ചകളുടെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ജെറൂസലേമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനത്തിനെതിരെ ഫലസ്തീന്‍ നടത്തിയ പ്രതിഷേധം അമേരിക്കയെ നിന്ദിക്കുന്നതാണ്. ഈ നിലപാടുമായി സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് പോകില്ലെന്നും ട്രംപ് പറഞ്ഞു.
ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ഇസ്രായേലുമായുള്ള അമേരിക്കന്‍ ബന്ധത്തിലെ ചരിത്ര മുഹൂര്‍ത്തമായിരുന്നു ജെറുസലേമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനം. ഇതിനോട് ഫലസ്തീന്‍ നടത്തിയ പ്രതികരണം അമേരിക്കയെ നിന്ദിക്കുന്നതായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഫലസ്തീന്‍ ഈ നിലപാട് തുടര്‍ന്നാല്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങളുടെ വൈസ് പ്രസിഡന്‍റിനെ അവര്‍ കാണാന്‍ തയ്യാറാകാതെ അപമാനിച്ചു. അവര്‍ക്ക് മില്യന്‍ ഡോളര്‍ സഹായമായി നല്‍കുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് അവര്‍ തയ്യാറാകാത്തിടത്തോളം കാലം ഇനി ഈ പണം അവര്‍ക്ക് ലഭിക്കില്ല. ഇസ്രായേല്‍ സമാധാനം ആഗ്രഹിക്കുന്നു. ഫലസ്തീന്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ സാമ്പത്തിക സഹായവുമായി മുന്നോട്ട് പോകില്ല"- ട്രംപ് വ്യക്തമാക്കി.
ജെറൂസലേമിലേക്ക് എംബസി മാറ്റാന്‍ തീരുമാനമെടുത്തതോടെ ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ചയിലെ നിഷ്പക്ഷ ഇടനിലക്കാരനെന്ന പദവി അമേരിക്കക്ക് നഷ്ടപ്പെട്ടുവെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മഹ്മൂദ് അബ്ബാസ് നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ അമേരിക്കയുടെ മധ്യസ്ഥ ചര്‍ച്ചകളുമായി സഹകരിക്കില്ലെന്നും ഫലസ്തീന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫലസ്തീനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ഭീഷണി ട്രംപ് ആവര്‍ത്തിക്കുന്നത്.