International Old
അഫ്ഗാന്‍ താലിബാന്‍ വെടിനിര്‍ത്തല്‍ പത്ത് ദിവസത്തേക്ക് നീട്ടി
International Old

അഫ്ഗാന്‍ താലിബാന്‍ വെടിനിര്‍ത്തല്‍ പത്ത് ദിവസത്തേക്ക് നീട്ടി

Web Desk
|
18 Jun 2018 8:18 AM GMT

വെടി നിര്‍ത്തല്‍ കരാര്‍ നീട്ടിതോടെ അഫ്ഗാന്‍ നഗരങ്ങളിലേക്കുള്ള താലിബാന്‍ അനുകൂലികളുടെ ഒഴുക്ക് തുടരുകയാണ്.

ഈദ് പ്രമാണിച്ച് പ്രഖ്യാപിച്ച അഫ്ഗാന്‍ താലിബാന്‍ വെടിനിര്‍ത്തല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ 10 ദിവസത്തേക്ക് കൂടി നീട്ടി. വെടിനിര്‍ത്തല്‍ കരാറിന് താലിബാനും സമ്മതിച്ചിട്ടുണ്ട്. വെടി നിര്‍ത്തല്‍ കരാര്‍ നീട്ടിതോടെ അഫ്ഗാന്‍ നഗരങ്ങളിലേക്കുള്ള താലിബാന്‍ അനുകൂലികളുടെ ഒഴുക്ക് തുടരുകയാണ്.

ചെറിയ പെരുന്നാള്‍ പ്രമാണിച്ചാണ് താലിബാനുമായി താല്‍ക്കാലികമായി വെടിനിര്‍ത്താന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിശുദ്ധമാസത്തില്‍ തുടങ്ങിയ വെടിനിര്‍ത്തല്‍ 10 ദിവസം കൂടി തുടരുമെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. ഭീകര സംഘടനയായ താലിബാനും ഇത് അംഗീകരിച്ചിട്ടുണ്ട്. വ്യാപക സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെല്ലാം ഇതോടെ സംഘര്‍ഷത്തിന് അയവ് വന്നു.

ഈദ് പ്രമാണിച്ച് കര്‍ശന സുരക്ഷയുള്ള അഫ്ഗാന്‍ നഗരമായ ഗസ്‌നിയിലേക്ക് ഭീകരര്‍ക്ക് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. നിരവധി താലിബാന്‍ അനുകൂലികള്‍ ഇതോടെ പെരുന്നാള്‍ ആഘോഷത്തിനായി എത്തുകയും ചെയ്തു. അഫ്ഗാന്‍ പൊലീസുകാരടക്കമുള്ളവര്‍ ഇവര്‍ക്ക് കഴിഞ്ഞ ദിവസം ഗസ്‌നിയില്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു. ഭീകരരെ നാട്ടിലേക്ക് എത്തിച്ചാല്‍ സംഘര്‍ഷം ഒരു പരിധി വരെ കുറക്കാനാകുമെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായാണ് സേന നീക്കം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

പക്ഷെ താലിബാനുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ തന്നെ ജലാദാബാദില്‍ സ്‌ഫോടനം നടന്നത് ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. പക്ഷെ സംഭവത്തിന്റെ ഉത്തരവാദികള്‍ താലിബാനല്ലെന്ന് പറഞ്ഞ ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ താലിബാന്‍ അനുകൂലികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

Similar Posts