അമേരിക്കയെ അഭയാര്‍ഥി ക്യാമ്പാക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ്
|ട്രംപ് ഭരണകൂടം നടപ്പിലാക്കിയ കുടിയേറ്റ വിരുദ്ധ നിയമത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് ആഴ്ചക്കുള്ളില്‍ 2000 കുടുംബങ്ങളാണ് ഭിന്നിപ്പിക്കപ്പെട്ടത്.
അമേരിക്കയെ അഭയാര്‍ഥി ക്യാമ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. അഭയാര്‍ഥി വിഷയത്തില്‍ നിലവില്‍ സ്വീകരിച്ച തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൌസില്‍ വെച്ചാണ് ട്രംപ് നയം വ്യക്തമാക്കിയത്. അമേരിക്കയെ ഒരു അഭയാര്‍ഥി ക്യാമ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ തീരുമാനം അഭയാര്‍ഥികള്‍ക്കുള്ള സൌകര്യങ്ങള്‍ക്ക് വിലങ്ങുവെക്കുന്നതായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. യൂറോപ്പിലും മറ്റു പ്രദേശങ്ങളിലും നടക്കുന്നതുപോലെ അമേരിക്കയില്‍ സംഭവിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞു. കഴിഞ്ഞ മാസമാണ് അതിര്‍ത്തിയില്‍ മതിയായ രേഖകളില്ലാതെ പിടികൂടിയ അഭയാര്‍ഥികളെ ട്രംപ് ഭരണ കൂടം തടഞ്ഞത്. അവര്‍ക്ക് നേരെയാണ് ട്രംപിന്റെ അസഹിഷ്ണുതാപരമായ നടപടിയുണ്ടായത്. യുഎന്‍ മനുഷ്യാവകാശ സംഘടനാ മേധാവി ട്രംപിന്റെ നയത്തെ അപലപിച്ചു. മനഃസാക്ഷി വിരുദ്ധമായ തീരുമാനം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുടിയേറ്റത്തോടുള്ള ജര്‍മനിയുടെ സമീപനത്തെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ജെര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മാര്ക്കലിനെയും ട്രംപ് വിമര്‍ശിച്ചു. മാര്‍ക്കലിന്റെ നീക്കം ദുര്‍ബലമാണെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. കുടിയേറ്റത്തോടുള്ള ജെര്‍മനിയുടെ സമീപനത്തെ ട്രംപ് എതിര്‍ക്കാനുള്ള കാരണം കുടിയേറ്റക്കാരോടുള്ള അദ്ദേഹത്തിന്റെ വിരോധമാണ്. സർക്കാരിന്റെ കുടിയേറ്റ നയത്തെ പ്രതിരോധിച്ച ശേഷം മർക്കൽ ഒരു സ്വദേശി നിരയുടെ നടുവിലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ ജര്‍മന്‍ ആഭ്യന്തര മന്ത്രി ഹോസ്റ്റ് സീഹോഫറുമായി അഭയാര്‍ഥി വിഷയത്തില്‍ മറ്റൊരു തര്‍ക്കത്തിലാണ് ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മാര്‍ക്കല്‍. അഭയാര്‍ഥികളെ ജര്‍മന്‍ അതിര്‍ത്തിയില്‍ നിന്നും പറഞ്ഞയക്കാനായിരുന്നു ഹോസ്റ്റിന്റെ നീക്കം. എന്നാല്‍ അതിനെ മാര്‍ക്കല്‍ ശക്തമായി എതിര്‍ത്തു. ഇതോടെ ഇരുവരും നയിക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ ബന്ധം വഷളാവുകയാണ്.
അതേസമയം മെക്സിക്കന്‍ അതിര്‍ത്തി കടക്കുകയായിരുന്ന അഭയാര്‍ഥി കുടുംബങ്ങളെ വിഭജിച്ചുകൊണ്ട് ട്രംപ് സ്വീകരിച്ച നടപടിക്കെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭാര്യ ഉള്‍പ്പെടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. എന്നാല്‍ യൂറോപ്പിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് എന്തു നടക്കുന്നു എന്നത് തങ്ങള്‍ക്ക് അറിയേണ്ടെന്നാണ് ട്രംപിന്റെ പക്ഷം.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമത്തെ വിമര്‍ശിച്ച് മുന്‍ പ്രഥമ വനിത ലോറാ ബുഷും രംഗത്തെത്തി. കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് ക്രൂരവും നീതി കേടുമാണെന്ന് ലോറാ ബുഷ് പറഞ്ഞു.
വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിലെഴുതിയ പ്രസ്താവനയിലാണ് ലോറാ ബുഷ് ഡോണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന സീറോ ടോളറന്‍സ് പോളിസി ക്രൂരവും ഹൃദയഭേദകവുമാണ്. കുട്ടികളെ പാര്‍പ്പിക്കുന്ന ഗോഡൌണുകള്‍ നിര്മിക്കുന്നവരാകുന്നത് സര്‍ക്കാര്‍. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നാണംകെട്ട കാലമാണിതെന്നും ലോറാ ബുഷ് പ്രസ്താവനയില്‍ പറയുന്നു. നിയമങ്ങൾ പാലിക്കുന്ന ഒരു രാജ്യം നമുക്ക് വേണം അതേസമയം ഹൃദയമുള്ള ഭരണകൂടവും വേണമെന്നും ലോറാ ബുഷ് പറയുന്നു.
നേരത്തെ പ്രഥമ വനിത മെലാനിയ ട്രംപും കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നതിനെ വിമര്‍ശിച്ചിരുന്നു. ട്രംപ് ഭരണകൂടം നടപ്പിലാക്കിയ കുടിയേറ്റ വിരുദ്ധ നിയമത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് ആഴ്ചക്കുള്ളില്‍ 2000 കുടുംബങ്ങളാണ് ഭിന്നിപ്പിക്കപ്പെട്ടത്.