International Old
കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അമേരിക്കയോട് യു.എന്‍
International Old

കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അമേരിക്കയോട് യു.എന്‍

Web Desk
|
20 Jun 2018 10:44 AM GMT

ഇന്ന് ലോക അഭയാര്‍ഥി ദിനം; അഭയാര്‍ഥി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാതെ ലോകം 

അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളും കുട്ടികളും ഭയപ്പാടോടെയാണിപ്പോള്‍ കഴിയുന്നത്. ട്രംപ് സ്വീകരിച്ച കുടിയേറ്റ വിരുദ്ധ നയം കാരണം ഏതു നിമിഷവും തങ്ങളുടെ മക്കളെ നഷ്ടപ്പെടാം എന്ന ആശങ്കയിലാണിവര്‍. പല ദമ്പതികളും തങ്ങളുടെ കുട്ടികളെയും കൊണ്ട് മെക്സിക്കോയിലെ താത്കാലിക ക്യാമ്പില്‍ കഴിയുകയാണ്. അമേരിക്കയിലേക്ക് കുടിയേറിയ ഇവരുടെ മക്കളെ ഏതുനിമിഷവും ഇവരില്‍ നിന്നും വേര്‍പ്പെടുത്താം എന്ന അവസ്ഥ വന്നപ്പോഴാണ് ഭീതി കാരണം മെക്സിക്കോയിലേക്ക് പോന്നത്.

അനധികൃത കുടിയേറ്റം തടയാനെന്ന പേരില്‍ ട്രംപ് തുടങ്ങിയ നടപടിയില്‍ രാജ്യത്തെത്തിയ 2000തോളം കുഞ്ഞുങ്ങളെയാണ് മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒപ്പം സുരക്ഷാസേന, ഇവരുടെ അച്ഛനമ്മമാരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തും ഈ നയത്തിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നിട്ടും അഭയാര്‍ഥി നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

അഭയാര്‍ത്ഥികള്‍ക്കെതിരായ അമേരിക്കന്‍ നടപടിക്കെതിരെ യുഎന് രംഗത്ത് വന്നിട്ടുണ്ട്‍. അനധികൃതമായി അഭയാര്‍ത്ഥികളെ തടവിലാക്കുകയും കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുകയും ചെയ്യുന്നതില്‍ നിന്നും യു.എസ് പിന്‍മാറണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നെത്തിയതിന്‍റെ പേരില്‍ നൂറ് കണക്കിന് കുട്ടികളാണ് രക്ഷിതാക്കളില്‍ നിന്നും വേര്‍തിരിക്കപ്പെട്ട് ഭയപ്പാടുമായി കഴിയുന്നത്

രവീണ ഷംദാസനി

യുഎന്‍ മനുഷ്യാവകാശ വക്താവ് രവീണ ഷംദാസനി അമേരിക്കന്‍ നടപടിക്കെതിരെ രംഗത്തെത്തി. കുടുംബങ്ങളെ വേര്‍പിരിക്കുകയും ക്രിമിനലുകളാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന നടപടി അമേരിക്ക ഉടന്‍ നിര്‍ത്തമമെന്ന് യുഎന്‍ വക്താവ് ആവശ്യപ്പെട്ടു. അമേരിക്കയുടെ ദക്ഷിണ അതിര്‍ത്തിയിലൂടെ ഗ്വാട്ടിമാലയില്‍ നിന്നാണ് ഏറ്റവുമധികം അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുന്നത്.

കുടുംബങ്ങളെ വേര്‍തിരിക്കുന്നത് അമേരിക്ക അടിയന്തിരമായി അവസാനിപ്പിക്കണം. അഭയാര്‍ത്ഥികളെ ക്രിമിനലുകളാക്കി ചിത്രീകരിക്കരുത്. സാന്‍ ഡീഗോക്കടുത്ത് കേന്ദ്രത്തില്‍ നൂറ് കണക്കിന് തടവുകാരാണ് മോചനവും വിചാരണയും കാത്ത് കഴിയുന്നത്. പല അഭയാര്‍ത്ഥികളും വര്‍ഷങ്ങളായി തടവറയില്‍ ഉറ്റവരുമായി വേര്‍തിരിക്കപ്പെട്ട് കഴിയുകയാണ്. കോടതിയുടെ കനിവ് കാത്തിരിക്കുന്നവരില്‍ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി അന്‍പതിനായിരത്തിലധികം പേരാണ് അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടന്നതിന്റെ പേരില്‍ ജയിലഴികളിലാക്കപ്പെട്ടത്. ഈ കാലയളവില്‍ 8400 കുട്ടികളെയും അതിര്‍ത്തികളില്‍ നിന്ന് പിടികൂടിയതായി യുഎസ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Similar Posts