International Old
ഉത്തരകൊറിയക്കെതിരായ മിസൈല്‍ പരിശീലന പരിപാടി നിര്‍ത്താനൊരുങ്ങി ജപ്പാന്‍
International Old

ഉത്തരകൊറിയക്കെതിരായ മിസൈല്‍ പരിശീലന പരിപാടി നിര്‍ത്താനൊരുങ്ങി ജപ്പാന്‍

Web Desk
|
22 Jun 2018 5:03 AM GMT

ജനുവരിയിലാണ് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ മിസൈല്‍ പ്രതിരോധ പരിശീലന പരിപാടി ആദ്യം ആരംഭിക്കുന്നത്. ആണവ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ മുന്നോട്ട് പോയതോടെ ചെറുപട്ടണങ്ങളിലും നഗരങ്ങളിലും ജപ്പാന്‍

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ പ്രതിരോധിക്കാന്‍ ആരംഭിച്ച മിസൈല്‍ ആക്രമണ പരിശീലന പരിപാടി അവസാനിപ്പിക്കാനൊരുങ്ങി ജപ്പാന്‍. കൊറിയന്‍ ഉപദ്വീപില്‍ ആണവനിരായുധീകരണത്തിനായി ട്രംപ് - കിം കൂടിക്കാഴ്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് നടപടി. ഡ്രില്‍ അവസാനിപ്പിച്ചുളള ജപ്പാന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

ജനുവരിയിലാണ് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ മിസൈല്‍ പ്രതിരോധ പരിശീലന പരിപാടി ആദ്യം ആരംഭിക്കുന്നത്. ആണവ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ മുന്നോട്ട് പോയതോടെ ചെറുപട്ടണങ്ങളിലും നഗരങ്ങളിലും ജപ്പാന്‍ പരിശീലന പരിപാടി തുടര്‍ന്നു. പ്രാദേശിക അടിസ്ഥാനത്തില്‍ 9 ഇടങ്ങളില്‍ പരിശീലനം തുടരാനായിരുന്നു തീരുമാനം. എന്നാല്‍ കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ട്രംപ് - കിം കൂടിക്കാഴ്ചയില്‍ ധാരണയായതോടെ പരിശീലന പരിപാടി അവസാനിപ്പിക്കാനാണ് ജപ്പാന്‍റെ തീരുമാനം.

ക്യോഡോ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. തോച്ചിഗിയിലെ പരിശീലന പരിപാടി നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഡ്രില്ലുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം മറ്റ് നഗരങ്ങളെയും അറിയിച്ചെന്നും ക്യേഡോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ നിര്‍വ്യാപനമാണ് ലക്ഷ്യമെന്ന അമേരിക്കയുടെ ഉറപ്പും ജപ്പാന്‍റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. പുതിയ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തരകൊറിയ 1970- 80 കാലയളവില്‍ തട്ടിക്കൊണ്ടുപോയ ജപ്പാന്‍ പൌരന്‍മാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. 17 പേരെ ഉത്തരകൊറിയ തട്ടിക്കൊണ്ടുപോയെന്നാണ് ജപ്പാന്‍റെ കണക്ക്. തട്ടിക്കൊണ്ടുപോയവര്‍ നാട്ടില്‍ തിരിച്ചെത്താതെ ഉത്തരകൊറിയക്കെതിരായ നീക്കം അവസാനിപ്പിക്കില്ലെന്നും ഷിന്‍സൊ ആബെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Similar Posts