32 വര്‍ഷത്തിന് ശേഷം ആ ക്രൂരനായ കൊലയാളി പിടിയിലായി; തെളിവ് കിട്ടിയത് ഇങ്ങനെ...
|എന്നാല്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ക്രൂരനായ കൊലയാളി പിടിയിലായി. അതും ഹോട്ടലില്‍ നിന്ന് കൈ തുടച്ച ശേഷം വലിച്ചെറിഞ്ഞ പേപ്പര്‍ നാപ്കിനില്‍ പതിഞ്ഞ ഡിഎന്‍എ നിര്‍ണായക തെളിവായപ്പോള്‍.
മൂന്നു പതിറ്റാണ്ടിലേറെ മുമ്പ് നടന്ന ഒരു അരുംകൊല. കൊലയാളിക്കായി പൊലീസും പ്രത്യേക അന്വേഷണ സംഘവുമൊക്കെ നാടു നീളെ വല വിരിച്ചെങ്കിലും കാര്യമുണ്ടായില്ല. എന്നാല്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ക്രൂരനായ കൊലയാളി പിടിയിലായി.
അതും ഹോട്ടലില്‍ നിന്ന് കൈ തുടച്ച ശേഷം വലിച്ചെറിഞ്ഞ പേപ്പര്‍ നാപ്കിനില്‍ പതിഞ്ഞ ഡിഎന്‍എ നിര്‍ണായക തെളിവായപ്പോള്‍. ഒരു ഹോളിവുഡ് ക്രൈം ത്രില്ലര്‍ സിനിമയിലെ സസ്‍പെന്‍സ് ചുരുളഴിയുന്നതു പോലെയാണ് 1986 ല്‍ 12 വയസുകാരിയായ മിഷേലിനെ പീഡിപ്പിച്ചു കൊന്ന ഗാരി ചാള്‍സ് ഹാര്‍ട്മാന്‍ പൊലീസിന്റെ പിടിയിലാകുന്നത്. അമേരിക്കയുടെ സിരാകേന്ദ്രമായ വാഷിങ്ടണിലാണ് സംഭവം. കൊലപാതകവും കൊലയാളിയിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നതും ഇങ്ങനെ:
1986 ലാണ് മിഷേല വെല്‍ഷ് എന്ന പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹോദരിമാര്‍ക്കൊപ്പം ടകോമയിലെ പാര്‍ക്കില്‍ കളിക്കാന്‍ പോയതായിരുന്നു മിഷേല. വിശന്നപ്പോള്‍ ഉച്ചഭക്ഷണം എടുക്കാനായി സൈക്കിളില്‍ സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് പോയി. ഈ സമയം ബാത്ത്റൂമിലായിരുന്നു സഹോദരിമാര്‍. തിരിച്ചുവന്നിട്ടും മിഷേലയെ കണ്ടില്ല. ചേച്ചി എത്താത്തതു കൊണ്ടു ഇരുവരും വീണ്ടും കളി തുടര്‍ന്നു. കളിക്കിടെ പാര്‍ക്കിന് സമീപത്ത് മിഷേലയുടെ സൈക്കിളും ഭക്ഷണപാത്രവും കിടക്കുന്നത് ഇവര്‍ കണ്ടു. ചേച്ചിയെ വിളിച്ച് സമീപത്തൊക്കെ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. ഇതോടെ മിഷേലിനെ കാണാനില്ലെന്ന് വീട്ടില്‍ അറിയിച്ചു. ഉടന്‍ തന്നെ ഇവരുടെ അമ്മ മകളെ കാണാനില്ലെന്ന കാര്യം പൊലീസിനെ അറിയിച്ചു. മിഷേലിനെ അന്വേഷിച്ച് പൊലീസ് നാടൊട്ടുക്ക് പാഞ്ഞു. രാത്രിയോടെ വിജനമായ സ്ഥലത്ത് പാറക്കെട്ടിന് സമീപം മിഷേലയുടെ മൃതദേഹം കണ്ടെത്തി.
കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നീടങ്ങോട്ട് കൊലയാളിക്കായുള്ള അന്വേഷണമായിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഡി.എന്‍.എ ഒക്കെ ശേഖരിച്ചെങ്കിലും പൊലീസിന്റെ പക്കലുള്ള സംപിളുകളുമായൊന്നും യോജിച്ചില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. ഒടുവില്‍ പരീക്ഷണാര്‍ഥം 2016 ല്‍ ജനിതക വംശാവലിയില്‍ ഗവേഷണം നടത്തുന്ന ഒരു വിദഗ്ധന്റെ സഹായം പൊലീസ് തേടാന്‍ തീരുമാനിച്ചു. മിഷേലയുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ ഏതു കുടുംബത്തില്‍പെട്ടയാളുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയുമോയെന്നായിരുന്നു പിന്നീടുള്ള അന്വേഷണം. ഇതിനായി ഒട്ടേറെ ഡി.എന്‍.എ സാംപിളുകള്‍ ഇദ്ദേഹം പരിശോധിച്ചു. ഒടുവില്‍ ഡി.എന്‍.എയുമായി യോജിക്കുന്ന രണ്ടു പേരെ പൊലീസ് കണ്ടെത്തി. സഹോദരങ്ങളായിരുന്നു ഈ രണ്ടു പേരും. തുടര്‍ന്ന് ഇരുവരുടെയും പിന്നാലെയായി പൊലീസ്. ഒരു ദിവസം ഗാരി ചാള്‍സ് ഹാര്‍ട്മാന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ പിന്നാലെ പൊലീസ് ഡിറ്റക്ടീവും കയറി. ഭക്ഷണം കഴിച്ച ശേഷം കൈ തുടച്ച് ഉപേക്ഷിച്ച പേപ്പര്‍ നാപ്കിന്‍ ഡിറ്റക്ടീവ് വിദഗ്ധമായി കൈക്കലാക്കി. ഈ നാപ്കിന്‍ ലാബില്‍ നല്‍കി പരിശോധിച്ചതോടെ 32 വര്‍ഷമായി അമേരിക്കന്‍ പൊലീസിനെ കുഴക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരവും ലഭിച്ചു. ഇതിന് ശേഷം ചാര്‍ട്മാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.