സ്പെയിനിലെ തെരുവ് നായകളുടെ ഫോട്ടോഗ്രാഫര്‍
|തെരുവുനായ്ക്കളുടെ ഫോട്ടോ പ്രദര്‍ശനങ്ങള്‍ നിരവധി നടത്തി ശ്രദ്ധേയനായ എമിലിയോ ക്വിന്കോക്ക് ഒരു സന്നദ്ധ പ്രവര്ത്തകന് കൂടിയാണ്
തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കള്‍ക്ക് വേണ്ടി മാത്രം ഫോട്ടോകളെടുക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ട് സ്പെയിനില്‍.
തെരുവുനായ്ക്കളുടെ ഫോട്ടോ പ്രദര്‍ശനങ്ങള്‍ നിരവധി നടത്തി ശ്രദ്ധേയനായ എമിലിയോ ക്വിന്കോക്ക് ഒരു സന്നദ്ധ പ്രവര്ത്തകന് കൂടിയാണ്. തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ കുളിപ്പിച്ച് സുന്ദരനാക്കി എമിലിയോ ക്വിന്ക്കോ തന്റെ സ്റ്റുഡിയോയിലെത്തിക്കും. അവിടെയാണ് ഫോട്ടോഷൂട്ട്. നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ തെരുവുനായ്ക്കള്‍ക്കായി നടത്തിയ എമിലോക്ക് ഇതൊരു കേവല ഫോട്ടോപ്രദര്‍ശനം മാത്രമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. തെരുവുനായ്ക്കളേയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന വളര്‍ത്തു മൃഗങ്ങളേയും പുനരധിവസിപ്പിക്കുന്ന സംഘടനയായ അഫിനിറ്റി ഫൌണ്ടേഷന്റെ പ്രധാന പ്രവര്‍ത്തകനാണ് എമിലിയോ.
ജീവിതത്തില്‍ ഒന്നും തിരിച്ച് കിട്ടാത്ത കുറച്ച് മൃഗങ്ങളെ സംരക്ഷിക്കുക എന്നാണ് ഞാന്‍ ലക്ഷ്യമിടുന്നത്.ഗുരുതരാവസ്ഥയില്‍ കിടക്കുന്ന നായ്ക്കളേും വിവിധ ഗ്രൂപ്പുകളുടെ സഹായത്താല്‍ ഷെല്‍ട്ടറുകളില്‍ എത്തിക്കാറുണ്ട്.വളര്‍ത്തു മൃഗങ്ങളെ മോശമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരായ പ്രതിരോധമാണ് ഈ പ്രവര്‍ത്തനം. നായ്ക്കള്‍ ഈ രാജ്യത്തിന്റെയും കുടുംബങ്ങളുടേയും ഭാഗമാണ്.
ഫോട്ടോ എടുത്ത് പ്രദര്‍ശനം നടത്തുക മാത്രമല്ല എമിലിയോ ചെയ്യുന്നത്.സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കും. നായ്ക്കളുടെ ഉറ്റവര്‍ക്കോ വളര്‍ത്താന്‍ താല്‍പ്പര്യമുള്ള നായ് പ്രേമികള്‍ക്കോ ഇവരെ ഏറ്റെടുക്കാം. തന്റെ ചിത്രങ്ങള്‍ കണ്ട് ചില വളര്‍ത്തു നായ്ക്കളെ തേടി ഉടമസ്ഥര്‍ വരാറുണ്ടെന്നും എമിലിയോ സാക്ഷ്യപ്പെടുത്തുന്നു. തെരുവിലെ ഈ മൃഗ സംരക്ഷണത്തിന് എമിലിയോയെ സര്‍ക്കാരും ആദരിച്ചിട്ടുണ്ട്.