International Old
തെരഞ്ഞെടുപ്പ് ജയത്തോടെ കൂടുതല്‍ കരുത്തനായി ഉര്‍ദുഗാന്‍
International Old

തെരഞ്ഞെടുപ്പ് ജയത്തോടെ കൂടുതല്‍ കരുത്തനായി ഉര്‍ദുഗാന്‍

Web Desk
|
25 Jun 2018 2:46 AM GMT

പാര്‍ലമെന്റിന്റെ മേല്‍നോട്ടമില്ലാത്ത സമ്പൂര്‍ണാധികാരം ലഭിക്കുന്നതോടെ തുര്‍ക്കി രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാകും വരുംനാളുകളിലുണ്ടാവുക.

തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുര്‍ക്കിയില്‍ കൂടുതല്‍ കരുത്തനാവുകയാണ്. പാര്‍ലമെന്റിന്റെ മേല്‍നോട്ടമില്ലാത്ത സമ്പൂര്‍ണാധികാരം ലഭിക്കുന്നതോടെ തുര്‍ക്കി രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാകും വരുംനാളുകളിലുണ്ടാവുക.

പ്രസിഡന്റിന് സമ്പൂര്‍ണ അധികാരം നല്‍കാനുള്ള ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധനയില്‍ ഉര്‍ദുഗാന്‍ വിജയിച്ചപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉടന്‍ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. രണ്ട് വര്‍ഷത്തിനകം നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയിച്ചു കാണിച്ചതോടെ തുര്‍ക്കി ജനത ഭൂരിഭാഗവും തന്റെ കൂടെയാണെന്ന് തെളിയിക്കാന്‍ ഉര്‍ദുഗാനായി. 2006ലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇത് പിന്‍വലിക്കുമെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ പിന്തുണയില്ലാതെ തന്നെ പ്രസിഡന്റിന് പരമാധികാരം ലഭിക്കുന്നതോടെ ഉര്‍ദുഗാന്‍ തന്റെ നയങ്ങള്‍ ശക്തമാക്കി നടപ്പിലാക്കും.

2003ലാണ് ഉര്‍ദുഗാന്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായത്. 2014 മുതല്‍ പ്രസിഡന്റായി. തുര്‍ക്കിയുടെ രാഷ്ട്രപിതാവ് മുസ്തഫ കമാല്‍ പാഷക്ക് ശേഷം ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവായി നീണ്ട 15 വര്‍ഷത്തെ ഭരണം കൊണ്ട് ഉര്‍ദുഗാന്‍ മാറി. മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നത് നിയമവിരുദ്ധമായിരുന്ന തുര്‍ക്കിയെ മതസ്വാതന്ത്ര്യമുള്ള രാജ്യമാക്കി മാറ്റിയത് ഉര്‍ദുഗാനായിരുന്നു.

യൂറോപ്യന്‍ അംഗത്വമല്ല പശ്ചിമേഷ്യയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയമാണ് തുര്‍ക്കിക്ക് ആവശ്യമെന്ന് പ്രഖ്യാപിച്ചായിരുന്നു ഉര്‍ദുഗാന്റെ കടന്നുവരവ്. ഇസ്രായേലിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന ഉര്‍ദുഗാന്റെ വിജയം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കും.

Similar Posts