International Old
ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ പ്രത്യാക്രമണം; ഇനിയും മിസൈല്‍ ആക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പുമായി ഹൂതി
International Old

ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ പ്രത്യാക്രമണം; ഇനിയും മിസൈല്‍ ആക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പുമായി ഹൂതി

Web Desk
|
26 Jun 2018 4:49 AM GMT

നിബന്ധനയില്ലാതെ ഹുദൈദ വിട്ടു നല്‍കണമെന്നാണ് സഖ്യസേനാ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ സമാധാന ചര്‍ച്ച നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍

സൌദിയിലേക്ക് ഇരട്ട മിസൈലുകളയച്ച ഹൂതികള്‍‌ക്കെതിരെ യമനിലെ ഹുദൈദയില്‍ സഖ്യസേനയുടെ തിരിച്ചടി. ഏഴ് ഹൂതി, ഹിസ്ബുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു. സൌദിക്ക് നേരെ ഇനിയും മിസൈലയയ്ക്കുമെന്ന് ഹൂതി വക്താവ് വെല്ലു വിളിച്ചു. ഇതിനിടെ ഐക്യരാഷ്ട്ര സഭാ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമം വീണ്ടും പ്രതിസന്ധിയിലായി.

ഹുദൈദ തുറമുഖം ഹൂതികളില്‍ നിന്ന് മോചിപ്പിക്കാനായിരുന്നു സഖ്യസേനാ ശ്രമം. അവസാന ഘട്ടത്തിലേക്കെത്തിയിരുന്നു ഇന്നലെ ഹൂതികളുമായുള്ള ചര്‍ച്ച. ഹുദൈദ തുറമുഖം യുഎന്‍ നേതൃത്വത്തിലുള്ള ഉന്നതാധികാര കമ്മിറ്റിക്ക് നല്‍കുവാന്‍ ധാരണയായെന്ന് ഹൂതി വക്താക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതിന് തൊട്ടു പിന്നാലെ ഹൂതികള്‍ സൌദി തലസ്ഥാനമായ റിയാദിലേക്ക് ഇരട്ട മിസൈല്‍ തൊടുത്തു. ഇതോടെ സംഘര്‍ഷഭരിതമായി ഹുദൈദ. മിസൈല്‍ തകര്‍ത്ത സൌദി സഖ്യസേന യമന്‍ സൈന്യത്തിനൊപ്പം ഹൂതികള്‍ക്കെതിരെ നടപടി ശക്തമാക്കി. ഹൂതി നിയന്ത്രിത സന്‍ആയില്‍ നിന്നും 7 ഹൂതി, ഹിസ്‍ബുളള നേതാക്കളെ അറസ്റ്റ് ചെയ്തു.

ഹുദൈദയില്‍ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമാണ് ആക്രമണം. ഐക്യരാഷ്ട്ര സഭാ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് നയിച്ച ചര്‍ച്ച ഇതോടെ വീണ്ടും പാളി. സൌദി സഖ്യരാഷ്ട്രങ്ങളുടെ രാഷ്ട്രീയ പരിഹാര നിര്‍ദേശം ഹൂതികള്‍ തള്ളിയിരുന്നു. ഇതോടെ നിബന്ധനയില്ലാതെ ഹുദൈദ വിട്ടു നല്‍കണമെന്നാണ് സഖ്യസേനാ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ സമാധാന ചര്‍ച്ച നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Related Tags :
Similar Posts