പത്താം ദിവസമായിട്ടും ഗുഹയിലകപ്പെട്ട ഫുട്ബോൾ താരങ്ങളെ കണ്ടെത്തിയില്ല; പ്രാര്‍ത്ഥനയോടെ തായ്ലന്റ്
|10 കിലോ മീറ്ററിലധികം വരുന്ന ഗുഹയിലേക്ക് ഇതു വരെ മുഴുവനായും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.
തായ്ലന്റില് ഗുഹയിലകപ്പെട്ട ഫുട്ബോൾ താരങ്ങളെയും പരിശീലകനെയും കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പത്താം ദിവസത്തിലേക്ക് കടന്നു. തായ് നാവികസേനയുടെ മുങ്ങൽവിദഗ്ധര്ക്കൊപ്പം ചൈനയില്‍ നിന്നുമുള്ള വിദഗ്ധ സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
ഒരാഴ്ച മുന്‍പ് പരിശീലനം കഴിഞ്ഞ് മടങ്ങവെ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗുഹയില്‍ കയറിയ കൌമാരക്കാരായ കുട്ടികളെയും കോച്ചിനെയും ഇത് വരെ കണ്ടത്താനായില്ല. 10 കിലോ മീറ്ററിലധികം വരുന്ന ഗുഹയിലേക്ക് ഇതു വരെ മുഴുവനായും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം യു എസ് മുങ്ങല്‍ വിദഗ്ധര്‍ കുട്ടികള്‍ ഉണ്ടെന്ന കരുതുന്ന സ്ഥലത്തിന് 3 കിലോ മീറ്റര്‍ അടുത്ത എത്തിയിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഈ ശ്രമത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ മഴ കുറഞ്ഞത് രക്ഷാ പ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള വിദഗ്ധസംഘം വെള്ളത്തിനടിയില്‍ തെരച്ചില്‍ നടത്താന്‍ സഹായിക്കുന്ന റോബോട്ടുകളുമായി തെരച്ചില്‍ സംഘത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
ചളി നിറഞ്ഞ ഗുഹയില്‍ വെളിച്ചവും കുറവാണ്. രക്ഷാ പ്രവര്‍ത്തകര്‍ ഓക്സിജന്‍ സിലിണ്ടറുകളുമായാണ് ഗുഹയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇത് ഗുഹയുടെ ഉള്ളിലേക്ക് കയറാന്‍ സഹായിക്കും. തായ് നാവികസേന വിദഗ്ധര്കൊപ്പം ചൈന,ജപ്പാന്,യുഎസ് , ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും സഹായത്തിനുണ്ട്. കുട്ടികളുടെയും കോച്ചിന്റെയും രക്ഷക്കായി ലോകം പ്രാര്‍ഥനയിലാണ്. കുട്ടികള്‍ ഇപ്പോഴും സുരക്ഷിതരാണെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്ക് കൂട്ടല്‍.