International Old
റോഹിങ്ക്യന്‍ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യം ഞെട്ടിക്കുന്നതെന്ന് പീറ്റര്‍ മൌറര്‍
International Old

റോഹിങ്ക്യന്‍ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യം ഞെട്ടിക്കുന്നതെന്ന് പീറ്റര്‍ മൌറര്‍

Web Desk
|
2 July 2018 3:03 AM GMT

ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു മൌററിന്റെ പ്രതികരണം

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യം ഞെട്ടിക്കുന്നതെന്ന് റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മറ്റി പ്രസിഡന്റ് പീറ്റര്‍ മൌറര്‍. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു മൌററിന്റെ പ്രതികരണം. അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്നും മൌറര്‍ പറഞ്ഞു.

ഇന്നലെയാണ് റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പീറ്റര്‍ മൌറര്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. അഭയാര്‍ത്ഥികളുമായും ക്യാമ്പുകളില്‍ സേവനമനുഷ്ടിക്കുന്ന റെഡ് ക്രോസ് വര്‍ക്കേഴ്സുമായും കൂടിക്കാഴ്ച നടത്തിയ മൌറര്‍ അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യം ഏറെ പരിതാപകരമാണെന്നും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഈ മേഖലയില്‍ ഏറെ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

മ്യാന്‍മറിലെ അതിര്‍ത്തി സംസ്ഥാനമായ റാഖിനിലെ അക്രമത്തില്‍ തകര്‍ന്ന ഗ്രാമങ്ങളും പീറ്റര്‍ മൌറര്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ 9000 ആള്‍ക്കാര്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നിലവില്‍ 2000പേര്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിക്കിരുവശവുമായി ചിതറിക്കിടക്കുന്ന ജീവിതങ്ങളെ പഴയ നിലയില്‍ എത്തിക്കാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ സംഘടന സന്നദ്ധരാണെന്നും, സേവനങ്ങള്‍ ഒരിക്കലും ഹ്രസകാലത്തിനുള്ളില്‍ അവസാനിപ്പിക്കില്ലെന്നും മൌറര്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്ത് മാസത്തിന് ശേഷം 700,000 ല്‍ അധികം പേരാണ് മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലെ കോക്സ് ബസാറിലേക്ക് അഭയാര്‍ത്ഥികളായെത്തിയത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും വേഗത്തില്‍ വളരുന്ന അഭയാര്‍ത്ഥി ക്യാമ്പാണ് കോക്സ് ബസാറിലേത്.

Similar Posts