എണ്ണ ഇറക്കുമതി; അമേരിക്കൻ ഉപരോധം മറികടക്കാൻ ഇറാൻ ഒരുങ്ങുന്നു
|സൗദി അറേബ്യ ഉൾപ്പെടെ ഒപെക് രാജ്യങ്ങളുടെ പിന്തുണയും തങ്ങൾക്കുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് ഇറാൻ നേതൃത്വം
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്വകാര്യ കമ്പനികൾക്ക് എണ്ണ ഇറക്കുമതി ചെയ്യാൻ അവസരം ഒരുക്കി അമേരിക്കൻ ഉപരോധം മറികടക്കാൻ ഇറാൻ ഒരുങ്ങുന്നു. സൗദി അറേബ്യ ഉൾപ്പെടെ ഒപെക് രാജ്യങ്ങളുടെ പിന്തുണയും തങ്ങൾക്കുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് ഇറാൻ നേതൃത്വം.
ആണവ കരാറിൽ നിന്ന് പിൻവാങ്ങിയതോടെ ഇറാനെതിരെ കടുത്ത ഉപരോധ നടപടികളാണ് അമേരിക്ക കൈക്കൊള്ളുന്നത്. ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ നിലപാട് പുന:പരിശോധിക്കുമെന്നാണ് യു.എസ് പ്രതീക്ഷ. എന്നാൽ ചൈന ഇതിനു വഴങ്ങാൻ ഒരുക്കമല്ല. ഇന്ത്യയാകട്ടെ, ട്രംപ് ഭരണകൂടത്തെ പിണക്കാതിരിക്കാൻ ഇറക്കുമതിയിൽ ആനുപാതിക കുറവ് വരുത്താൻ നിർബന്ധിതമാകും. ഈ സാഹചര്യത്തിലാണ് സ്വകാര്യ എണ്ണ കമ്പനികൾക്ക് നേരിട്ട് എണ്ണ ഇറക്കുമതിക്ക് ഇറാൻ അവസരം ഒരുക്കുന്നത്. യു.എസ് സമ്മർദ്ദം മറികടക്കാൻ ഉദാര നിലപാടും നടപടികളും സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ സ്വകാര്യ എണ്ണ കമ്പനികളുമായി ഇതുസംബന്ധിച്ച ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. അതാത് രാജ്യങ്ങൾക്ക് മാത്രം എണ്ണ ഇറക്കുമതിക്ക് അനുമതി നൽകുന്ന രീതിയാണ് ഇതുവരെ ഇറാൻ പിന്തുടർന്നത്. ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും യു.എസ് സമ്മർദ്ദത്തിനെതിരെ ജനങ്ങൾ തന്നെ രംഗത്തു വരുമെന്നും ഇറാൻ നേതൃത്വം കണക്കുകൂട്ടുന്നു. ഉൽപാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് സൗദി ഉൾപ്പെടെ ഒപെക് രാജ്യങ്ങളുമായി നല്ല ബന്ധം നിലനിൽക്കുന്നതും തങ്ങളുടെ എണ്ണ വിൽപനക്ക് വിഘാതം വരുത്തില്ലെന്നപ്രതീക്ഷയിലാണ് ഇറാൻ നേതൃത്വം