മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് പത്തു വര്‍ഷം തടവ്
|നവാസ് ശരീഫിനെതിരായ നാലു അഴിമതി കേസുകളില്‍ ഒന്നിന്‍റെ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്. അവന്‍ഫീല്‍ഡ‍് അപ്പാര്‍ട്ട്മെന്‍റ് സംബന്ധിച്ച കേസില്‍ ഇസ്‍ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് വിധി പറഞ്ഞത്.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് പത്തു വര്‍ഷം തടവുശിക്ഷ. അഴിമതിക്കേസിലാണ് കോടതിയുടെ ശിക്ഷാവിധി. നവാസ് ശരീഫിന്‍റെ മകള്‍ മറിയം ശരീഫിന് ഏഴു വര്‍ഷം ജയില്‍ശിക്ഷയും കോടതി വിധിച്ചു.
നവാസ് ശരീഫിനെതിരായ നാലു അഴിമതി കേസുകളില്‍ ഒന്നിന്‍റെ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്. അവന്‍ഫീല്‍ഡ‍് അപ്പാര്‍ട്ട്മെന്‍റ് സംബന്ധിച്ച കേസില്‍ ഇസ്‍ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് വിധി പറഞ്ഞത്. 2017 ല്‍ പാനമ കേസുമായി ബന്ധപ്പെട്ട് ശരീഫിനെതിരെ കോടതി വിധി വന്നിരുന്നു. ഇതേത്തുടര്‍ന്ന് ശരീഫിന് രാജിവെക്കേണ്ടി വന്നിരുന്നു. ഈ മാസം പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണായകമായ ശിക്ഷാവിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ലണ്ടനിലെ അവന്‍ഫീല്‍ഡ് ഹൌസില്‍ നാലു ആഢംബര ഫ്ലാറ്റുകള്‍ ശരീഫിന്‍റെ ഉടമസ്ഥതയിലുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇന്നത്തെ ശിക്ഷാവിധിയുണ്ടായത്. വിധി പറയുന്നത് ഒരാഴ്ച നീട്ടിവെക്കാന്‍ ശരീഫ് അഭ്യര്‍ഥിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ശരീഫും കുടുംബവും ഇപ്പോള്‍ ലണ്ടനിലാണുള്ളത്. മുമ്പ് മൂന്നു തവണ വിധി പ്രസ്താവിക്കുന്നത് മാറ്റിവച്ചിരുന്നു. പാനമ കേസുമായി ബന്ധപ്പെട്ട് ശിക്ഷ ലഭിക്കുന്ന ലോകത്തിലെ തന്നെ ആദ്യ നേതാവായിരിക്കുകയാണ് ശരീഫ്. പാനമ കേസില്‍ നിരവധി ഇന്ത്യക്കാരുടെ പേരുകളും നേരത്തെ പുറത്തുവന്നിരുന്നു. ജൂലൈ 25 നാണ് പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ്.