പാകിസ്താനില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഹിന്ദു വനിത
|പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് സുനിത പാര്‍മര്‍ എന്ന ഹിന്ദു വനിത. സിന്ധ് പ്രവിശ്യക്കാരിയാണ് സുനിത.
പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് സുനിത പാര്‍മര്‍ എന്ന ഹിന്ദു വനിത. സിന്ധ് പ്രവിശ്യക്കാരിയാണ് സുനിത. ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് രാജ്യത്ത് ആദ്യമായി അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് സുനിത ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. ജൂലൈ 25 നാണ് തെരഞ്ഞെടുപ്പ്.
പാകിസ്താനില്‍ ഏറ്റവുമധികം ഹിന്ദു വിശ്വാസികളുള്ള ജില്ലയാണ് തര്‍പാര്‍ക്കര്‍. ജില്ലയിലെ പിഎസ്-56 മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് സുനിത ജനവിധി തേടുന്നത്. തന്‍റെ മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മുന്‍ സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ജനവിധി തേടാന്‍ താന്‍ നിര്‍ബന്ധിതയായതെന്ന് സുനിത പറയുന്നു.
'' തങ്ങളുടെ മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി മുന്‍ സര്‍ക്കാരുകള്‍ യാതൊന്നും ചെയ്തിട്ടില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടായിട്ടും തങ്ങളുടെ മണ്ഡലത്തില്‍ അടിസ്ഥാന ആരോഗ്യ സംരക്ഷണ സൌകര്യങ്ങളോ സ്ത്രീകള്‍ക്ക് മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒരുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല''- 31 കാരിയായ സുനിത പറയുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. സ്ത്രീകളെ ശക്തരാക്കുന്നതിനും അവരുടെ അഭിവൃദ്ധിക്കും വിദ്യാഭ്യാസത്തിനേ കഴിയൂവെന്നും സുനിത പറഞ്ഞു. 2017ലെ സെൻസസ് പ്രകാരം തർപ്പാർക്കർ ജില്ലയിലെ ആകെ ജനസംഖ്യ 16 ലക്ഷമാണ്. ഇതിൽ പകുതിയും ഹിന്ദുവിശ്വാസികളാണ്.