International Old
ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ലോകകപ്പ് ഫൈനല്‍ കാണാനാവില്ല
International Old

ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ലോകകപ്പ് ഫൈനല്‍ കാണാനാവില്ല

Web Desk
|
10 July 2018 6:50 PM GMT

ഗുഹയിൽ കഴിഞ്ഞിരുന്ന 12 കുട്ടികളെയും കോച്ചിനെയും ഇന്ന് പുറത്തെത്തിച്ചിരുന്നു

തായ്ലാന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ലോകകപ്പ് ഫൈനല്‍ നേരിട്ട് കാണാന്‍ കഴിയില്ല. ലോകകപ്പ് ഫൈനലിന് മുന്‍പ് ഗുഹയില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെടുകയാണെങ്കില്‍ കളി നേരിട്ട് കണാനുള്ള അവസരം നല്‍കാമെന്ന് ഫിഫ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആരോഗ്യ പരിശോധനയും മറ്റു ചികിത്സകളും നടത്തേണ്ടതിനാല്‍ റഷ്യയിലെത്താനാവില്ലെന്ന് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു. ചെറിയ അണുബാധ, പനി, ശരീരോഷ്മാവിലുള്ള മാറ്റം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും കുട്ടികള്‍ക്കുണ്ട്.

കുട്ടികള്‍ നിലവില്‍ റഷ്യ വരെ യാത്ര ചെയ്യാനുള്ള സാഹചര്യത്തിലല്ല ഉള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഫിഫയുടെ ക്ഷണം നിരസിച്ചതെന്ന് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം അവര്‍ മത്സരം ടെലിവിഷനിലൂടെ കാണുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.

ഇതിനിടെ കുട്ടികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആശംസകളുമായി ബയറണ്‍ മ്യൂണിക്ക് അടക്കമുള്ള ക്ലബ്ബുകള്‍ രംഗത്തെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇവരെ അടുത്ത സീസണില്‍ തങ്ങളുടെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രഫോര്‍ഡിലേക്കും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെഴുതിയ കത്തിലായിരുന്നു ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ കുട്ടികളെ ക്ഷണിച്ചത്.

ഗുഹയിൽ കഴിഞ്ഞിരുന്ന 12 കുട്ടികളെയും കോച്ചിനെയും ഇന്ന് പുറത്തെത്തിച്ചിരുന്നു. ജൂണ്‍ 23നാണ് ഉത്തര തായ്ലന്‍ഡില്‍ താം ലുവാങ് ഗുഹയില്‍ 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും കയറിയത്. 11നും 16നും മധ്യേ പ്രായമുള്ളവരാണ് കുട്ടികള്‍. ഇരുപത്തിയഞ്ചുകാരനാണു പരിശീലകന്‍. ഇവര്‍ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. ഗുഹയുടെ അകത്തുള്ളപ്പോള്‍ പെരുമഴ പെയ്തു വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടര്‍ച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റര്‍ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റര്‍ അകത്തെത്തി കുട്ടികള്‍.

ये भी पà¥�ें- രക്ഷാദൌത്യം വിജയകരം; തായ്‍ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു

കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചര്‍ വിവരമറിയിച്ചപ്പോഴാണു വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കുള്ളില്‍ പെട്ടതാകാമെന്ന് ഉറപ്പായി. ഒന്‍പതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ബ്രിട്ടിഷ് കേവ് റെസ്‌ക്യൂ കൗണ്‍സില്‍ അംഗങ്ങളായ നീന്തല്‍ വിദഗ്ധര്‍ ജോണ്‍ വോളന്തെനും റിച്ചാര്‍ഡ് സ്റ്റാന്റനുമാണു കുട്ടികളെ കണ്ടെത്തിയത്. തൊട്ടടുത്ത നിമിഷം തായ്!ലന്‍ഡിലേക്കു ലോകം കാരുണ്യപൂര്‍വം പാഞ്ഞെത്തി.

Similar Posts