ഹാറൂൺ യഹ്‍യ അറസ്റ്റിൽ
|അഞ്ചോളം പ്രവിശ്യകളിൽ നടന്ന വ്യാപകമായ റെയ്ഡിനു ശേഷമാണ് ഇസ്താംബുള്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അദ്നാൻ ഓക്തറിനെ അറസ്റ്റ് ചെയ്തത്
പ്രശസ്ത ചിന്തകനും ഹാറൂൺ യഹ്യ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനുമായ അദ്നാൻ ഓക്താർ തുർക്കിയിൽ അറസ്റ്റിലായി. വഞ്ചന, ലൈംഗികാതിക്രമം, ചാരപ്പണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് തുർക്കി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇസ്താംബുളിൽ വെച്ചായിരുന്നു അറസ്റ്റ്. അഞ്ചോളം പ്രവിശ്യകളിൽ നടന്ന വ്യാപകമായ റൈഡിനു ശേഷമാണ് ഇസ്താംബുള്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അദ്നാൻ ഓക്തറിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയിൽ നിന്നും ആയുധങ്ങളും കവചിത വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി ടർക്കിഷ് ദിനപത്രം ഹുറിയത് റിപ്പോർട്ട് ചെയ്തു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അദ്നാൻ ഓക്തർ അറസ്റ്റ് ചെയ്യപ്പെട്ടത് എന്നും ഹുറിയത് റിപ്പോർട്ട് ചെയ്യുന്നു. അദ്നാൻ ഓക്തറിന്റെ 235 ഓളം അനുയായികൾക്കെതിരെ തുർക്കി പോലീസ് അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. ഇതിൽ 79 ആളുകൾ നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് പോലീസ് ഇവർക്കായി തിരച്ചിൽ നടത്തിയത്.
സ്വന്തം ടെലിവിഷൻ ചാനലായ എ നൈനിൽ പരിപാടികൾ അവതരിപ്പിക്കുന്ന അദ്നാൻ ഓക്തർ ഇസ്ലാമിക വിഷയങ്ങൾക്കൊപ്പം സ്ത്രീകളുടെ നൃത്ത പരിപാടികളും ഉണ്ടായിരുന്നു. കിറ്റെൻസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേകം സ്ത്രീകളും ഇതിനായി അദ്ദേഹത്തിനുണ്ട്. തുർക്കിയിലെ ഇസ്ലാമിസ്റ്റുകളുടെ വിമർശനങ്ങൾ നിരന്തരം ഏറ്റുവാങ്ങിയിരുന്ന വ്യക്തിയാണ് ഹാറൂൺ യഹ്യ. അറസ്റ്റിന് ശേഷം വൈദ്യ പരിശോധനകൾക്കായി അദ്ദേഹത്തെ ഇസ്താൻബുളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഹാറൂൺ യഹ്യ ആരോപിച്ചു.