അഭയാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് ഇറ്റലിയും ജര്‍മനിയും
|ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും ആഭ്യന്തരമന്ത്രിമാര്‍ ധാരണയിലെത്തി
അഭയാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് ഇറ്റലിയും ജര്‍മനിയും. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും ആഭ്യന്തരമന്ത്രിമാര്‍ ധാരണയിലെത്തി. ആസ്ട്രേലിയയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.
യൂറോപ്യന്‍ യൂണിയനിലെ ആഭ്യന്തരമന്ത്രിമാരുടേയും നീതിന്യായ മന്ത്രിമാരുടെയും യോഗം വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് ഇറ്റലിയുടേയും ജര്‍മനിയുടേയും ആഭ്യന്തരമന്ത്രിമാര്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ആസ്ട്രേലിയന്‍ നഗരമായ ഇന്‍സ്ബ്രക്കിലാണ് ഇരുനേതാക്കളും കണ്ടുമുട്ടിയത്. ഇരുരാജ്യങ്ങളിലേക്കും എത്തുന്ന അഭയാര്തികളുടെ എണ്ണം കുറക്കാനുള്ള തീരുമാനം ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി മാറ്റിയോ സാല്‍വിനിയും ജര്‍മന്‍ മന്ത്രി ഹോസ്റ്റ് സീഹോഫറും അംഗീകരിച്ചു. അഭയാര്‍ഥികളുമായി എത്തുന്ന ബോട്ടുകളുടെ എണ്ണം കുറക്കാനും നാടുകടത്തല്‍ വര്‍ധിപ്പിക്കാനും ധാരണയായി.
ആഭ്യന്തര കുടിയേറ്റവും ഇരുവരും തമ്മില്‍ ചര്‍ച്ചയായി. ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. നടപടികളുടെ പുരോഗതി വിലയിരുത്താന്‍ ഈ മാസം വീണ്ടും ഇരുനേതാക്കളും യോഗം ചേരും.