ഗുഹയില്‍ നിന്നും സ്ട്രെച്ചറില്‍ പുറത്തേക്ക് കടക്കുമ്പോള്‍ അവര്‍ ഉറങ്ങുകയായിരുന്നു..
|18 ദിവസങ്ങളോളമാണ് ഇവര്‍ താം ലുവാങ്ങ് ഗുഹക്കുള്ളില്‍ മരണത്തോടും ജീവിതത്തോടും മല്ലടിച്ചത്
ചങ്കിടിപ്പോടെ..പ്രാര്‍ത്ഥനയോടെ കാത്തിരുന്ന നിമിഷങ്ങള്‍..ലോകം ആ പന്ത്രണ്ട് കുട്ടികള്‍ക്കും കോച്ചിനും വേണ്ടി മനസറിഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ എത്രത്തോളം ഉരുകിയിട്ടുണ്ടാകും..രക്ഷപ്പെടുമോ എന്ന് പോലും അറിയാത്ത നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അവരെ ഒരു പോറല്‍ പോലുമേല്‍ക്കാതെ ഗുഹയ്ക്ക് പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരോടാണ് ആദ്യം നന്ദി പറയേണ്ടത്. അതിനിടയില്‍ ഒരാള്‍ക്ക് സ്വന്തം ജീവന് നഷ്ടപ്പെടുകയും ചെയ്തു. ഗുഹയുടെ ഇരുട്ടില്‍ നിന്നും കുട്ടികളെ സ്ട്രച്ചറില്‍ പുറത്തേക്ക് കടത്തുമ്പോള്‍ അവര്‍ ഉറങ്ങുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഒരു മുങ്ങല്‍ വിദഗദ്ധന് പറഞ്ഞു.
കുറച്ച് പേര് ഉറങ്ങുകയായിരുന്നു, മറ്റ് ചിലരാകട്ടെ വേദന കൊണ്ട് പുളയുകയായിരുന്നു..കമാന്‍ഡര്‍ ചായിന്ത പീരന്റോംഗ് പറഞ്ഞു. ഗുഹയില്‍ നിന്നും പുറത്തുകടത്തിയ കുട്ടികളുടെ സ്ഥിതി ഡോക്ടര്‍മാര്‍ എപ്പോഴും പരിശോധിച്ചുകൊണ്ടിരുന്നു. അവരെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതായിരുന്നു എന്റെ ജോലി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂബ ഡൈവിംഗില്‍ ഒരു പരിചയവുമില്ലാത്തവരായിരുന്നു ഗുഹയില്‍ കുടുങ്ങിയ വൈല്‍ഡ് ബോര്‍സ് അംഗങ്ങള്‍. 11നും 16നും മധ്യേ പ്രായമുള്ള കുട്ടികളായിരുന്നു അവര്‍. ഓസ്ട്രേലിയന്‍ മുങ്ങല്‍ വിദഗദ്ധനായ റിച്ചാര്‍ഡ് ഹാരി തങ്ങളെ ഏറെ സഹായിച്ചതായി കമാന്‍ഡര്‍ പറഞ്ഞു.
18 ദിവസങ്ങളോളമാണ് ഇവര്‍ താം ലുവാങ്ങ് ഗുഹക്കുള്ളില്‍ മരണത്തോടും ജീവിതത്തോടും മല്ലടിച്ചത്. ജൂണ്‍ 23ന് ഗുഹയില്‍ അകപ്പെട്ട ഇവരെ മൂന്ന് ദിവസം നീണ്ട് നിന്ന സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പുറത്തെത്തിച്ചത്.