നവാസ് ശെരീഫും മകള്‍ മറിയം നവാസും ഇനി റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍
|ഇവരെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോയുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഇന്നലെ അറസ്റ്റ് ചെയ്ത പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെയും മകള്‍ മറിയം നവാസിനെയും റാവല്‍ പിണ്ടിയിലെ അദിയാല ജയിലിലേക്കയച്ചു. ഇവരെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോയുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരെയും രണ്ട് വാഹനങ്ങളിലായാണ് ജയിലിലെത്തിച്ചത്. ഇസ്ലാമാബാദ് മജിസ്ട്രേറ്റിന്റെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും വൈദ്യപരിശോധന നടത്തി. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ബുദ്ധിമുട്ടറിയിച്ച് പാകിസ്ഥാന്‍ അഴിമതി വിരുദ്ധ ഏജന്‍സിയായ പാകിസ്താന്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു ആവശ്യവുമായി എന്‍എബി അഡീഷണല്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ ജനറല്‍ സര്‍ദാര്‍ മുസഫര്‍ അബാസി കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ച കോടതി കോടതിയുടെ പ്രതിനിധിയായി മജിസ്ട്രേറ്റ് വസീം അഹമ്മദിനെ അദിയാല ജയിലിലേക്ക് അയക്കാന്‍ തീരുമാനിച്ചു.
ലണ്ടനിൽനിന്ന് ഇന്നലെ രാത്രി പാകിസ്ഥാനിൽ തിരിച്ചെത്തിയ നവാസ് ഷെരീഫിനെയും മകളെയും ലാഹോറില്‍ വെച്ചാണ് എന്‍എബി അറസ്റ്റ്ചെയ്തത്. വിദേശസ്വത്തുക്കൾ മറച്ചുവെച്ചതിന്റെ പേരിൽ നവാസിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ മൂന്ന് അഴിമതിക്കേസാണ് പാകിസ്ഥാൻ അഴിമതിവിരുദ്ധ കോടതിയിൽ നിലവിലുള്ളത്.