International Old
എത്യോപ്യയും എരിത്രിയയും സമാധാനത്തിന്റെ പാതയിലേക്ക് 
International Old

എത്യോപ്യയും എരിത്രിയയും സമാധാനത്തിന്റെ പാതയിലേക്ക് 

Web Desk
|
15 July 2018 8:59 AM GMT

ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്.

പതിറ്റാണ്ടുകളായി സംഘര്‍ഷത്തിലായിരുന്ന എത്യോപ്യയും എരിത്രിയയും സമാധാനത്തിന്റെ പാതയിലേക്ക്. സമാധാന ചര്‍ച്ചകള്‍ക്കായി എരിത്രിയന്‍ പ്രസിഡന്റ് ഇസയ്യാസ് അഫ്‌വെര്‍ക്കി എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്.

വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 1993ലാണ് എത്യോപ്യയില്‍ നിന്ന് എരിത്രിയ സ്വാതന്ത്ര്യം നേടിയത്. അന്നു മുതല്‍ തുടങ്ങിയ യുദ്ധം ഇരുരാജ്യങ്ങളിലുമായി ലക്ഷങ്ങളെയാണ് അഭയാര്‍ത്ഥികളാക്കിയത്. എണ്‍പതിനായിരത്തോളം ജീവനുകളും പൊലിഞ്ഞു. 1998ല്‍ ഇരുരാജ്യങ്ങളും രൂക്ഷമായ യുദ്ധത്തിലേര്‍പ്പെട്ടു. രണ്ടായിരത്തില്‍ സമാധാന കരാറിലെത്തിയെങ്കിലും എത്യോപ്യ കരാര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

എത്യോപ്യയില്‍ പുതിയ പ്രസിഡന്‍റ് അബി അഹ്മദ് ഏപ്രിലില്‍ സ്ഥാനമേറ്റതൊടെയാണ് എരിത്രിയയുമായുള്ള സമാധാന ശ്രമങ്ങളാരംഭിച്ചത്. എരിത്രിയ സന്ദര്‍ശിച്ച അദ്ദേഹം രണ്ടായിരത്തിലെ സമാധാന കരാര്‍ പാലിക്കാന്‍ എത്യോപ്യ സന്നദ്ധമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആഡിസ് അബാബയിലെത്തിയ എരിത്രിയന്‍ പ്രസിഡന്‍റിനെ ജനക്കൂട്ടം ആഹ്ലാദാരവത്തോടെയാണ് സ്വീകരിച്ചത്. സമാധാന ശ്രമങ്ങളാരംഭിച്ച സാഹചര്യത്തില്‍ എരിത്രിയക്ക് മേലുള്ള ഉപരോധങ്ങള്‍ അവസാനിപ്പിക്കുമെന്ന് യു.എന്‍ പ്രഖ്യാപിച്ചു.

ബെര്‍ലിന്‍ മതില്‍ പൊളിഞ്ഞതിനോടാണ് സമാധാന പ്രഖ്യാപനത്തെ അന്താരാഷ്ട്ര നിരീക്ഷകര്‍ ഉപമിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യയും എരിത്രിയയും യുദ്ധം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദാരിദ്ര്യത്തിലുമാണ്.

Related Tags :
Similar Posts