സമന്റെ ഓര്‍മയില്‍ വിതുമ്പി തായ് കുട്ടികള്‍
|തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥനായിരുന്ന സമൻ കുനോന്ത് ഗുഹയ്ക്കുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചശേഷം വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നു മരിക്കുകയായിരുന്നു
തായ്‌ലന്‍ഡിലെ ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ ബലി നല്‍കിയ മുന്‍ തായ് നാവികസേനാഗം സമാന്‍ ഗുണാന്റെ ചിത്രത്തിന്റെ മുന്നില്‍ നിറകണ്ണുകളുമായി തായ് കുട്ടികള്‍. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 12 കുട്ടികളും അവരുടെ കോച്ചും സമന്റെ ചിത്രത്തിനു മുന്നില്‍ നിറകണ്ണുകളുമായി ഒരുമിച്ചു കൂടിയത്. സമന്റെ ചിത്രത്തില്‍ അനുശോചന സന്ദേശം രേഖപ്പെടുത്തിയ കുട്ടികള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു മിനിറ്റ് സമയം മൌനം ആചരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം സെക്രട്ടറി ജെസ്സകദ പറഞ്ഞു. സമന്റെ ത്യാഗത്തിന് നന്ദി പറഞ്ഞ അവര്‍ നല്ല കുട്ടികളായി ജീവിക്കുമെന്ന് ഉറപ്പു നല്കുെകയും ചെയ്തു.
ഗുഹയില്‍നിന്നു രക്ഷപ്പെട്ട കുട്ടികളിലൊരാളുടെ കുടുംബമാണു 12 പേരെയും ബുദ്ധഭിക്ഷുക്കളാക്കാന്‍ കുടുംബങ്ങള്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. കുട്ടികള്‍ സന്യാസം സ്വീകരിച്ചാല്‍ സമന് അമരത്വം ലഭിക്കുമെന്നാണു വിശ്വാസം. മാത്രമല്ല, ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമാകണമെന്നില്ല. ലൗകിക ജീവിതത്തിലേക്കു മടങ്ങിവരാന്‍ തടസ്സമില്ല.
തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായിരുന്ന സമന്‍ കുനോന്ത് (38) ജൂലൈ ആറിനു ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചശേഷം വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നു മരിക്കുകയായിരുന്നു. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിന്റെ ഒരേയൊരു രക്തസാക്ഷിയാണു സമന്‍. മരണശേഷം 'സെര്‍ജന്റ് സാം' എന്ന വിളിപ്പേരില്‍ ലോകമെങ്ങും പ്രശസ്തനായി സമന്‍.