International Old
ഇത് ചരിത്ര നിമിഷം; സമാധാനത്തിലേക്ക് പറന്നുയര്‍ന്ന് എതോപ്യന്‍ വിമാനം
International Old

ഇത് ചരിത്ര നിമിഷം; സമാധാനത്തിലേക്ക് പറന്നുയര്‍ന്ന് എതോപ്യന്‍ വിമാനം

Web Desk
|
19 July 2018 3:45 AM GMT

എതോപ്യയില്‍ നിന്നും 315 യാത്രക്കാരുമായി ആദ്യ വിമാനം ഇന്നലെയാണ് എറിട്രിയന്‍ തലസ്ഥാനമായ അസ്മാറയിലേക്ക് പറന്നുയര്‍ന്നത്

ആ ചരിത്ര നിമിഷത്തെ കണ്‍കുളിര്‍ക്കെ കാണാന്‍ ഇരു വിമാനത്താവളങ്ങളിലും സമാധാന പ്രേമികളായ നിരവധി പേരാണ് ഒത്തു ചേര്‍ന്നത്.20 വര്‍ഷത്തിന് ശേഷം ആദ്യമായി എതോപ്യയുടെ ബോയിംഗ് 787 വിമാനം 315 യാത്രക്കാരുമായി ആകാശത്തേക്ക് ചിറക് വിടര്‍ത്തിയപ്പോള്‍ ഇരു രാജ്യങ്ങളുടെയും ശത്രുതയുടെ ഫലമായി വേര്‍പെട്ട് കഴിഞ്ഞിരുന്ന കുടുംബാംഗങ്ങള്‍ ആനന്ദ കണ്ണീര്‍ പൊഴിച്ചു. 154 യാത്രക്കാരുമായി ബോയിംഗ് 737 വിമാനവും എതോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്നും ഒരു മണിക്കൂര്‍ 25 മിനിട്ടിന് ശേഷം എറിട്രിയന്‍ തലസ്ഥാനത്തെ അസ്മാറ വിമാനത്താവളത്തിലിറങ്ങി. യാത്രക്കാരെ പതാകള്‍ വീശിയും പുനസമാഗമം ആഘോഷമാക്കുന്നു എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചുമാണ് വിമാനത്താവളത്തില്‍ എതിരേറ്റത്.

ഇരു രാജ്യങ്ങള്‍ക്കിടിയില്‍ വര്‍ഷങ്ങളായി തുടരുന്ന യുദ്ധം നിര്‍ത്തിവച്ചതായി കഴിഞ്ഞ ആഴ്ചയാണ് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചത്. സാമ്പത്തിക, സാമൂഹിക രാഷ്ട്രീയ മേഖലയില്‍ ഒരുമിച്ചുള്ള മുന്നേറ്റമുണ്ടാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. എത്യോപ്യയുടെ പുതിയ പ്രധാനമന്ത്രിയായെത്തിയ അബീ അഹമ്മദിന്റെ പുരോഗമനപരമായ സമീപനമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സാധ്യമാക്കിയത്. ലോകത്തെ തന്നെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ എറിത്രിയയും എത്യോപ്യയും പരസ്പരം യുദ്ധം ചെയ്ത് രാജ്യത്തിന്റെ ആകെയുള്ള സമ്പത്ത് നഷ്ടപ്പെടുത്തുന്നതിനെതിരെ അബീ അഹമ്മദ് ഉന്നയിച്ച പുരോഗമന നിര്‍ദ്ദേശങ്ങള്‍ എറിത്രിയയും അംഗീകരിക്കുകയായിരുന്നു. ഇരു രാജ്യങ്ങളിലും തങ്ങളുടെ എംബസികള്‍ സ്ഥാപിക്കാനും ഗതാഗത രംഗത്തും വാര്‍ത്താ വിനിമയ രംഗത്തുമുണ്ടായിരുന്ന തടസങ്ങള്‍ മാറ്റി പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായാണ് വിമാന സര്‍വ്വീസ് പുനസ്ഥാപിച്ചത്.

Related Tags :
Similar Posts