International Old
ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണകേന്ദ്രം പൊളിക്കുന്നു
International Old

ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണകേന്ദ്രം പൊളിക്കുന്നു

Web Desk
|
24 July 2018 3:50 AM GMT

ഉത്തരകൊറിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായുള്ള റോക്കറ്റ് വിക്ഷേപണകേന്ദ്രമായ സോഹേ സ്റ്റേഷന്‍റെ സാറ്റലൈറ്റ് ചിത്രങ്ങളും 38 നോർത്ത് പുറത്തുവിട്ടു. 

ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണകേന്ദ്രം പൊളിച്ചുമാറ്റുന്നു. രാജ്യത്തിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായുള്ള സോഹേ സ്റ്റേഷനാണ് പൊളിക്കുന്നത്. ഉത്തരകൊറിയയുടെ നടപടിയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സന്തോഷം പ്രകടിപ്പിച്ചു.

ഉത്തരകൊറിയയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന യു.എസ് ആസ്ഥാനമായ 38 നോർത്ത് ആണ് അമേരിക്കക്ക് നൽകിയ ഉറപ്പ് പാലിച്ചു എന്ന വാർത്ത പുറത്തുവിട്ടത്. ഉത്തരകൊറിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായുള്ള റോക്കറ്റ് വിക്ഷേപണകേന്ദ്രമായ സോഹേ സ്റ്റേഷന്‍റെ സാറ്റലൈറ്റ് ചിത്രങ്ങളും 38 നോർത്ത് പുറത്തുവിട്ടു. ജൂണിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഒരു ആണവപരീക്ഷണ കേന്ദ്രം പൊളിച്ചുമാറ്റുമെന്ന് ഡൊണാൾഡ് ട്രംപിന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് ഏതായിരിക്കുമെന്ന് ഉൻ വ്യക്തമാക്കിയിരുന്നില്ല.

ഉത്തരകൊറിയയുടെ സുപ്രധാന സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രമാണ് പ്യോഗ്യാങിലുള്ള സോഹേ സ്റ്റേഷൻ. എന്നാൽ ഇത് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്താനും ഉപയോഗിച്ചിട്ടുണ്ടെന്നാണ് യുഎസിന്‍റെ സംശയം. ഉത്തരകൊറിയയുടെ നടപടിയിൽ സന്തോഷം ഉണ്ടെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ 9 മാസങ്ങൾക്കിടെ ഉത്തരകൊറിയ ഒരു മിസൈൽ പോലും വിക്ഷേപിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. സിംഗപ്പൂരിൽ വെച്ച് ട്രംപും ഉനും നടത്തിയ കൂടിക്കാഴ്ചയിൽ കൊറിയൻ ഉപദ്വീപിലെ ആണവനിരായുധീകരണം സംബന്ധിച്ച കരാറിൽ ഇരുവരും ഒപ്പിട്ടിരുന്നു. എന്നാൽ ആണവായാധുങ്ങൾ എപ്പോൾ ഉപേക്ഷിക്കും എന്ന് വ്യക്തമാക്കാത്തതിനാൽ കരാർ ഏറെ വിമർശനങ്ങൾക്കും വഴിവെച്ചു. ആറ് ആണവപരീക്ഷണങ്ങളാണ് ഇതിനോടകം ഉത്തരകൊറിയ നടത്തിയത്. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ഏറ്റവും അവസാനത്തെ പരീക്ഷണം.

Similar Posts