ചിലിയിലെ കത്തോലിക്ക സഭയിലെ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
|2000 മുതലുള്ള പരാതികളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ 144 കേസുകളിലായിരിക്കും അന്വേഷണം നടത്തുക. നാഷണല്‍ പ്രോസിക്യൂട്ടേഴ്‍സ് ഓഫീസാണ് തീരുമാനം വെളിപ്പെടുത്തിയത്.
ചിലിയിലെ കത്തോലിക്ക സഭയിലെ ബിഷപ്പുമാര്‍ക്കും മതാധ്യാപകര്‍ക്കുമെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സഭയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പെട്ട 144 പീഡന ആരോപണങ്ങളാണ് ആഭ്യന്തര വകുപ്പ് അന്വേഷിക്കുക. നാഷണല്‍ പ്രോസിക്യൂട്ടേഴ്‍സ് ഓഫീസാണ് തീരുമാനം വെളിപ്പെടുത്തിയത്.
ദേശീയ പ്രോസിക്യൂട്ടേഴ്സ് ഓഫീസിനു വേണ്ടി മനുഷ്യാവകാശ-ലിംഗവൈകല്യ വിഭാഗത്തിന്‍റെ തലവനായ ലൂയിസ് ടോറസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അന്വേഷണ തീരുമാനം വെളിപ്പെടുത്തിയത്. 2000 മുതലുള്ള പരാതികളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ 144 കേസുകളിലായിരിക്കും അന്വേഷണം നടത്തുക. ചിലിയിലെ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി തീരുമാനം അറിയിച്ചിരുന്നതായും തീരുമാനം അംഗീകരിക്കുന്നതായും കേസുകൾ മുന്നോട്ടു കൊണ്ടു പോകുന്നതിന് ആവശ്യമായ സമീപനം സ്വീകരിക്കുമെന്ന് സഭാ നേതൃത്വം ഉറപ്പ് നല്‍കിയതായും ടോറസ് പറഞ്ഞു.
കത്തോലിക്ക സഭക്കെതിരായി ഉയര്‍ന്ന ലൈംഗിക പരാതികള്‍ തുടച്ചു നീക്കപ്പെടുന്നുവെന്ന ആരോപണത്തെ തുടർന്ന് നാഷണ്‍ പ്രോസിക്യൂട്ടിങ് അതോറിറ്റി നേരത്തെ രാജ്യത്ത് എല്ലായിടത്ത് നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ 36 കേസുകളില്‍ നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും 108 കേസുകള്‍ അവസാനിപ്പിച്ചിരുന്നു. ബിഷപ്പുമാരും പുരോഹിതരും മതാധ്യാപകരുമുള്‍പ്പടെ 139 പേരാണ് രാജ്യത്ത് ആരോപണ വിധേയരായവര്‍. ഇരകളാക്കപ്പെട്ട 266 പേരില്‍ 178 പേർ കുട്ടികളും കൗമാരക്കാരുമാണെന്നാണ് വിവരം.