അമേരിക്കയിലെ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായേക്കുമെന്ന് ട്രംപ്
|മുന്‍ പ്രസിഡന്റുമാരേക്കാള്‍ റഷ്യയുടെ ഭാഗത്ത് നിന്ന് ഏറ്റവും കൂടുതല്‍ സമ്മര്‍ദവും പ്രയാസവും നേരിടുന്നത് താനാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
അമേരിക്കയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായാകും റഷ്യയുടെ പ്രവര്‍ത്തനമെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഹെല്‍സിങ്കിയില്‍ പുടിനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വീണ്ടും ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. മുന്‍ പ്രസിഡന്റുമാരേക്കാള്‍ റഷ്യയുടെ ഭാഗത്ത് നിന്ന് ഏറ്റവും കൂടുതല്‍ സമ്മര്‍ദവും പ്രയാസവും നേരിടുന്നത് താനാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും റഷ്യ ഇടപെട്ടേക്കാമെന്നും ഇത് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായേക്കാമെന്നും ട്രംപ് പറയുന്നു. തനിക്കെതിരെ പല നീക്കങ്ങളും നടക്കുന്നുണ്ട്. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച നാഷണല്‍ ഇന്റലിജന്‍സ് മേധാവി ടാന്‍ കോട്സിന്റെ നിരീക്ഷണങ്ങളോട് യോജിക്കുന്നതായും ട്രംപ് പറഞ്ഞു.
കോട്ട്സില് വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നത് ഉള്‍ക്കൊള്ളുമെന്നും ട്രംപ് പറയുന്നു. ട്രംപ്- പുടിന് വീണ്ടുമൊരു കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഹെല്‍സിങ്കിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണം പുടിനും ട്രംപും തള്ളിയിരുന്നു. ഇതുസംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങള്‍ വെറുതെയാണെന്നും ഇരുനേതാക്കളും പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ഈ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു. തനിക്ക് അബദ്ധം സംഭവിച്ചതാണെന്നും റഷ്യന്‍ ഇടപെടലുണ്ടായെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും ട്രംപ് പിന്നീട് വ്യക്തമാക്കി.