യെമന് ഭീഷണിയായി കോളറ; കുട്ടികളടക്കം ആയിരക്കണക്കിനാളുകള്‍ ഭീതിയില്‍
|കാട്ടുതീ പോലെ പടരുന്ന കോളറ നിയന്ത്രിക്കുന്നതിലും യെമനിലെ ആരോഗ്യമന്ത്രാലയം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്
മാരകമായ കോളറബാധ യെമന് ഭീഷണിയാകുന്നു. കാട്ടുതീ പോലെ പടരുന്ന കോളറ നിയന്ത്രിക്കുന്നതിലും യെമനിലെ ആരോഗ്യമന്ത്രാലയം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷവും കോളറ രാജ്യത്തെ പിടിച്ച് കുലുക്കിയിരുന്നു.
കുട്ടികളടക്കം ആയിരക്കണക്കിനാളുകള്‍ കോളറ ഭീതിയില്‍ കഴിയുന്നതായി ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ് കണ്ടെത്തിയിരിക്കുന്നത്. യെമനില്‍ കണ്ടെത്തിയ മാരകമായ കോളറ വ്യാപകമായി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും ബ്രിട്ടന്‍ കേന്ദ്രമായുള്ള സേവ് ദ ചില്‍ഡ്രന്‍ എന്ന് സന്നദ്ധ സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വരാനിരിക്കുന്ന ചൂട് കാലം കോളറ വളരെ പെട്ടെന്ന് പടര്‍ന്ന്പിടിക്കാന്‍ സാധ്യതയുണ്ട്. ജൂലൈ ആദ്യ ആഴ്ചയില്‍ മൂവായിരം പേര്‍ക്കാണ് യമനില്‍ കോളറ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം കോളറ ബാധയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
കാട്ടുതീ പോലെ രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന കോളറ ആയിരക്കണക്കിന് കുട്ടികളെ ഗുരുതരമായി ബാധിക്കുന്നതിനൊപ്പം രാജ്യത്തെ പരിതാപകരമായ നിലവിലെ ആരോഗ്യ സംവിധാനത്തെയും കൂടുതല്‍ താറുമാറാക്കും. യെമനിലെ ആശുപത്രി സംവിധാനങ്ങളും ഏറ്റവും മോശം അവസ്ഥയിലാണെന്ന് സന്നദ്ധ സംഘടന വ്യക്തമാക്കുന്നു. പല ആശുപത്രികളിലും കൃത്യമായ ചികിത്സാ സംവിധാനങ്ങളില്ല. ഡോക്ടര്‍മാര്‍ക്ക് പ്രതിഫലം കൃത്യമായി ലഭിക്കുന്നില്ല. ഫാര്‍മസികളിലെ സ്റ്റോക്കിലും വലിയ കുറവ് നേരിടുന്നു. വൈദ്യുതി മുടക്കവും രാജ്യത്ത് പതിവാണ്. കഴിഞ്ഞ വര്‍ഷം പത്ത് മില്യണ്‍ ജനങ്ങള്‍ക്കാണ് യമനില്‍ കോളറ ബാധിച്ചത്.