ലാവോസില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ 26 പേര്‍ മരിച്ചു
|3000 ത്തിലധികം ആളുകളെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്
ഏഷ്യന്‍ രാജ്യമായ ലാവോസില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ 26 പേര്‍ മരിച്ചു. 3000 ത്തിലധികം ആളുകളെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ലാവോസില്‍ അറ്റപെയ് പ്രവിശ്യയിലെ ഷെ പിയാന്‍ നമ്നോയ് ഡാം ആണ് തിങ്കളാഴ്ച തകര്‍ന്നത്. 7 ഗ്രാമങ്ങളാണ് വെളളം കയറി നശിച്ചത്. വെള്ളപൊക്കത്തില്‍ പെട്ട് 26 പേര്‍ മരിച്ചു, 3000 ത്തിലധികം ആളുകളെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. 2851 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. 20 വീടുകള്‍ പൂര്‍ണ്ണമായും 223 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 14 പാലങ്ങള്‍ തകര്‍ന്നതിനാല്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
ശക്തമായ മഴ മൂലം ഡാമിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നിരുന്നു. നിർമ്മാണത്തിലുണ്ടായിരുന്ന ഡാമിന് ഏകദേശം അഞ്ച് ബില്ല്യൻ ക്യുബിക് മീറ്ററാണ് സംഭരണ ശേഷി, ഇത് കടന്നതോടെയാണ് ഡാം തകര്‍ന്നത് . മേഖലയില്‍ ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സനാക്സായി ജില്ലയിലെത്തി. ഷെ പിയാന്‍ നമ്നോയ് ഡാം തകര്‍ന്നതോടേ രാജ്യത്തെ മറ്റ് ഡാമുകളുടെ സുരക്ഷയെ കുറിച്ചും ചോദ്യം ഉയര്‍ന്നിരിക്കുകയാണ്, മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.