International Old
ഇസ്രയേല്‍ സൈന്യം 14 കാരനായ ഫലസ്തീനിയെ വെടിവെച്ചു കൊന്നു
International Old

ഇസ്രയേല്‍ സൈന്യം 14 കാരനായ ഫലസ്തീനിയെ വെടിവെച്ചു കൊന്നു

തശ്രീഫ് കിടങ്ങയം
|
28 July 2018 3:51 AM GMT

സമാധാനപരമായ പ്രതിഷേധത്തിന് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫലസ്തീനികള്‍ പറഞ്ഞു. അതേസമയം, ആക്രമണം ഫലസ്തീനികള്‍ക്ക് നേരെയല്ലെന്നും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നുവെന്നും

ഇസ്രയേല്‍ - ഫലസ്തീല്‍ സംഘര്‍ഷത്തിന് അയവില്ല, ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 100 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.

14 വയസുള്ള കുട്ടിയുള്‍പ്പെടെ രണ്ട് പേരാണ് ഇസ്രയേലിന്‍റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 1000 ത്തോളം വരുന്ന ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ വെടിവെപ്പ്. തുടര്‍ന്ന് ടിയര്‍ ഗ്യസുകളും ബോംബുകളും പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായി. ആക്രമണത്തില്‍ 100 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമെന്നും ഗസയിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സമാധാനപരമായി നടന്ന പ്രതിഷേധത്തിന് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫലസ്തീനികള്‍ പറഞ്ഞു. അതേസമയം, ആക്രമണം ഫലസ്തീനികള്‍ക്ക് നേരെയല്ലെന്നും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു എന്നുമാണ് ഇസ്രയേല്‍ വാദം. ഇതിന്‍റെ ഭാഗമായി ശക്തമായ വ്യോമാക്രമണമാണ് ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യവെച്ച് ഇസ്രയേല്‍ നടത്തുന്നത്.

ഇസ്രയേലില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് ജന്‍മനാട്ടില്‍ തിരികെയെത്താന്‍ അവകാശം വേണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30 മുതല്‍ ഗസ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ നടന്നുവരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ ഇതിനകം 140 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 16,000 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.

Similar Posts