വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഇസ്രായേല്‍; 400 പുതിയ വീടുകള്‍ നിര്‍മിക്കും
|വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഇസ്രായേല്‍. 400 പുതിയ വീടുകള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ഒരു ഇസ്രായേല്‍ പൌരന് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഫലസ്തീന് കൌമാരക്കാരനാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഈ ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി അവിഗ്ഡോര്‍ ലീബെര്മാനാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ആക്രമണങ്ങള്‍ക്കുള്ള ശരിയായ മറുപടി ഇതാണെന്നായിരുന്നു ലീബെര്മാന്റെ ട്വീറ്റ്. വെസ്റ്റ്ബാങ്കിലെ ഇസ്രായേലിന്റെ നിര്‍മാണങ്ങളെല്ലാം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്.
ഭാവിയില്‍ ഫലസ്തീന് എന്ന രാജ്യം കെട്ടിപ്പടുക്കുന്നതിന് ഇസ്രായേലിന്റെ അനധികൃത നിര്‍മാണങ്ങൾ തടസ്സമാകുമെന്ന് ഫലസ്തീനും ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഫലസ്തീനിലെ കോബാര്‍ ഗ്രാമത്തില്‍ താമസിക്കുന്ന അഹമ്മദ് താരിഖ് യൂസുഫ് അബൂ അയ്യുഷ് എന്ന പതിനേഴുകാരന് വീട്ടിലേക്ക് അതിക്രമിച്ച് കയറി മൂന്ന് ഇസ്രായേല്‍ പൌരന്മാരെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. അബൂ അയ്യൂഷിനെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.