International Old
ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്‍റെ പ്രതീകം, തമീമി ജയില്‍മോചിതയായി
International Old

ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്‍റെ പ്രതീകം, തമീമി ജയില്‍മോചിതയായി

Web Desk
|
29 July 2018 11:21 AM GMT

നീ എങ്ങനെയാണ് ഞങ്ങളുടെ സൈനികരെ മര്‍ദിച്ചത് ? അവളുടെ മറുപടി ഇങ്ങനെയായിരുന്നു: എന്‍റെ വിലങ്ങ് അഴിക്കൂ.. സൈനികരെ മര്‍ദിച്ചത് എങ്ങനെയാണെന്ന് കാണിച്ചു തരാം. 

നീ എങ്ങനെയാണ് ഞങ്ങളുടെ സൈനികരെ മര്‍ദിച്ചത് ? ഇസ്രയേല്‍ സൈനികരുടെ മുഖത്തടിച്ച പതിനാറുകാരിയോട് ജഡ്ജി ചോദിച്ചു. അവളുടെ മറുപടി ഇങ്ങനെയായിരുന്നു: എന്‍റെ വിലങ്ങ് അഴിക്കൂ.. സൈനികരെ മര്‍ദിച്ചത് എങ്ങനെയാണെന്ന് കാണിച്ചു തരാം. അഹദ് തമീമി... ഈ പേര് ലോകം ഒരിക്കല്‍ കൂടി കേട്ടുതുടങ്ങിയത് ഇസ്രയേല്‍ കോടതിയില്‍ അരങ്ങേറിയ ആ വിചാരണ വേളയില്‍ നിന്നാണ്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന്‍റെ നേര്‍പ്രതീകമായി ലോകം തമീമിയെ അവരോധിച്ചു. മാസങ്ങളായി ഇസ്രയേല്‍ ജയിലിലായിരുന്നു തമീമി.

അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതൊന്നും വകവെക്കാതെയായിരുന്നു തമീമിയെ ഇസ്രയേല്‍ എട്ടു മാസം തടവിലാക്കിയത്. ഒടുവില്‍ ഇന്ന് തമീമി ജയില്‍ മോചിതയായി. മാതാവ് നാരിമാനൊപ്പമാണ് തമീമിയെ വിട്ടയച്ചത്. റമല്ലയിലെ നബി സലേഹില്‍ തന്നെ സ്വീകരിക്കാന്‍ കാത്തുനിന്ന ജനക്കൂട്ടത്തെ കണ്ട് തമീമി വിതുമ്പി പോയി. ജയില്‍വാസ കാലയളവില്‍ തനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമങ്ങള്‍ക്കും തമീമി നന്ദി പറഞ്ഞു.

''എനിക്ക് വളരെ സന്തോഷമുള്ള നിമിഷങ്ങളാണിത്'' തമീമിയുടെ പിതാവ് ബസീം പറഞ്ഞു. പക്ഷേ തങ്ങളുടെ മണ്ണില്‍ ഇസ്രയേല്‍ അധിനിവേശം തുടരുന്നതില്‍ ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറിലാണ് 16കാരി അഹദ് തമീമി അറസ്റ്റിലായത്. നബി സലേഹിലെ വീടിന് മുന്നിലുണ്ടായിരുന്ന ഇസ്രയേലി സൈനികരോട് പ്രതിഷേധിച്ചതിനായിരുന്നു അറസ്റ്റ്. തമീമിക്ക് പിന്നാലെ മാതാവ് നാരിമനും അറസ്റ്റിലായിരുന്നു. ബന്ധുവായ 15കാരനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചതിനാണ് സായുധരായ രണ്ട് സൈനികര്‍ക്കെതിരെ പ്രതിഷേധവുമായി തമീമി രംഗത്തെത്തിയത്. കയ്യേറ്റമുള്‍പ്പെടെ 12 കുറ്റങ്ങളാണ് അഹദ് തമീമിക്കെതിരെ ചുമത്തിയിരുന്നത്.

Related Tags :
Similar Posts