International Old
“നിനക്ക് ടോയ്‌ലെറ്റിന്റെ മണമാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്”: സ്റ്റീവ് ജോബ്‌സിനെതിരെ വെളിപ്പെടുത്തലുമായി മകൾ
International Old

“നിനക്ക് ടോയ്‌ലെറ്റിന്റെ മണമാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്”: സ്റ്റീവ് ജോബ്‌സിനെതിരെ വെളിപ്പെടുത്തലുമായി മകൾ

Web Desk
|
3 Aug 2018 3:37 PM GMT

പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘സ്മാൾ ഫ്രൈ’ എന്ന ഓർമ്മപ്പുസ്തകത്തിലാണ് ലിസ അച്ഛനുമായുള്ള ബന്ധത്തിന്റെ കയ്പേറിയ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

ഒരു ലക്ഷം കോടി ഡോളർ വിറ്റുവരവുള്ള ലോകത്തിലെ ആദ്യ കമ്പനി എന്ന അസൂയാവഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ടെക് രംഗത്തെ ഭീമനായ ആപ്പിൾ. 1976 ൽ സുഹൃത്ത് സ്റ്റീവ് വൊസ്നിക്കിയാവിനോപ്പം തന്റെ ഗാരേജിലാണ് സ്റ്റീവ് ജോബ്സ് എന്ന അതിമാനുഷൻ ആപ്പിൾ കമ്പനി ആരംഭിക്കുന്നത്. ആപ്പിളിനെ ലോകോത്തര കമ്പനിയായി വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് സ്റ്റീവ് ജോബ്‌സിന്റെ അസാമാന്യ ചിന്താശേഷിയും വൈദഗ്ധ്യവും തന്നെയാണെന്നത് വസ്തുതയാണ്.

എന്നാൽ, തന്നോടുള്ള സമീപനത്തിൽ അച്ഛൻ വെറും പരാജയമായിരുന്നു എന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സ്റ്റീവ് ജോബ്‌സിന്റെ മൂത്ത മകൾ ലിസ ബ്രണ്ണൻ ജോബ്സ്. തന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന 'സ്മാൾ ഫ്രൈ' എന്ന ഓർമ്മപ്പുസ്തകത്തിലാണ് ലിസ അച്ഛനുമായുള്ള ബന്ധത്തിന്റെ കയ്പേറിയ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ വാനിറ്റി ഫെയർ പ്രസിദ്ധീകരിച്ച ഒരു ഭാഗത്തു ലിസ പറയുന്നത് അച്ഛൻ തന്റെ അസ്തിത്വത്തെ പോലും അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു എന്നാണ്. താൻ വന്ധ്യത ഉള്ള ആളാണെന്നു പോലും അച്ഛൻ പറഞ്ഞിരുന്നു എന്നാണ് അവർ പറയുന്നത്. ലിസ തന്റെ മകളാണെന്ന് പിതൃത്വ പരിശോധനയിൽ തെളിഞ്ഞിട്ടു പോലും അദ്ദേഹം തന്നെ അംഗീകരിക്കാൻ തയ്യാറായില്ല എന്നും അവർ ആരോപിക്കുന്നു.

1980 ഡിസംബർ 8 ന് ആപ്പിളിന്റെ വിജയത്തോടെ സ്റ്റീവ് ജോബ്സ് സമ്പന്നനാവുന്നതിന് നാലു ദിവസം മുമ്പാണ് തന്റെ സംരക്ഷണത്തിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട രേഖകളിൽ അച്ഛൻ തീർപ്പുണ്ടാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞതായും ലിസ പുസ്തകത്തിൽ പറയുന്നുണ്ട്. പണത്തിന്റെയും ഭക്ഷണത്തിന്റെയും വാക്കുകളുടെയും കാര്യത്തിൽ അച്ഛൻ തന്നോട് ഒരു ഉദാരതയും കാണിച്ചിട്ടില്ല, ലിസ പറയുന്നു.

സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന പോർഷെ കാർ അദ്ദേഹത്തിന് ആവശ്യമില്ലാതെ വരുമ്പോൾ ഉപയോഗിക്കാമോ എന്ന് ചോദിച്ച മകളോട് നിനക്കൊന്നും കിട്ടാൻ പോകുന്നില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതത്രെ. 1987 ൽ, ലിസക്ക് ഒമ്പത് വയസ്സ് പ്രായമുള്ളപ്പോൾ മാത്രമാണ് അവർ തന്റെ മകളാണെന്ന് അംഗീകരിക്കാൻ സ്റ്റീവ് ജോബ്സ് തയ്യാറായത്. മരിക്കുന്നത് വരെ തന്നോട് അകന്ന ബന്ധം മാത്രമാണ് അച്ഛൻ കാത്തുസൂക്ഷിച്ചത് എന്നാണ് ലിസ ബ്രണ്ണൻ പറയുന്നത്. പാൻക്രിയാസ് കാൻസർ ബാധിതനായി ആശുപത്രിയിൽ കിടക്കുന്ന അച്ഛനെ സന്ദർശിക്കാൻ പോയ ലിസയോട് നിന്റെ പെർഫ്യൂമിന് ടോയ്‌ലെറ്റിന്റെ മണമാണ് എന്നാണ് സ്റ്റീവ് ജോബ്സ് പറഞ്ഞത്.

സ്റ്റീവ് ജോബ്‌സിന് തന്റെ ആദ്യ കാമുകിയായ ക്രിസൺ ബ്രെണ്ണനിൽ പിറന്ന കുഞ്ഞാണ് ലിസ ബ്രണ്ണൻ ജോബ്സ്. 1978 ൽ ഒറിഗോണിലാണ് ലിസയുടെ ജനനം. ലിസയുടെ അമ്മ ഗർഭിണിയായപ്പോൾ അവരെ ഉപേക്ഷിക്കുകയായിരുന്നു സ്റ്റീവ് ജോബ്സ്. പിന്നീട് വിവാഹം കഴിച്ച ലൗറേൻ പോവെല്ലിൽ മൂന്ന് കുട്ടികളുണ്ട് സ്റ്റീവ് ജോബ്‌സിന്. ബിസിനസ്സ് ഇൻസൈഡർ പറയുന്നത് പ്രകാരം ജോബ്‌സിന്റെ എല്ലാ സൗഭാഗ്യങ്ങളും അദ്ദേഹത്തിന്റെ മരണശേഷം കിട്ടിയത് ഇവർക്കാണ്.

അച്ഛനുമായി സാധാരണ ഒരു ബന്ധം മാത്രമേ താൻ ആഗ്രഹിച്ചിരുന്നുള്ളൂ എന്നും എന്നാൽ അച്ഛൻ തന്നോട് ഒരിക്കലും സ്നേഹത്തോടെ പെരുമാറിയിട്ടില്ലെന്നും ലിസ പറയുന്നു. മാക്കിന് മുമ്പ് ആപ്പിൾ അവതരിപ്പിച്ച ലിസ കമ്പ്യൂട്ടറിന് തന്റെ പേരാണോ ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, അല്ല കുട്ടീ എന്നായിരുന്നു അച്ഛന്റെ മറുപടി, ലിസ ഓർക്കുന്നു. എന്നാൽ ആപ്പിളിന്റെ ആദ്യത്തെ പേർസണൽ കമ്പ്യൂട്ടറായ ലിസക്ക് മകളുടെ പേര് തന്നെയാണ് നൽകിയതെന്ന് സ്റ്റീവ് ജോബ്സ് പിന്നീട് വർഷങ്ങൾക്ക് ശേഷം സമ്മതിച്ചു.

ലിസയുടെ പുസ്തകം സെപ്തംബർ 4 ന് പ്രകാശിതമാവും. പാൻക്രിയാസ് കാൻസർ ബാധയെ തുടർന്ന് 2011 ൽ അമ്പത്തിയാറാമത്തെ വയസ്സിലാണ് സ്റ്റീവ് ജോബ്സ് അന്തരിച്ചത്.

Similar Posts