International Old
ഇന്ത്യന്‍ രൂപ കൊണ്ട് രാജാവിനെ പോലെ യാത്ര ചെയ്യാവുന്ന ഏഴു രാജ്യങ്ങള്‍ഇന്ത്യന്‍ രൂപ കൊണ്ട് രാജാവിനെ പോലെ യാത്ര ചെയ്യാവുന്ന ഏഴു രാജ്യങ്ങള്‍
International Old

ഇന്ത്യന്‍ രൂപ കൊണ്ട് രാജാവിനെ പോലെ യാത്ര ചെയ്യാവുന്ന ഏഴു രാജ്യങ്ങള്‍

Web Desk
|
4 Aug 2018 12:26 PM GMT

യാത്ര ഇഷ്ടപ്പെടുന്നവരായിരിക്കും മിക്കവരും. അവധി കിട്ടുമ്പോഴൊക്കെ യാത്ര പോകുന്ന ഒരു കൂട്ടരുണ്ട്. ജോലി ഉപേക്ഷിച്ച് നാട് കാണാന്‍ നടക്കുന്നവരുമുണ്ട്. വിദേശരാജ്യങ്ങളൊക്കെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കിലും പണം ആയിരിക്കും പലരുടെയും പ്രശ്നം. എന്നാല്‍ ഇന്ത്യന്‍ രൂപക്ക് മൂല്യം കൂടുതലുള്ള മനോഹര രാജ്യങ്ങളുണ്ട്. ഇവിടേക്കാണ് പോകുന്നതെങ്കില്‍ രൂപ കൊണ്ട് രാജാവിനെ പോലെ യാത്ര ചെയ്യാം. ഇത്തരത്തിലുള്ള ഏഴു രാജ്യങ്ങളാണ് ഇവിടെ പറയുന്നത്.

ഭൂട്ടാന്‍

ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ രാജ്യമാണ് ഭൂട്ടാന്‍. നീലാകാശത്തെ ചുംബിച്ച് നില്‍ക്കുന്ന മലനിരകളും മൊണാസ്ട്രികളും പ്രകൃതിരമണീയതയുമൊക്കെയായി സമ്പന്നമാണ് ഭൂട്ടാന്‍. രാജപ്രതാപമാണ് ഭൂട്ടാനെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെ ഭൂട്ടാന്റെ സംസ്കാരവും പാരമ്പര്യവുമൊക്കെ വിളിച്ചോതും. ചരിത്രാന്വേഷികളുടെ പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ഭൂട്ടാന്‍. ബുദ്ധ സംസ്‍കാരത്തിന്റെ ഈറ്റില്ലം കൂടിയാണ് ഈ രാജ്യം. ഇന്ത്യക്കാര്‍ക്ക് ഇവിടം സന്ദര്‍ശിക്കുന്നതിന് പാസ്‍പോര്‍ട്ട് നിര്‍ബന്ധമല്ല. ഇലക്ഷന്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ മതിയാകും. ഇന്ത്യന്‍ രൂപക്ക് ഏകദേശം അതേ മൂല്യം തന്നെയാണ് ഭൂട്ടാന്‍ കറന്‍സിക്കുമുള്ളത്.

കംബോഡിയ

ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് കംബോഡിയ. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം 'അങ്കോര്‍ വാറ്റിനെ' നെറ്റിപ്പട്ടമാക്കിയ നാട്. നഗരവത്കരണം ശ്വാസംമുട്ടിക്കുന്നവര്‍ക്ക് ആശ്വാസമാകും ഇവിടേക്കുള്ള സഞ്ചാരം. ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. മിക്കതിന്റെയും ചുമരുകളില്‍ ഇന്ത്യന്‍ പൌരാണികകഥകളാണ് ചുമര്‍ശില്‍പങ്ങളായി സ്ഥാനംപിടിച്ചിട്ടുള്ളത്. അതില്‍ തന്നെ ബുദ്ധിസം കലര്‍ത്തിയ നിര്‍മാണങ്ങളുമുണ്ട്. കോ കേര്‍ ക്ഷേത്രസമുച്ചയം, അങ്കോര്‍ വാറ്റിനോട് സാമ്യമുണ്ടെങ്കിലും തകര്‍ന്നടിഞ്ഞ നിലയിലായ ബംഗ് മെലിയ, രാജാവിഹാര എന്ന താ പ്രോം, പൂര്‍ണ്ണമായും മണല്‍ക്കല്ലില്‍ മലയുടെ ആകൃതിയില്‍ നിര്‍മ്മിച്ച താ കെയോ എന്നിങ്ങനെ കാണാന്‍ സ‍ഞ്ചാരികളെ കാത്തിരിക്കുന്നത് ഒരുപാട് സ്ഥലങ്ങളുണ്ട് ഇവിടെ. ഒരു ഇന്ത്യന്‍ രൂപക്ക് 63.70 കംബോഡിയന്‍ കറന്‍സിയാണ് മൂല്യം.

വിയറ്റ്നാം

സയന്‍സ് ഫിക്ഷന്‍ ഹോളിവുഡ് ചിത്രം അവതാറിലെ മലനിരകളെ പോലെ തോന്നുന്ന ഒരു സ്ഥലമുണ്ട് വിയറ്റ്നാമില്‍. ബലോങ് ബേയിലാണ് ഈ അത്ഭുതം. അനന്തമായ ജലപരവതാനിക്കിടയില്‍ തലയുയര്‍ത്തി പച്ചപ്പോടെ നില്‍ക്കുന്ന മലനിരകളെ ഇവിടെ കാണാം. ഭക്ഷണപ്രിയര്‍ക്ക് ധൈര്യപൂര്‍വം കടന്നുചെല്ലാം. ലോകത്ത് ഏറ്റവും രുചിയുള്ള കാപ്പി കുടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വിയറ്റ്നാം നിങ്ങളെ സ്വാഗതം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരാണ് ഈ രാജ്യം. വിയറ്റ്നാമിലെ തെരുവോര കടകളില്‍ നിന്ന് രുചിയേറിയ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ഇവിടേക്ക് പറന്നെത്തുന്ന സ‍ഞ്ചാരികളുമുണ്ട്. ഇവിടെ ഒരു ഇന്ത്യന്‍ രൂപക്ക് 353 വിയറ്റ്നാം കറന്‍സിയാണ് വിനിമയമൂല്യം. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്ന ഇന്ത്യക്കാര്‍ക്ക് രാജാക്കന്‍മാരെ പോലെ വിലസാം.

ശ്രീലങ്ക

ഇന്ത്യയില്‍ നിന്ന് മരതകദ്വീപിന്റെ വശ്യത ആസ്വദിക്കാന്‍ പോകുന്ന സഞ്ചാരികളുടെ എണ്ണം കുറവല്ല. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലങ്കയുടെ നിഗൂഡതകളിലേക്ക് സ്വന്തമായി യാത്ര ചെയ്യാം. റാഫ്റ്റിങ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിങ്, മലകയറ്റം എന്നിങ്ങനെ ഒട്ടേറെയുണ്ട് സാഹസികരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍. വനങ്ങള്‍ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്ക് പോകാം. കരയിലെ ഏറ്റവും വലിയ മൃഗമായ ആനയോടും കടലിലെ രാജാക്കന്‍മാരായ തിമിംഗലത്തോടും സഞ്ചാരികള്‍ക്ക് ഇവിടെ കൂട്ടുകൂടാം. പാരമ്പര്യത്തെ കൂട്ടുപിടിച്ചുള്ള വികസനമാണ് ശ്രീലങ്ക പിന്തുടരുന്നത്. 2.39 ശ്രീലങ്കന്‍ റുപ്പീയാണ് ഒരു ഇന്ത്യന്‍ രൂപക്ക് ലഭിക്കുക.

കോസ്റ്റാറിക്ക

കണ്ണാടി പോലെ തിളങ്ങുന്ന കടല്‍ത്തീരങ്ങളും മഴക്കാടുകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങളും, ഭാഗ്യമുണ്ടേല്‍ തിളച്ചുമറിയുന്ന അഗ്നിപര്‍വതങ്ങളുമൊക്കെ കോസ്റ്റാറിക്കയിലെത്തുന്ന സ‍ഞ്ചാരികള്‍ക്ക് വിരുന്നൊരുക്കും. വികസനം ഒരുപാട് കടന്നെത്താത്ത രാജ്യമാണെങ്കിലും സഞ്ചാരികളുടെ ഇഷ്ടലക്ഷ്യസ്ഥാനമാണ് ഇവിടം. ഏതു മാസവും കോസ്റ്റാറിക്കയിലേക്ക് സ‍ഞ്ചാരികള്‍ക്ക് എത്താമെങ്കിലും ഒക്ടോബര്‍ മാസമാണ് ഏറ്റവും അനുയോജ്യം. പാര്‍ട്ടിയും ഡാന്‍സുമൊക്കെയായി അടിച്ചുപൊളിക്കാന്‍ തയാറെടുക്കുന്നവര്‍ക്കും യാത്രക്കായി കോസ്റ്റാറിക്ക തിരഞ്ഞെടുക്കാം. ഒരു ഇന്ത്യന്‍ രൂപക്ക് 8.93 കോസ്റ്റാറിക്കന്‍ കറന്‍സിയാണ് വിനിമയമൂല്യം.

നേപ്പാള്‍

നമ്മുടെ തൊട്ടടുത്ത രാജ്യം. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ തനിപ്പകര്‍പ്പെന്നും പറയാം. വിസ പോലുള്ള കടമ്പകളൊന്നും ഇവിടെയില്ല. വനത്തിലേക്കൊരു ട്രക്കിങിന് താല്‍പര്യമുള്ള ആര്‍ക്കും ഇവിടേക്ക് വരാം. അതു വെറുമൊരു ട്രക്കിങ് മാത്രമായിരിക്കില്ല. ആത്മാവിനെ തൊട്ടറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏകാകിയായി കടന്നുചെല്ലാവുന്ന സ്ഥലം കൂടിയാണ് നേപ്പാള്‍. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളിലുള്ളത്. അതുകൊണ്ട് തന്നെ അവരുടെ കറന്‍സിയേക്കാള്‍ ഇന്ത്യന്‍ രൂപയെ ഇഷ്ടപ്പെടുന്നവരാണ് നേപ്പാളില്‍ കൂടുതലും. ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് ലഭിക്കുക. ആകാശം തൊട്ട് മേഘങ്ങളെ വകഞ്ഞുമാറ്റുന്ന മഞ്ഞുമലകളും നിഗൂഡതയില്‍ പൊതിഞ്ഞ യതിമനുഷ്യനുമൊക്കെ ആകര്‍ഷിക്കുന്ന നാടാണിത്.

ഇന്തോനേഷ്യ

പ്രകൃതിയുടെ വശ്യതയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ കെല്‍പ്പുള്ള നാട്. ദ്വീപുകളുടെ സ്വന്തം രാജ്യം. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയുമൊക്കെ ആരുടെയും മനസ് കവരും. അവിടെ എത്തിയ ശേഷം നിസാരമായ നടപടി ക്രമങ്ങളിലൂടെ വിസ എടുക്കാനും കഴിയും. ബാലിയാണ് ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം. ഇവിടുത്തെ ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ 'അഗ്നിപര്‍വത തടാക'വും ബ്രോമോ മലനിരകളുമൊക്കെ ആകര്‍ഷകമാണ്. 207.71 ഇന്തോനേഷ്യന്‍ റുപയ്യയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

Similar Posts