“അവനെന്റെ മകന്‍, എന്നില്‍ നിന്നും തെന്നിപ്പോയവന്‍” ലാദന്റെ ഉമ്മ ആദ്യമായി മനസ്സ് തുറക്കുന്നു
|ഉസാമയുടെ ബാല്യവും പിന്നീടുള്ള പരിവർത്തനവും ഇക്കാലയളവിൽ സ്വന്തം കുടുംബവും രാജ്യവും നേരിട്ട പ്രതിസന്ധികളെയും കുറിച്ച് വിവരിക്കുന്ന ലേഖനം ദി ഗാർഡിയൻ പത്രമാണ് പുറത്തുവിട്ടത്
രണ്ട് ദശകത്തോളം നീണ്ടു നിന്ന മൗനത്തിന് ശേഷം ഉസാമ ബിൻ ലാദന്റെ കുടുംബം ആദ്യമായി ഒരു അന്തര്‍ദേശീയ മാധ്യമത്തോട് തുറന്നു സംസാരിക്കുന്നു. ഉസാമയുടെ ബാല്യവും പിന്നീടുള്ള പരിവർത്തനവും ഇക്കാലയളവിൽ സ്വന്തം കുടുംബവും രാജ്യവും നേരിട്ട പ്രതിസന്ധികളെയും കുറിച്ച് വിവരിക്കുന്ന ലേഖനം ദി ഗാർഡിയൻ പത്രമാണ് പുറത്തുവിട്ടത്.
“വിശാലമായ മുറിയുടെ അറ്റത്ത് കടുംനിറങ്ങളുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ ഞങ്ങളെ കാത്തിരുന്നു. കടുംചുവപ്പ് നിറത്തിലുള്ള അവരുടെ ശിരോവസ്ത്രം മുന്നിലുള്ള ചില്ലലമാരയിൽ പ്രതിഫലിച്ച് കാണാമായിരുന്നു. അലമാരക്കകത്ത് വിലപിടിപ്പുള്ള കാഴ്ചവസ്തുക്കൾക്കിടയിൽ അവരുടെ മൂത്ത മകന്റെ ചിത്രം എടുത്തുനിന്നു. പട്ടാള വസ്ത്രത്തിലുള്ള ആ മകന്റെ ചിരിക്കുന്ന മുഖം മുറിയിലെ മറ്റും ചിത്രങ്ങളിലും കാണാമായിരുന്നു. ഞങ്ങൾക്കുള്ള പലഹാരങ്ങളും കേക്കും ഒരു വലിയ തടിമേശയിൽ ഒരുക്കിവെച്ചിരുന്നു.”
ചില്ലിട്ട ചിത്രങ്ങളിൽ ചിരിച്ചിരിക്കുന്ന ആ മനുഷ്യന്റെ പേരറിയാത്തവർ ഇന്ന് ചുരുക്കമാണ്. രണ്ട് ശതാബ്ദത്തോളം അൽ ഖാഇദ എന്ന ഭീകരസംഘടനയുടെ തലപ്പത്തിരുന്ന് ഉസാമ ബിൻ ലാദൻ ലോകത്തെ വിറപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബം വെള്ളിവെളിച്ചത്തിൽ നിന്ന് മാറിനിന്നു. മകന്റെ സംഘർഷഭരിതമായ ജീവിതത്തിനും അതു പോലെ തന്നെ നാടകീയമായ മരണത്തിനും ശേഷം ആദ്യമായി ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കുകയായിരുന്നു ഉസാമയുടെ മാതാവായ ആലിയ ഖാനേമും മറ്റു കുടുംബാംഗങ്ങളും. പഴയ മുറിവുകളില്‍ വീണ്ടും കുത്തിനോവിക്കപ്പെട്ടേക്കുമെന്ന് ഭയന്ന്, അഭിമുഖം നടത്തുന്നതിനുള്ള ശ്രമങ്ങളുമായി ഏറെ കരുതലോടെയാണ് കുടുംബം തുടക്കത്തില്‍ പ്രതികരിച്ചത്. ദിവസങ്ങള്‍ നീണ്ട വിശകലനങ്ങള്‍ക്കൊടുവിലാണ് ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മാർട്ടിൻ ചുലോവിക്ക് അഭിമുഖം നല്‍കുന്നതിന് കുടുംബം സന്നദ്ധത പ്രകടിപ്പിച്ചത്.
സൗദി അറേബ്യയുടെ ചരിത്രമറിയാവുന്നവർക്ക് 2001ൽ വേള്‍ഡ് ട്രൈഡ് സെന്റര്‍ ആക്രമിക്കപ്പെടുന്നതിന് മുൻപും ഏറെ പരിചിതമായ പേരാണ് “ബിൻ ലാദൻ”. ഇന്ന് കാണുന്ന രൂപത്തിലുള്ള സൗദി അറേബ്യയുടെ നിർമ്മിതിയിൽ പ്രധാന പങ്ക് വഹിച്ച നിർമ്മാണ കമ്പനിയുടെ ഉടമസ്ഥരാണ് ബിൻ ലാദന്‍ ഗ്രൂപ്പ്. അതിസമ്പന്നമായ ഈ കുടുംബത്തിലാണ് 1957 മാർച്ച് 10ന് ഉസാമ ജനിക്കുന്നത്.
പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും ആളുകളുടെ ഇടയിൽ അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു മകനെന്ന് ആലിയ ഖാനേം ഓർക്കുന്നു. ചെറുപ്പകാലത്തു തന്നെ ഉസാമ മതസംബന്ധമായ വിഷയങ്ങളിൽ താല്‍പര്യം കാണിച്ചിരുന്നു. എന്നാൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് സർവകാലാശാലയിലെ ഉപരിപഠന കാലം മകനെ മാറ്റിമറിച്ചു എന്നാണ് അവർ പറയുന്നത്.
“അവൻ നല്ലൊരു കുട്ടിയായിരുന്നു. പക്ഷെ ചില മൗലികവാദികള്‍ അവന്റെ ചിന്തകളെ സ്വാധീനിച്ചു. യുവത്വത്തിന്റെ പ്രാരംഭ കാലത്തായിരുന്നു അവനപ്പോള്‍. അവർക്ക് അവരുടെ കാര്യത്തിന് പണം കിട്ടി. അവരുമായി സൗഹൃദത്തിന് പോവരുതെന്ന് ഞാൻ പല തവണ അവനെ ഉപദേശിച്ചതാണ്. എന്നോട് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് ചെയ്തതിനെ പറ്റിയൊന്നും അവനെന്നോട് ഒരക്ഷരം മിണ്ടിയില്ല.” ഖാനേം പറയുന്നു.
ഉസാമയുടെ രണ്ടു സഹോദരങ്ങളും മൂന്നു പേരെയും വളർത്തിക്കൊണ്ടു വന്ന അവരുടെ രണ്ടാനച്ഛനും അവർക്കരികിൽ ഇരുന്നു. എല്ലാവരുടെയും നോട്ടം എഴുപതിൽ കൂടുതൽ പ്രായമുള്ള ആലിയ ഖാനേമിലേക്കായിരുന്നു. ചെറിയ പെരുന്നാൾ ആഘോഷം കഴിഞ്ഞു പോയതിന്റെ അടയാളമായി ഈന്തപ്പഴത്തിന്റെയും ചോക്ലേറ്റുകളുടെയും പാത്രങ്ങൾ ജിദ്ദയിലെ അതിസമ്പന്നർ താമസിക്കുന്ന തെരുവിലെ അവരുടെ വലിയ വീട്ടിലെ മേശകളിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു.
വിവർത്തകനെ കൂടാതെ സൌദി ഭരണകൂടത്തിന്റെ ഒരു പ്രതിനിധി കൂടി മുറിയിലുണ്ടായിരുന്നു. ഉസാമ ബിൻ ലാദന്റെ വളർച്ചയിലൂടെ സൌദി അറേബ്യയുടെ പ്രതിച്ഛായക്ക് സംഭവിച്ച ഇടിവ് നേരെയാക്കാനുള്ള മുഹമ്മദ് ബിൻ സൽമാനു കീഴിലുള്ള പുതിയ നേതൃത്വത്തിന്റെ അതിയായ താത്പര്യം കൂടിയാണ് തനിക്ക് അഭിമുഖം നേടിത്തന്നതെന്ന് ലേഖകൻ രേഖപ്പെടുത്തുന്നുണ്ട്. ഉസാമ ബിൻ ലാദൻ തങ്ങളുടെ പ്രതിനിധിയല്ല, തങ്ങളിൽ നിന്ന് പുറംതള്ളപ്പെട്ടവനാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള സൗദി ഭരണകൂട ശ്രമത്തിന്റെ ഭാഗമായിട്ട് കൂടിയാണ് വർഷങ്ങൾക്ക് ശേഷം ഉസാമയുടെ കുടുംബം മൌനം മുറിക്കുന്നത്.
സർവകലാശാലയിലെ പഠനകാലത്തിന് ശേഷം 1980കളിൽ റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതാൻ പോയ ഉസാമയെ അത്യന്തം അഭിമാനത്തോടെയാണ് കുടുംബം വീക്ഷിച്ചത്. സൗദി ഭരണകൂടവും അവനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു.
“പിന്നീടാണ് ഉസാമ എന്ന മുജാഹിദ് പിറന്നത്,” സഹോദരനായ ഹസൻ പറയുന്നു. “ഒരു സഹോദരൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ട്. എന്നാൽ ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ച് അങ്ങനെ തോന്നാറില്ല. അദ്ദേഹം ലോകം മുഴുവൻ പ്രസിദ്ധനായി. പക്ഷെ അതുകൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടായില്ല,” മൂത്ത സഹോദരനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രതിഫലിപ്പിക്കാൻ ഹസന് എളുപ്പത്തിൽ സാധിക്കുന്നുണ്ടായിരുന്നില്ല.
“അവൻ പഠിക്കാൻ നല്ല മിടുക്കനായിരുന്നു. കയ്യിലുള്ള പണം മുഴുവൻ അവൻ അഫ്ഗാനിസ്ഥാനിലാണ് ചെലവഴിച്ചത്. കച്ചവട കാര്യത്തിന് പോവുകയാണെന്ന് പറഞ്ഞാണ് പോവുക,” മാതാവ് ഖനേം പറയാൻ തുടങ്ങി. “അവനിങ്ങനെ ആവുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.”
മകന്‍ ശരിക്കും ആരാണെന്ന് മനസ്സിലായപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തിന് ഉമ്മ ഇങ്ങനെ പ്രതികരിച്ചു; “ഞാൻ അങ്ങേയറ്റം അസ്വസ്ഥയായിരുന്നു. ഇങ്ങനെയൊന്നും സംഭവിക്കണമെന്ന് ഞാൻ സ്വപ്നത്തില്‍ പോലും ആഗ്രഹിച്ചതല്ല. അവനെന്തിനാണ് ഉണ്ടായിരുന്നതെല്ലാം ഇങ്ങനെ വലിച്ചെറിഞ്ഞത്?” അവർ ചോദിക്കുന്നു.
1950കളുടെ മധ്യത്തിലാണ് സിറിയയില്‍ നിന്ന് ശിയ അലവിയായ ആലിയാ ഖാനേം സൗദിയിലേക്ക് താമസം മാറുന്നത്. ഉസാമ ജനിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം ഭർത്താവിനെ വിവാഹമോചനം ചെയ്ത് അവർ ബിൻ ലാദൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് അൽ-അത്താസിനെ വിവാഹം ചെയ്തു. ഉസാമയുടെ പിതാവ് വീണ്ടും വിവാഹം കഴിച്ചു- 11 തവണ. ഉസാമക്ക് പിതാവ് വഴി 53 സഹോദരങ്ങളുണ്ട്.
പ്രായം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ആലിയ ഖാനേം അടുത്ത മുറിയിൽ വിശ്രമിക്കാൻ പോയ സമയത്ത് ഉസാമയുടെ സഹോദരങ്ങൾ ലേഖകനോട് കൂടുതൽ മനസ്സ് തുറന്നു. ഒരു മാതാവ് എന്ന നിലയിൽ നിഷ്പക്ഷമായി കാര്യങ്ങൾ കാണാൻ അവർക്ക് സാധിക്കില്ലെന്ന് സഹോദരങ്ങൾക്കും രണ്ടാനച്ഛനും അറിയാം.
“9/11 കഴിഞ്ഞിട്ട് 17 വർഷങ്ങളായി. ഇപ്പോഴും ഉസാമയുടെ യാഥാർത്ഥ്യം അംഗീകരിക്കാൻ ഉമ്മ തയ്യാറായിട്ടില്ല. അവർ അദ്ദേഹത്തെയല്ല, അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നവരെയാണ് കുറ്റപ്പെടുത്തുന്നത്. നമ്മളെല്ലാവരും കണ്ട അദ്ദേഹത്തിന്റെ നല്ല വശമാണ് ഉമ്മയും കണ്ടത്. ഭീകരവാദി ആയ അദ്ദേഹത്തിന്റെ മുഖം അവർ കണ്ടിട്ടില്ല,” രണ്ടാമത്തെ സഹോദരനായ അഹ്‍മദ് പറയുന്നു. 1999ലാണ് കുടുംബം അഫ്ഗാനിസ്ഥാനിലെ കാന്തഹാറിന് പുറത്തുള്ള ഒരു വിമാനത്താവളത്തിനടുത്തു വെച്ച് അവസാനമായി ഉസാമയെ കാണുന്നത്. റഷ്യയില്‍ നിന്ന് മുഹാജിദുകള്‍ പിടിച്ചെടുത്ത പ്രദേശമായിരുന്നു അത്. അവിടെയുണ്ടായിരുന്ന എല്ലാ ദിവസവും അവന്‍ ഞങ്ങളെ പലയിടങ്ങളിലും കൊണ്ടുപോയി, നന്നായി സല്‍ക്കരിച്ചു.
ആ ദിവസം - 2001 സെപ്‌റ്റംബർ 9 - ബിന്‍ ലാദന്‍ കുടുംബം ഒരിക്കലും മറക്കില്ല. ഓരോ വാർത്തകളും നടുക്കത്തോടെയും ഞെട്ടലോടെയുമാണ് കുടുംബം ശ്രവിച്ചത്. “ആദ്യത്തെ 48 മണിക്കൂറിൽ തന്നെ ഇതിന് പിന്നിൽ ഉസാമയാണെന്ന് ഞങ്ങൾക്ക് ഉറപ്പായിക്കഴിഞ്ഞിരുന്നു. പ്രായഭേദമന്യേ കുടുംബത്തിലെ എല്ലാവര്‍ക്കും അവനെയോർത്ത് ലജ്ജ തോന്നി. ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് അന്നേ ഞങ്ങൾക്കറിയാമായിരുന്നു,” അഹ്‍മദ് പറയുന്നു.
സിറിയയിലും ലബനാനിലും ഈജിപ്തിലും യൂറോപ്പിലും ചിതറിക്കിടക്കുകയായിരുന്ന ബിൻ ലാദൻ കുടുംബാംഗങ്ങളെല്ലാവരും ഉടൻ തന്നെ സൗദിയിലേക്ക് മടങ്ങി. അധികൃതർ അവരെ ചോദ്യം ചെയ്തു. കുറച്ചു കാലത്തേക്ക് രാജ്യം വിട്ടു പോകാൻ അവർക്ക് അനുമതിയുണ്ടായിരുന്നില്ല. എന്നാൽ വർഷങ്ങൾ കഴിഞ്ഞു പോയതോടെ രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും തിരിച്ചുവന്നിട്ടുണ്ട്.
****
1977 മുതൽ 2001 സെപ്‍റ്റംബര്‍ 1 (9/11 പത്ത് ദിവസം മുമ്പ്) വരെ സൗദി രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന പ്രിൻസ് തുർക്കി അൽ ഫൈസലുമായും ലേഖകൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. “ഒരിക്കലും ചിരിക്കാത്ത” ഉസാമ ബിൻ ലാദനെ അൽ ഫൈസൽ വ്യക്തമായി ഓർക്കുന്നു.
“രണ്ട് ഉസാമ ബിൻ ലാദനുകളുണ്ട്- അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം അവസാനിക്കുന്നതിന് മുൻപുള്ളതും ശേഷമുള്ളതും. ആദ്യത്തെ ഉസാമ ഒരു പോരാളിയല്ലായിരുന്നു. ഒരിക്കൽ പോരാട്ടത്തിനിടയിൽ താൻ ബോധരഹിതനായിട്ടുണ്ടെന്ന് ഉസാമ തന്നെ സമ്മതിച്ചിട്ടുണ്ട്,” അൽ ഫൈസൽ ഓർക്കുന്നു.
പിന്നീട് സുഡാനിലേക്ക് മാറിയപ്പോഴും സൗദി അറേബ്യയുമായുള്ള ബന്ധം വഷളായപ്പോഴും സൗദിക്കു വേണ്ടി ഉസാമയുമായി സംഭാഷണം നിലനിർത്തിയിരുന്നത് അൽ ഫൈസലാണ്. പിന്നീട് സെപ്തംബർ 11ന് ശേഷം പലപ്പോഴും ഈ സംഭാഷണങ്ങൾ സംശയത്തിന്റെ നിഴലിൽ വരികയും ചെയ്തു.
1990നു ശേഷം ഉസാമയുടെ കാഴ്ചപ്പാട് മാറിയെന്നും യമനിലെയും മറ്റും കമ്മ്യൂണിസ്റ്റുകളെയും മാർക്സിസ്റ്റുകളെയും ഒഴിപ്പിക്കണമെന്ന് ഉസാമ പറയാറുണ്ടായിരുന്നെന്നും അൽ ഫൈസൽ ലേഖകനോട് പറയുന്നുണ്ട്. അക്കാര്യങ്ങളിൽ ഇടപെടരുതെന്ന് അക്കാലത്തു തന്നെ അദ്ദേഹം ഉസാമയെ ഉപദേശിച്ചിരുന്നു. ജിദ്ദയിലെ പള്ളികളിൽ താലിബാൻ രീതിയിലുള്ള തീവ്ര മതവീക്ഷണം പ്രചരിപ്പിക്കാൻ ശ്രമിച്ചതിനെതിരെയും ഉസാമക്ക് താക്കീത് ലഭിച്ചിരുന്നു.
സുഡാനിൽ ഉസാമ തേൻ വ്യാപാരം ആരംഭിച്ചതും റോഡ് പണിതതും അൽ ഫൈസൽ ഓർക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ബിൻ ലാദൻ കുടുംബത്തിൽ നിന്ന് പല ശ്രമങ്ങളുമുണ്ടായെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം പറയുന്നു. 1996ല്‍ ഉസാമ അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തുമ്പോഴേക്കും അയാള്‍ പ്രശ്‌നക്കാരനാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയ സൗദി ഭരണകൂടം സ്വന്തം പൗരനെ തിരിച്ചു കിട്ടാന്‍ അല്‍ ഫൈസലിനെ കാന്തഹാറിലേക്ക് അയച്ചു. അവിടെ വെച്ച് അദ്ദേഹം അന്നത്തെ താലിബാന്‍ തലവനായിരുന്ന മുല്ലാ ഉമറിനെ കണ്ടുമുട്ടി. 'തിരിച്ചയക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷെ അദ്ദേഹം അഫ്ഗാന്‍ ജനതയെ വളരെയേറെ സഹായിച്ചിട്ടുണ്ട്,' എന്നായിരുന്നു അന്ന് മുല്ലാ ഉമറിന്റെ മറുപടി. ഇസ്‍ലാമിക നിയമങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ ഉസാമക്ക് അഭയം കൊടുത്തതെന്നും ഉമര്‍ വിശദീകരിച്ചു.
എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം സെപ്റ്റംബറില്‍ ഇതേ ആവശ്യവുമായി അല്‍ ഫൈസല്‍ അഫ്ഗാനിസ്താനിലേക്ക് ചെന്നപ്പോള്‍ തികച്ചും വ്യത്യസ്തനായ ഒരു മുല്ലാ ഉമറിനെയാണ് കണ്ടുമുട്ടിയത്. വിയര്‍ത്തൊലിച്ചു കൊണ്ട് അല്‍ ഫൈസലിന്റെ മുന്നില്‍ നിന്ന ഉമറിന് അധികമൊന്നും സംസാരിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. വികാരാതീതനായി ഉമര്‍ ചോദിച്ചു, 'മുസ്‍ലിംകളെ സഹായിക്കാന്‍ വേണ്ടി ജീവിതം മാറ്റി വെച്ച ഒരാളെ ഇങ്ങനെ വേട്ടയാടാന്‍ നിങ്ങള്‍ക്കെങ്ങനെ തോന്നുന്നു?' ഉമറിന്റെ പ്രവൃത്തികള്‍ അഫ്ഗാന്‍ ജനതയെ ദ്രോഹിക്കുമെന്ന് താക്കീത് ചെയ്തു കൊണ്ട് അല്‍ ഫൈസല്‍ മടങ്ങി.
അടുത്ത വർഷം താൻസാനിയയിലെയും കെനിയെയിലും അമേരിക്കൻ എംബസികൾക്ക് നേരെ നടന്ന ആക്രമണത്തിനു ശേഷം അൽ ഖാഇദയുടെ ഒരു താവളത്തിനു നേരെ യു.എസ് ബോംബാക്രമണം നടന്നു. അതിന് തൊട്ടുടനെയാണ് കാന്തഹാറിൽ വെച്ച് കുടുംബാംഗങ്ങള്‍ ഉസാമയെ കാണുന്നത്. പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കാത്ത ഉസാമയെ കുടുംബാംഗങ്ങൾക്ക് ഇത്ര വേഗം കണ്ടുമുട്ടാൻ സാധിച്ചതിലെ അതിശയവും ലേഖകൻ രേഖപ്പെടുത്തുന്നുണ്ട്.
സൗദി പൗരന്മാരെ ഉപയോഗിച്ച് പാശ്ചാത്യ- പൌരസ്ത്യ സമൂഹങ്ങൾക്കിടയിൽ പിളർപ്പുണ്ടാക്കാനാണ് സെപ്തംബർ 11ലെ ആക്രമണം വഴി ഉസാമ ലക്ഷ്യമിട്ടത്. അത് മനസ്സിൽ കണ്ടുകൊണ്ടാണ് ആക്രമണത്തിന് മുഖ്യമായും സൗദി പൗരന്മാരെ തെരഞ്ഞെടുത്തതെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
“ഒരു യുദ്ധം തുടങ്ങിവെക്കുന്നതിൽ ഉസാമ വിജയിച്ചു... പക്ഷെ അയാൾ ഉദ്ദേശിച്ചതു പോലുള്ള ഒരു യുദ്ധമല്ലായിരുന്നു അത്,” ഉദ്യോഗസ്ഥൻ പറയുന്നു.
ഭയാനകരമായ എന്തോ ഒരു സംഭവം നടക്കാൻ പോവുന്നതിന്റെ സൂചനകൾ സെപ്റ്റംബർ 11ന് മുൻപ് തന്നെ കിട്ടിയിരുന്നതായി അൽ ഫൈസൽ പറയുന്നുണ്ട്. “2001ൽ അമേരിക്കക്കാർക്കും ബ്രിട്ടീഷുകാർക്കും ഫ്രഞ്ചുകാർക്കും അറബികൾക്കുമെതിരെ കാര്യമായ എന്തോ സംഭവിക്കാൻ പോവുന്നതിനെ കുറിച്ച് ഞങ്ങൾക്ക് സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ എന്താണെന്നോ എവിടെയാണെന്നോ അറിയില്ലായിരുന്നു,” അദ്ദേഹം പറയുന്നു.
ഭയാനകരമായ എന്തോ ഒരു സംഭവം നടക്കാൻ പോവുന്നതിന്റെ സൂചനകൾ സെപ്റ്റംബർ 11ന് മുൻപ് തന്നെ കിട്ടിയിരുന്നതായി അൽ ഫൈസൽ പറയുന്നുണ്ട്. എന്നാൽ എന്താണെന്നോ എവിടെയാണെന്നോ അറിയില്ലായിരുന്നു.
ഉസാമ ദൈവത്തിന്റെ പ്രവർത്തിയാണ് ചെയ്തതെന്ന് വിശ്വസിക്കുന്ന ചില വിഭാഗങ്ങൾ ഇപ്പോഴും സൗദിയിൽ ഉണ്ടെന്നും ലേഖകൻ പറയുന്നുണ്ട്. മുൻ കിരീടാവകാശിയായ മുഹമ്മദ് ബിൻ നഈഫുമായി ബിൻ ലാദൻ കുടുംബത്തിന് നല്ല ബന്ധമുണ്ടായിരുന്നതിനാൽ ഉസാമ കൊല്ലപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന രണ്ട് ഭാര്യമാരെയും മക്കളെയും സൗദി അറേബ്യയിലേക്ക് തിരിച്ചു വരാൻ അനുവദിച്ചു. പക്ഷെ ജിദ്ദക്കകത്ത് നിൽക്കുകയല്ലാതെ രാജ്യം വിട്ടു പുറത്ത് പോവാൻ അവർക്കനുവാദമില്ല. ഉസാമയുടെ ഉമ്മയും സഹോദരങ്ങളും താമസിക്കുന്നതിന്റെ തൊട്ടടുത്തു തന്നെയാണ് അവരുടെ താമസം.
ഉസാമക്ക് രണ്ടാനച്ഛനിലുണ്ടായ സഹോദരി ഫാത്തിമ അൽ അത്താസ് അഭിമുഖത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചതിനെക്കുറിച്ചും ലേഖകൻ ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്. ഉസാമയുടെ ഇളയ മകനും ഇപ്പോൾ ആഗോള ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്ത ഹംസയാണ് അവരുടെ സംഭാഷണത്തിൽ ഉയർന്നു വന്ന മറ്റൊരു വിഷയം. ഉസാമയുടെ സഹോദരങ്ങൾ വിഷമത്തോടെ തലയാട്ടി.
ലാദൻ കുടുംബത്തോട് ഞാൻ ബിൻ ലാദന്റെ ഇപ്പോൾ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്റെ ഇളയ മകൻ 29 കാരനായ ഹംസയെ കുറിച്ച് ചോദിച്ചു. കഴിഞ്ഞ വര്‍ഷം അമേരിക്ക ഔദ്യോഗികമായി തീവ്രവാദി പട്ടം ചാർത്തിക്കൊടുത്ത ഹംസ, അൽ ഖാഇദയുടെ നിലവിലെ നേതാവും ഉസാമയുടെ മുൻ ഡെപ്യൂട്ടിയുമായ അയ്മൻ അൽസവാഹിരിയുടെ ആശീർവാദത്തോടെ പിതാവിന്റെ പാത തന്നെ തിരഞ്ഞെടുത്തതായാണ് വിവരം. "ഉസാമയോട് കൂടി എല്ലാം അവസാനിച്ചുവെന്നാണ് ഞങ്ങൾ കരുതിയത്. ഇപ്പൊ ഇതാ പിതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹംസ. പഴയ കാര്യങ്ങളൊക്ക വീണ്ടും ആവർത്തിക്കരുതെന്നാണ് എന്റെ ആഗ്രഹം. ഹംസ എന്റെ മുന്നിലുണ്ടായിരുന്നെങ്കിൽ ഞാനവനോട് പറയുമായിരുന്നു: ദൈവം നിനക്ക് നല്ല വഴി കാണിച്ചു തരട്ടെ മകനെ. നീ ചെയ്യുന്നതിനെ കുറിച്ച് രണ്ടു തവണ ആലോചിക്കുക. പിതാവിന്റെ പാത തന്നെ നീ പിന്തുടരരുത്. ഹിംസയുടെ മാർഗ്ഗത്തിലായിരിക്കും നീ ചെന്നുപെടുക", ഹസൻ പറഞ്ഞു.
ഭൂതകാലത്തിൽ നിന്ന് വിട്ടുവരാനുള്ള കുടംബത്തിന്റെ ശ്രമങ്ങൾക്കും ഉസാമ ബിൻ ലാദനെ രാജ്യം സൃഷ്ടിച്ചതല്ലെന്ന് തെളിയിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കും ഹംസ ബിൻ ലാദന്റെ പ്രവർത്തനങ്ങൾ ഒരു വലിയ വെല്ലുവിളിയാണ് എന്നു കൂടി ലേഖനത്തിന്റെ അവസാനം മാർട്ടിൻ ചലോവ് നിരീക്ഷിക്കുന്നുണ്ട്. ഉസാമയിലൂടെ തുടങ്ങിയ ശാപം മായിച്ചുകളയാൻ മാറ്റത്തിന്റെ പാതയിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന ഇന്നത്തെ സൗദി ഭരണകൂടം പ്രയാസപ്പെടുമെന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പോടെയാണ് ലേഖനം അവസാനിക്കുന്നത്.
തയ്യാറാക്കിയത്: സയാന്‍ ആസിഫ്