വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യത; കോക്സ് ബസാറില്‍ കഴിയുന്ന റോഹിങ്ക്യകളെ ഉടന്‍ മാറ്റണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്
|മ്യാന്‍മറിലെ രാഖൈനില്‍ ഉണ്ടായ സൈനിക നടപടിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്
ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ കഴിയുന്ന റോഹിങ്ക്യകളെ ഉടന്‍ മാറ്റണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. മഴക്കാലത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എച്ച്.ആര്‍.ഡബ്ള്യൂ ബംഗ്ലാദേശ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മ്യാന്‍മറിലെ രാഖൈനില്‍ ഉണ്ടായ സൈനിക നടപടിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇവര്‍ക്കായി കോക്സ് ബസാറിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഷെല്‍ട്ടറുകള്‍ ഒരുക്കിയത്. ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. ഇവരെ കൂടുതല്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ 68 പേജുള്ള റിപ്പോര്‍ട്ടില്‍ കോക്സ് ബസാറിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. റോഹിങ്ക്യന്‍ അഭയാര്‍ഥകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അഭയകേന്ദ്രങ്ങളും കുട്ടികള്‍ക്ക് വിദ്യാഭ്യസ സൌകര്യങ്ങളും ഒരുക്കണമെന്നും എച്ച്.ആര്‍.ഡബ്ള്യൂ ആവശ്യപ്പെടുന്നു.
വലിയ ക്യാമ്പുകള്‍ക്ക് പകരം ചെറിയ ചെറിയ ക്യാമ്പുകളിലേക്ക് റോഹിങ്ക്യകളെ മാറ്റണം. മഴശക്തമായാലുണ്ടാകുന്ന വെള്ളപ്പൊക്കവുംമണ്ണിടിച്ചലും ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളെ ബാധിക്കുമെന്നാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിഗമനം. കോക്സ് ബസാറില്‍ ഞെങ്ങിഞെരുങ്ങിയാണ് ആളുകള്‍ താമസിക്കുന്നതെന്ന് ബംഗ്ലാദേശ് ദുരന്ത നിവാരണ ചുമതലയുള്ള മന്ത്രി മുഹ്മദ് അബ്ദുല്‍ കലാം സമ്മതിക്കുന്നു. എന്നാല്‍ രാജ്യത്ത് ഭൂമി വളരെ കുറവാണെന്നും ഭൂമി ക്ഷാമം നേരിടുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാലും ഒരു ലക്ഷം റോഹിങ്ക്യകളെ ബാസന്‍ ചാറിലേക്ക് മാറ്റാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.