ഹിബകുഷ: കഥ പറയുകയാണവര്‍, മറ്റൊരു ആണവദുരന്തത്തെ തടയാന്‍
|ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബുവിസ്‌ഫോടത്തെ അതിജീവിച്ച് യാതന അനുഭവിച്ചുവരുന്ന വ്യക്തികളെയാണ് ഹിബകുഷ എന്ന ജാപ്പനീസ് വാക്കു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഡീകോഡിങിൽ പരിശീലനം നേടാൻ വേണ്ടി ജപ്പാനീസ് സൈന്യത്തിന്‍റെ ഹിരോഷിമയിലെ ആസ്ഥാനത്ത് പോയപ്പോഴാണ് 13 വയസ്സുകാരിയായ സെറ്റ്സുകോ തുർലോ ജനാലക്കു പുറത്ത് ഒരു മിന്നൽപ്പിണർ കാണുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഏതോ ഒരു വലിയ ശക്തിയുടെ ആഘാതത്തിൽ സെറ്റ്സുകോ തെറിച്ചുവീണു. നിന്നിരുന്ന കെട്ടിടം അവർക്ക് ചുറ്റും നിലംപതിച്ചു. ഇരുളും നിശബ്ദതയും സെറ്റ്സുകോയെ മൂടി. അവർക്ക് ശരീരമനക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ സഹായമപേക്ഷിച്ചു കൊണ്ട് സെറ്റ്സുകോയുടെ കൂട്ടുകാരികൾ ചുറ്റിലും നിലവിളിക്കാൻ തുടങ്ങി. പതുക്കെ പുറത്തു നിന്നു വന്ന വെയിലിന്‍റെ വെളിച്ചത്തിൽ അവർക്ക് ചുറ്റുമുള്ളതെന്തൊക്കെയോ കാണാൻ സാധിച്ചു. ഇരുണ്ട ചില രൂപങ്ങളാണ് ആദ്യം കണ്ണിൽ പതിച്ചത്. മുടി മുകളിലേക്കുയർന്ന് പൊള്ളിയ തൊലിയും മാംസം പുറത്തേക്ക് തള്ളി നിൽക്കുന്ന ശരീരങ്ങളുമായി നടന്നു വരുന്നത് മനുഷ്യരാണെന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുത്തു. അവരിൽ ചിലർ സ്വന്തം കണ്ണുകൾ കൈയിലേന്തി നിൽക്കുകയായിരുന്നു. ചിലരുടെ കുടൽമാല പോലും പുറത്തേക്ക് വന്നിരുന്നു.
പ്രേതങ്ങളെ പോലെ തോന്നിച്ച ഈ രൂപങ്ങളുടെ കൂടെ സെറ്റ്സുകോ പതിയെ പുറത്തേക്ക് കടന്നു. നടക്കുന്ന വഴിയിൽ മൃതദേഹങ്ങൾ ചിതറിക്കിടന്നിരുന്നു. ഏതാണ്ട് രണ്ട് ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ വലുപ്പം വരുന്ന പുറത്തെ സൈനിക പരിശീലന ഗ്രൌണ്ട് മരിച്ചവരെയും മരണം കാത്തുനിൽക്കുന്നവരെയും ഗുരുതരമായി പരിക്കേറ്റവരെയും കൊണ്ട് നിറഞ്ഞിരുന്നു. ഒന്ന് നിലവിളിക്കാൻ പോലുമുള്ള ഊർജ്ജം ആരിലും ബാക്കിയുണ്ടായിരുന്നില്ല. താഴ്ന്ന ശബ്ദത്തിൽ വെള്ളത്തിന് കേഴുകയായിരുന്നവരുടെ ശബ്ദം മാത്രമേ കേൾക്കാൻ സാധിക്കുമായിരുന്നുള്ളൂ. സെറ്റ്സുകോയെ പോലെ അധികം പരിക്കുകളില്ലാതെ രക്ഷപെട്ട രണ്ടോ മൂന്നോ പെൺകുട്ടികൾ ഓടിപ്പോയി അടുത്തുള്ള ഒരു നീരുറവയിൽ സ്വന്തം വസ്ത്രം മുക്കി ചിലരുടെയൊക്കെ വായിലേക്ക് നീട്ടിക്കൊടുത്തു.
അന്ന് ഹിരോഷിമയിലും മൂന്നു ദിവസങ്ങൾക്കു ശേഷം നാഗസാക്കിയിലും നടന്ന ആണവസ്ഫോടനത്തിൽ 1,29,000ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാരല്ല, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.
73 വർഷങ്ങൾക്കിപ്പുറം തന്‍റെ കൂട്ടുകാരികളുടെ കരച്ചിൽ ഇപ്പോഴും സെറ്റ്സുകോയുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. 1945 ആഗസ്റ്റ് 6ന് ബ്രിട്ടന്‍റെ സമ്മതത്തോടെ അമേരിക്ക ഹിരോഷിമയുടെ മുകളിൽ അണുബോംബ് വർഷിച്ചപ്പോൾ സ്ഫോടന കേന്ദ്ര (ഹൈപോ സെന്‍റര്‍)ത്തിൽ നിന്ന് വെറും 1.8 കി.മീ അകലെയായിരുന്നു ആ 13 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥി. പിന്നീട് കാനഡയിലേക്ക് ചേക്കേറിയ സെറ്റ്സുകോയുടെ ജീവിതം ഇന്ന് ആണവായുധങ്ങൾക്കെതിരെയുള്ള ഒരു നിലക്കാത്ത പോരാട്ടമാണ്.
സെറ്റ്സുകോയെ പോലുള്ളവർക്ക് ജപ്പാനിൽ ഒരു പേരുണ്ട്- ഹിബകുഷ. “സ്ഫോടനം അനുഭവിച്ചവർ” എന്നാണ് അതിന്‍റെ അർത്ഥം. സ്ഫോടനം നടന്ന സ്ഥലത്തിന്‍റെ രണ്ടു കി.മീ ചുറ്റളവിലുണ്ടായിരുന്നവരും അതിന്‍റെ മാരകമായ അനന്തരഫലങ്ങൾ അനുഭവിച്ചവരും അന്ന് അമ്മയുടെ ഭ്രൂണത്തിലുണ്ടായിരുന്നവരുമടക്കം ഹിരോഷിമാ-നാഗസാക്കി സ്ഫോടനങ്ങൾ അതിജീവിച്ചവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇന്ന് ഫുകുഷിമ അടക്കമുള്ള ആണവദുരന്തങ്ങളെ അതിജീവിച്ചവരെ വിശേഷിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. അറ്റോമിക് ബോംബ് സര്‍വൈവേഴ്‌സ് റിലീഫ് ലോ താഴെപ്പറയും പ്രകാരം ഹിബാകുഷളെ നിര്‍വ്വചിക്കുന്നു. ബോംബിന്റെ പതനസ്ഥലത്തിന്റെ കേന്ദ്രഭാഗത്തു നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയായിരിക്കുകയോ പതനകേന്ദ്രത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തെ ത്തുടര്‍ന്നു രണ്ട് ആഴ്ച പെട്ടിരിക്കുകയോ; അണുവികിരണത്തിനു വിധേയരാകുകയോ; ഗര്‍ഭാവസ്ഥയില്‍ മേല്‍പ്പറഞ്ഞ സ്ഥലത്തു പെട്ടുപോകുകയോ ചെയ്താല്‍ ഹിബാകുഷ എന്ന് ആ ആളിനെ വിശേഷിപ്പിക്കാവുന്നതാണ്.
ആയിരം കടലാസ് പക്ഷികളുണ്ടാക്കിയാൽ തന്‍റെ ലുകീമിയ മാറുമെന്ന് വിശ്വസിച്ച സഡാകോ സസാക്കി എന്ന പെൺകുട്ടിയായിരിക്കാം ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധയായ ഹിബകുഷ. സഡാകോ അന്തരിച്ചെങ്കിലും പക്ഷിയെ വഹിച്ചു കൊണ്ടുള്ള അവളുടെ പ്രതിമ ആ ദുരന്ത ദിവസത്തിന്‍റെ ഒരു ഓർമ്മപ്പെടുത്തലായി ജപ്പാനിലെ ഹിരോഷിമാ പീസ് പാർക്കിൽ നിലനിൽക്കുന്നു. അവളുടെ ഒറിഗാമി പക്ഷികൾ ഇന്ന് സമാധാനത്തിന്റെ ഒരു ആഗോള ചിഹ്നമാണ്.
ആയിരം കടലാസ് പക്ഷികളുണ്ടാക്കിയാൽ തന്‍റെ ലുകീമിയ മാറുമെന്ന് വിശ്വസിച്ച സഡാകോ സസാക്കി എന്ന പെൺകുട്ടിയായിരിക്കാം ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധയായ ഹിബകുഷ.
പത്താം വയസ്സിൽ ആണവസ്ഫോടനത്തിൽ സഹോദരനും വർഷങ്ങൾക്കു ശേഷം വേർഡ് ട്രേഡ് സെന്‍ററിന് നേരെ നടന്ന ആക്രമണത്തിൽ മകനും നഷ്ടപ്പെട്ടിട്ടും സമാധാനം മാത്രം സന്ദേശമായി നൽകുന്ന ഇറ്റോസാൻ, സ്ഫോടനത്തിൽ നശിപ്പിക്കപ്പെട്ട പോലീസ് ആസ്ഥാനത്ത് പിടിച്ചുവെച്ചിരുന്ന അമേരിക്കൻ യുദ്ധത്തടവുകാരുടെ പേരും വിവരങ്ങളും കണ്ടുപിടിക്കാൻ വർഷങ്ങൾ ചിലവഴിച്ച മോറിസാൻ, പത്താം വയസ്സിൽ ബോംബ് വർഷിച്ച വിമാനത്തിന്‍റെ പൈലറ്റിനെ കണ്ടുമുട്ടിയപ്പോൾ പക മാറി കണ്ണീരോടെ അയാൾക്ക് മാപ്പ് നൽകിയ കോകോ- ഇനിയുമുണ്ട് ഒരുപാട് കഥകൾ. 2016ൽ ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡൻറായി ബറാക്ക് ഒബാമ മാറിയപ്പോൾ അദ്ദേഹത്തിന്‍റെ പ്രസംഗം ശ്രവിക്കാൻ വേണ്ടി ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ പലരുമുണ്ടായിരുന്നു.
ഹിബകുഷകളുടെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. ആണവാക്രമണവും അതു സൃഷ്ടിച്ച ശാരീരികവും മാനസികവുമായ ആഘാതങ്ങളും നേരിടേണ്ടി വന്നതിനൊപ്പം സമൂഹത്തിന്‍റെ ചില വികലമായ കാഴ്ചപ്പാടുകളെയും പ്രതിരോധിക്കേണ്ടി വന്നവരാണ് അവരിൽ പലരും. ലുകീമിയ പോലുള്ള മാരക രോഗങ്ങളും അംഗവൈകല്യങ്ങളും അവരിൽ പലരെയും ബാധിച്ചു. അവരുടെ രോഗങ്ങൾ തങ്ങളിലേക്ക് പകരുമെന്ന് പല ജപ്പാൻകാരും വിശ്വസിക്കാൻ തുടങ്ങിയതും ജീവിതം ദുസ്സഹമാക്കി. അവർക്ക് തൊഴിൽ നൽകാനും അവരെ വിവാഹം കഴിക്കാനും ആളുകൾ മടിച്ചു. പലരും തങ്ങൾ സ്ഫോടനം അതിജീവിച്ചവരാണെന്ന കാര്യം സ്വന്തം മക്കളിൽ നിന്ന് പോലും മറച്ചു വെച്ചു.
1956 ആഗസ്റ്റിൽ ആറ്റം, ഹൈഡ്രജൻ ബോംബുകൾക്കെതിരെയുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിനു ശേഷം ഹിബകുഷകൾ ചേർന്ന് ‘നിഹോൺ ഹിഡങ്ക്യോ’ എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചു. ഹിബകുഷകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1951ലെ സാൻ ഫ്രാൻസിസ്കോ ഉടമ്പടി പ്രകാരം ആണവായുധാക്രമണങ്ങൾക്ക് നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശം ജപ്പാനുണ്ടായിരുന്നില്ല. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുകയായിരുന്ന പല ഹിബകുഷകളും ജപ്പാൻ സർക്കാരിന്‍റെ വിലക്കുകൾ മാനിക്കാൻ തയ്യാറല്ലായിരുന്നു. അവരുടെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ സ്ഫോടനം അതിജീവിച്ചവർക്ക് ഒരു മാസ പെൻഷനും മറ്റു ചികിത്സാ സഹായങ്ങളും നൽകാൻ സർക്കാർ സമ്മതിച്ചു.
ഇതോടൊപ്പം തങ്ങളുടെ കഥകൾ പ്രചരിപ്പിക്കാൻ ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങളിലേക്കും ഹിഡങ്ക്യോ അംഗങ്ങളെ പറഞ്ഞയച്ചു. ആണവായുധങ്ങൾ വാരിക്കൂട്ടാൻ രാജ്യങ്ങൾ പരസ്പരം മത്സരിക്കുന്ന ഒരു ലോകത്ത് അവയുടെ ഭീകരമായ അനന്തരഫലങ്ങളെക്കുറിച്ചുള്ള യഥാർത്ഥ അനുഭവങ്ങൾ ലോകവുമായി പങ്കിടുകയും തങ്ങൾക്ക് സംഭവിച്ചതിന്‍റെ ഒരു ആവർത്തനം തടയുകയുമായിരുന്നു അവരുടെ ലക്ഷ്യം. സംഘടനയിലെ പല അംഗങ്ങളും വാർധക്യത്തിലേക്ക് കടന്നിട്ടും തങ്ങളുടെ ശ്രമങ്ങൾ തളരാതിരിക്കാൻ അവർ ശ്രദ്ധിച്ചു. പല തവണ സമാധാന നോബേലിന് നാമനിർദ്ദേശം ചെയ്യപ്പെട്ട സംഘടന കൂടിയാണ് നിഹോൺ ഹിഡങ്ക്യോ.
പ്രേതങ്ങളെ പോലെ തോന്നിച്ച ഈ രൂപങ്ങളുടെ കൂടെ സെറ്റ്സുകോ പതിയെ പുറത്തേക്ക് കടന്നു. നടക്കുന്ന വഴിയിൽ മൃതദേഹങ്ങൾ ചിതറിക്കിടന്നിരുന്നു.
പക്ഷെ ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ ശരാശരി പ്രായം 80 കടന്നതോടെ ഹിബകുഷകൾക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ ഏറെ കാലം തുടർന്നുപോകാൻ കഴിയില്ലെന്ന് ഏതാണ്ട് ഉറപ്പായികഴിഞ്ഞു. ഹിഡങ്ക്യോയുടെ ഏറ്റവും ഊർജസ്വലമായി പ്രവർത്തിച്ചിരുന്ന ഒരു വിഭാഗം അംഗങ്ങളുടെ പ്രായാധിക്യം മൂലം പിരിച്ചുവിടേണ്ടി വന്നത് 2015ലാണ്. കഴിഞ്ഞ രണ്ട് ദശകങ്ങൾക്കിടയിൽ മാത്രം പകുതിയോളം പേർ ലോകത്തോട് വിട പറഞ്ഞു.
ഹിബകുഷകളോടൊപ്പം അവരുടെ കഥകളും മണ്ണിലലിയില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടി കഥ പറയുന്ന കർത്തവ്യം ഇപ്പോൾ ജപ്പാനിലെ ഇളം തലമുറ ഏറ്റെടുത്തിരിക്കുകയാണ്. ഹിരോഷിമയിൽ ഇന്ന് ഹിബകുഷകൾക്ക് നൂറിലേറെ “അനന്താരവകാശികളു”ണ്ട്. ആണവാക്രമണം നടന്ന സ്ഥലങ്ങൾ കാണാനെത്തുന്ന വിദ്യാർത്ഥികളും വിദേശ സഞ്ചാരികളുമായി ഹിബകുഷകളുടെ അനുഭവങ്ങൾ പങ്കുവെക്കാനും സമാധാനത്തിൻറെ സന്ദേശം അവരിലേക്ക് എത്തിക്കാനും വേണ്ടി മൂന്നു വർഷത്തെ പ്രത്യേക പരിശീലനം ലഭിച്ചവരാണിവർ.
സ്ഫോടനകേന്ദ്രത്തിൽ നിന്ന് 500 മീറ്റർ പോലും ദൂരമില്ലായിരുന്ന നാഗസാക്കിയിലെ ശിരോയാമാ എലമന്‍ററി സ്കൂളിലെ കുട്ടികൾ ഇന്നും കൊല്ലപ്പെട്ട പൂർവ വിദ്യാർത്ഥികളെയും അധ്യാപകരെയും ഓർക്കുന്നു. 1400 വിദ്യാർത്ഥികളും 23 ജീവനക്കാരുമാണ് 1945 ആഗസ്റ്റ് 9ന് അവിടെ വെച്ച് കത്തിച്ചാമ്പലായത്. അവരുടെ ഓർമ്മയിൽ രചിക്കപ്പെട്ട ഗാനം ഇന്നും എല്ലാ മാസവും ഒമ്പതാം തീയ്യതി സ്കൂളിന്‍റെ വരാന്തകളിലൂടെ മുഴങ്ങാറുണ്ട്.
അർത്ഥമില്ലാതെ ഒരു നിമിഷത്തിൽ പൊലിഞ്ഞു പോയ ജീവനുകളെ കുറിച്ച് അവരെ ഓർമ്മപ്പെടുത്തുന്നു. ഇന്നും പുതുക്കാതെ വെച്ചിരിക്കുന്ന തകർന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ അവർക്ക് കാണിച്ചുകൊടുക്കുന്നു
ഇവരുടെ കൂട്ടത്തിലുമുണ്ട് കഥ പറയാൻ ഏൽപിക്കപ്പെട്ടവർ. എല്ലാ വർഷവും സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾ ജപ്പാനിലെ നാനൂറോളം സ്കൂളുകളിൽ നിന്ന് വരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ സ്വീകരിക്കുകയും അവർക്ക് തങ്ങളുടെ പാട്ടിന്‍റെ വരികൾ വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. അർത്ഥമില്ലാതെ ഒരു നിമിഷത്തിൽ പൊലിഞ്ഞു പോയ ജീവനുകളെ കുറിച്ച് അവരെ ഓർമ്മപ്പെടുത്തുന്നു. ഇന്നും പുതുക്കാതെ വെച്ചിരിക്കുന്ന തകർന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ അവർക്ക് കാണിച്ചുകൊടുക്കുന്നു.
എന്നാൽ അവരുടെ സന്ദേശം വെറുപ്പിന്‍റെതല്ല, സമാധാനത്തിന്‍റെതാണ്. ദശകങ്ങൾക്ക് മുൻപ് നടന്ന ഒരു മഹാദുരന്തത്തെക്കുറിച്ചുള്ള പക നിലനിർത്താനുള്ള പ്രേരണയല്ല, ഇനിയൊരു സമൂഹവും ഭീതിജനകമായ ആ അനുഭവത്തിനിരയാകരുതെന്ന ദൃഢനിശ്ചയമാണ് അവരുടെയുള്ളിൽ. ജപ്പാനിലെ സ്വന്തം സർക്കാർ പോലും ആണവായുധങ്ങൾക്കെതിരെ ദൃഢമായ ഒരു നിലപാട് എടുക്കാൻ മടിച്ചിട്ടും 1945ലെ അനുഭവങ്ങൾ ആവർത്തിച്ച് പറയാൻ ഹിബകുഷകളെയും അവരുടെ പിൻഗാമികളെയും പ്രേരിപ്പിക്കുന്നതും ഈ വികാരം തന്നെയാണ്.