സൂര്യന്റെ വിശേഷങ്ങളറിയാന്‍ പോയ പാര്‍ക്കറിന്റെ പ്രത്യേകതകളും ലക്ഷ്യങ്ങളും
|അന്യഗ്രഹങ്ങളില്‍ ജീവന്റെ അംശം തേടി മനുഷ്യന്‍ അലയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. നിരവധി നിര്‍ണായക കണ്ടെത്തലുകളും ഇതിനോടകം നടത്തി കഴിഞ്ഞു. ചന്ദ്രനും ചൊവ്വയുമൊക്കെ മനുഷ്യന്റെ പരീക്ഷണശാലകളായി.
അന്യഗ്രഹങ്ങളില്‍ ജീവന്റെ അംശം തേടി മനുഷ്യന്‍ അലയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. നിരവധി നിര്‍ണായക കണ്ടെത്തലുകളും ഇതിനോടകം നടത്തി കഴിഞ്ഞു. ചന്ദ്രനും ചൊവ്വയുമൊക്കെ മനുഷ്യന്റെ പരീക്ഷണശാലകളായി. എന്നാല്‍ ഇന്നു വരെ കത്തിജ്വലിക്കുന്ന സൂര്യനെ തൊട്ടുകളിക്കാന്‍ മാത്രം മനുഷ്യന്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ അതിനും മനുഷ്യന്‍ തുനിഞ്ഞിറങ്ങിക്കഴിഞ്ഞു. പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന നാസയുടെ ദൌത്യം സൂര്യന്റെ വിശേഷങ്ങളറിയാന്‍ വേണ്ടിയുള്ളതാണ്. ഇന്ന് ഫ്ലോറിഡയിലെ കേപ് കാനവറില്‍ നിന്ന് പാര്‍ക്കറേയും വഹിച്ചുകൊണ്ട് ഡെല്‍റ്റ ഫോര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നു.
എന്താണ്, എന്തിനാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ?
20 വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ സൃഷ്ടികര്‍മം പൂര്‍ത്തിയായത്. ഏഴു വര്‍ഷമാണ് സൂര്യനെ കാണാന്‍ പുറപ്പെട്ട പാര്‍ക്കറിന്റെ ദൌത്യ കാലയളവ്. സൂര്യനോട് 61 ലക്ഷം കിലോ മീറ്റര്‍ അടുത്തുവരെ എത്തിയാണ് പാര്‍ക്കര്‍ വിശേഷങ്ങള്‍ തിരക്കുക. കോടിക്കണക്കിന് കിലോ മീറ്റര്‍ അകലെയുള്ള ഭൂമിയില്‍ സൂര്യനില്‍ നിന്നുള്ള ചൂട് സഹിക്കാര്‍ കഴിയുന്നില്ലെന്നിരിക്കെയാണ് ലക്ഷക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് വരുന്ന ഭീകരമായ താപനിലയെ അതിജീവിച്ച് സൂര്യന്റെ കൊറോണയെ നിരീക്ഷിക്കാന്‍ പാര്‍ക്കര്‍ പുറപ്പെട്ടിരിക്കുന്നത്. സൂര്യനെ ചുറ്റിപ്പറ്റിയുള്ള വലയമാണ് കൊറോണ. ഇതില്‍ നിന്നാണ് സൌര വാതത്തിന്റെ ഉത്ഭവം.
സൂര്യന്റെ ഉപരിതലത്തിലുള്ളതിനേക്കാള്‍ 300 മടങ്ങ് ഇരട്ടിയാണ് കൊറോണയിലെ താപനില. സൌരവാതത്തേയും സൂര്യന്റെ ഉഗ്രചൂടിനെയും അതിജീവിക്കാന്‍ സജ്ജമാക്കിയിട്ടുള്ള പാര്‍ക്കറിലെ സംവിധാനങ്ങളും പ്രതിരോധ കവചവും കൃത്യമായി പ്രവര്‍ത്തിച്ചാല്‍ സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന വിവരങ്ങള്‍ ലഭിക്കും. അസ്ഥിരമായ കൊറോണ നിന്നുള്ള ഊര്‍ജത്തിന്റെ അതിഭീകരമായ പുറന്തള്ളലും സൌരക്കാറ്റും സൂര്യനില്‍ നിന്നുള്ള ഉഗ്രജ്വാലകളും വികിരണവുമൊക്കെ പഠനവിധേയമാക്കും. ഉറവിടത്തില്‍ നിന്നും രഹസ്യങ്ങളറിയുക എന്നതാണ് പാര്‍ക്കറിന്റെ ലക്ഷ്യം. സൂര്യന്റെ ഉപരിതലത്തിലുള്ളതിനേക്കാള്‍ കൊറോണയില്‍ എന്തുകൊണ്ടാണ് കൂടുതല്‍ താപനിലയെന്നതും സൌരവാതത്തിന്റെ യഥാര്‍ഥ കാരണവുമൊക്കെയാണ് പാര്‍ക്കര്‍ തേടുന്ന രണ്ടു പ്രധാന വിഷയങ്ങള്‍.
സൂര്യന്റെ ചൂടിനെ അതിജീവിക്കാന്‍ പാര്‍ക്കറിനാകുമോ ?
ഇന്ന് ലോകത്ത് കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അതിനൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പാര്‍ക്കറിന്റെ സൃഷ്ടി. കത്തിജ്വലിക്കുന്ന സൂര്യന്റെ 61.6 ലക്ഷം കിലോമീറ്റര്‍ അടുത്തുവരെ ചെന്നാണ് പാര്‍ക്കര്‍ സൂര്യനെ നിരീക്ഷിക്കുക. സങ്കല്‍പ്പത്തിനപ്പുറമായ താപനിലയും സൌരവാതവും റേഡിയേഷനുമൊക്കെയാണ് പാര്‍ക്കറിന് വെല്ലുവിളി ഉയര്‍ത്തുന്നത്. സൂര്യനില്‍ നിന്നുള്ള ചൂടിനെ പ്രതിരോധിക്കാന്‍ 4.5 ഇഞ്ച് കനമുള്ള കാര്‍ബണ്‍ കോമ്പോസൈറ്റ് കവചമാണ് പാര്‍ക്കറിന് സുരക്ഷാ വലയം തീര്‍ക്കുന്നത്. ഈ കവചത്തിന് 1,377 ഡിഗ്രി സെല്‍ഷ്യസ് താപനിലയെ ചെറുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഈ സുരക്ഷാ കവചത്തിന് പുറമെ ശീതീകരണ സംവിധാനവുമുണ്ട്. എല്ലാം കൃത്യമായി പ്രവര്‍ത്തിച്ചാല്‍ 85 ഡിഗ്രി സെല്‍ഷ്യസ് താപം മാത്രമാണ് പാര്‍ക്കറിന് അനുഭവപ്പെടുകയുള്ളു.
ഭൂമിയിലെ ജീവന്റെ നിലനില്‍പ്പ് സൂര്യനെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ സൂര്യനില്‍ നിന്ന് വമിക്കുന്ന ഊര്‍ജത്തിന്റെ ഉറവിടത്തേക്കുറിച്ച് പഠിക്കാന്‍ നാസ മുന്‍കൈ എടുക്കുമ്പോള്‍ ലോകം ഉറ്റനോക്കുന്നതും സ്വാഭാവികം. ഏഴു വർഷം നീളുന്ന ദൌത്യത്തിനൊടുവിൽ നക്ഷത്രങ്ങളെക്കുറിച്ചു നിലനിൽക്കുന്ന ഒട്ടേറെ സംശയങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.