International Old
അകത്തു കയറിയാൽ ജീവനോടെ തിരിച്ചു വരില്ല; ദുരൂഹതകൾ നിറഞ്ഞ ഒരു ഗുഹയുടെ കഥ  
International Old

അകത്തു കയറിയാൽ ജീവനോടെ തിരിച്ചു വരില്ല; ദുരൂഹതകൾ നിറഞ്ഞ ഒരു ഗുഹയുടെ കഥ  

Web Desk
|
13 Aug 2018 2:13 PM GMT

പുരാതന ഗ്രീക്ക് നഗരമായ ഹിയറാപൊലിസിലാണ് ആ ഗുഹ ഉണ്ടായിരുന്നത്. നരക കവാടം എന്നാണ് അറിയപ്പെട്ടിരുന്നത്. സദാ സമയവും മൂടൽ മഞ്ഞു പോലെ നേർത്ത പുക ഗുഹാ കവാടത്തിൽ നിന്നും പുറത്തേക്ക് പ്രവഹിച്ചു കൊണ്ടേയിരിക്കും. ഉള്ളിൽ ദുരൂഹതകൾ ഒളിപ്പിച്ചു വെച്ച ആ ഗുഹ ക്രൈസ്‌തവ വിശ്വാസാചാരങ്ങളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതായിരുന്നു. പാതാള ദേവനായ പ്ലൂട്ടോയുടെ വസതിയിലേക്കുള്ള വാതിൽ എന്ന് റോമക്കാർ വിശ്വസിച്ചിരുന്ന ഗുഹക്ക് പ്ലൂട്ടോണിയം എന്ന് തന്നെയാണ് പേരും. കോസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതിന് ശേഷം ക്രൈസ്തവ മതാചാരങ്ങൾക്കുപയോഗിച്ചിരുന്ന ഗുഹ 2013 ലാണ് ഒരു ഇറ്റാലിയൻ പര്യവേക്ഷക സംഘം കണ്ടെത്തുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഉള്ളിൽ മരണം പതിയിരിക്കുന്ന നരക കവാടം തന്നെയായിരുന്നു പ്ലൂട്ടോണിയം. അകത്തേക്ക് പ്രവേശിക്കുന്നവർ ജീവനോടെ ഗുഹയിൽ നിന്നും പുറത്തേക്ക് വരില്ല. ഗുഹാ കവാടത്തിന് മുകളിലൂടെ പറക്കുന്ന പക്ഷികൾ പിടഞ്ഞുവീണു ചത്തു. പാതാള ദേവനെ തൃപ്തിപ്പെടുത്താൻ നടത്തുന്ന മൃഗബലിക്ക് ഉപയോഗിച്ചിരുന്ന മൃഗങ്ങൾ ഗുഹക്കുള്ളിലേക്ക് പ്രവേശിച്ചാലുടനെ മരിച്ചു വീഴും.

പേര് സൂചിപ്പിക്കുന്നത് പോലെ ഉള്ളിൽ മരണം പതിയിരിക്കുന്ന നരക കവാടം തന്നെയായിരുന്നു പ്ലൂട്ടോണിയം. അകത്തേക്ക് പ്രവേശിക്കുന്നവർ ജീവനോടെ ഗുഹയിൽ നിന്നും പുറത്തേക്ക് വരില്ല. ഗുഹാ കവാടത്തിന് മുകളിലൂടെ പറക്കുന്ന പക്ഷികൾ പിടഞ്ഞുവീണു ചത്തു. പാതാള ദേവനെ തൃപ്തിപ്പെടുത്താൻ നടത്തുന്ന മൃഗബലിക്ക് ഉപയോഗിച്ചിരുന്ന മൃഗങ്ങൾ ഗുഹക്കുള്ളിലേക്ക് പ്രവേശിച്ചാലുടനെ മരിച്ചു വീഴും. എന്നാൽ, ബലിമൃഗവുമായി അകത്തേക്കു കടക്കുന്ന പുരോഹിതൻ മാത്രം ഒരു പോറലുമേൽക്കാതെ പുറത്തേക്ക് വരികയും ചെയ്യും. പുരോഹിതരുടെ ദിവ്യശക്‌തി കാരണമാണ് അവർക്കൊന്നും സംഭവിക്കാതിരിക്കുന്നത് എന്നാണ് കാലങ്ങളോളം ആളുകൾ വിശ്വസിച്ചിരുന്നത്.

ഇന്നത്തെ തുർക്കിയിലെ ഡെനിസ്‌ലി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഗുഹയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ ചുരുളഴിക്കുന്ന കണ്ടെത്തൽ ശാസ്ത്രലോകം നടത്തുന്നത് മാസങ്ങൾക്ക് മുമ്പാണ്. 2000 വർഷങ്ങൾക്ക് മുമ്പ് ഹിയറാപൊലിസിലെത്തിയിരുന്ന സഞ്ചാരികൾ വിശ്വസിച്ചിരുന്നത് പോലെ ഗുഹ മരണത്തിന്റെ ശ്വാസം പുറത്തുവിട്ടത് കൊണ്ടല്ല മരണം സംഭവിക്കുന്നത് എന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ആർക്കിയോളജിക്കൽ ആൻഡ് ആന്ത്രോപോളജിക്കൽ സയൻസസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഗുഹയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ ചുരുളഴിക്കുന്ന കണ്ടെത്തൽ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചത്. ഗുഹക്കകത്തു വലിയ തോതിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ കനത്ത സാന്നിധ്യമുണ്ടെന്നും അത് കാരണമാണ് മരണം സംഭവിക്കുന്നത് എന്നുമായിരുന്നു കണ്ടെത്തൽ.

പ്ലൂട്ടോണിയത്തിലേക്കുള്ള പ്രവേശന കവാടം

ഗുഹാമുഖത്തു തന്നെ 4-54% വരെയും ഗുഹക്കകത്തു 91% വരെയും കാർബൺ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യമുണ്ടെന്നാണ് ഹാർഡി ഫാൻസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തിയത്. ജീവനുള്ള വസ്തുക്കളെ കൊല്ലാൻ മതിയായ അളവിലുള്ള ഈ വിഷവാതകം ഗുഹക്കുള്ളിൽ രൂപപ്പെടുന്നത് ഭൂമിക്കടിയിലെ ചില പ്രത്യേക പ്രതിഭാസങ്ങൾ മൂലമാണ്. 5% അളവിലുള്ള കാർബൺ ഡൈ ഓക്‌സൈഡ് തന്നെ മനുഷ്യരുൾപ്പെടെയുള്ള ജീവികളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. 7% മാത്രമുണ്ടെങ്കിൽ തന്നെ ജീവികൾ വിയർക്കാനും ബോധം മറയാനും ഹൃദയ മിടിപ്പ് ക്രമാതീതമായി വർധിക്കാനുമൊക്കെ അത് കാരണമാകും. അതിലും കൂടിയ അളവിൽ ഈ വിഷവാതകം ഉള്ളിലേക്ക് ചെന്നാൽ ശ്വാസതടസ്സവും അത് മൂലം മരണവും സംഭവിക്കാം. ബലി നൽകുവാനായി ഗുഹക്കകത്തേക്ക് പ്രവേശിപ്പിച്ച മൃഗങ്ങൾ മരിച്ചു വീഴാനുണ്ടായ കാരണം ഇതാണെന്നാണ് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്. ഗവേഷണത്തിനിടക്ക് ഗുഹക്കകത്തു ധാരാളം പക്ഷികളും എലികളുമൊക്കെ ചത്തുകിടക്കുന്നത് കണ്ടതായും അവർ പറയുന്നു.

പക്ഷെ, അപ്പോഴും ഒരു സംശയം ബാക്കിയായി. ഗുഹക്കുള്ളിലേക്ക് കടക്കുന്ന പുരോഹിതൻ മാത്രം എന്തുകൊണ്ട് മരിക്കുന്നില്ല.

പുരാതന കാലത്തു ഹിയറാപൊലിസിലെത്തിയിരുന്ന സഞ്ചാരികൾക്ക് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു ഈ ഗുഹ സമ്മാനിച്ചിരുന്നത്. നരക കവാടത്തിനുള്ളിൽ നിന്ന് പ്രവഹിച്ചിരുന്ന ചുടുവായു കൂടുതൽ സഞ്ചാരികളെ ഹിയറാപൊലിസിലേക്ക് ആകർഷിച്ചു. അസുഖം സുഖപ്പെടുത്താൻ ആ കാറ്റിന് ശക്തിയുണ്ടെന്നവർ വിശ്വസിച്ചിരുന്നു. 2013 ഗുഹ കണ്ടെത്തിയ ഗവേഷകർ പറയുന്നത് അതിന് ചുറ്റും ഒരു സന്ദർശക ഗാലറി നില നിന്നിരുന്നു എന്നാണ്. ബി.സി 190 ലാണ് പട്ടണം പണികഴിപ്പിക്കപ്പെട്ടത്. ഗ്രീക്ക് ഭൂമിശാസ്ത്ര വിദഗ്ധനായിരുന്ന സ്ട്രബോയും ഈ ഗുഹയെകുറിച്ച് എഴുതിയിട്ടുണ്ട്. "ഗുഹക്കുള്ളിലേക്ക് കടക്കുന്ന ഏത് മൃഗവും മരിച്ചു വീഴുന്നു. ജീവനോടെ ഉള്ളിലേക്ക് കൊണ്ടുപോകുന്ന കാളകളെ വലിച്ചുകൊണ്ടാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. എന്റെ കയ്യിലുണ്ടായിരുന്ന ഒരു കുരുവിയെ ഞാനതിനുള്ളിലേക്ക് പറത്തിവിട്ടു. ഞൊടിയിട കൊണ്ട് അത് ജീവനറ്റ് നിലംപതിച്ചു," അദ്ദേഹം എഴുതി.

ഗുഹക്കകത്തു നടക്കുന്ന പ്രതിഭാസം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഗുഹയിൽ വിഷവാതക സാന്നിധ്യമുണ്ടെന്നും സ്റ്റർബോക്ക് മനസ്സിലായിരുന്നു. പക്ഷെ, അപ്പോഴും ഒരു സംശയം ബാക്കിയായി. ഗുഹക്കുള്ളിലേക്ക് കടക്കുന്ന പുരോഹിതൻ മാത്രം എന്തുകൊണ്ട് മരിക്കുന്നില്ല. എന്നാൽ, ഈ ചോദ്യത്തിന് മറുപടിയായി ഗവേഷകർ പറയുന്നത് മനുഷ്യരുടെയും മൃഗങ്ങളുടെയും ഉയരത്തിലുള്ള വ്യത്യാസമാണ്. ഓക്സിജനേക്കാൾ ഭാരമുള്ള വാതകമാണ് കാർബൺ ഡൈ ഓക്‌സൈഡ് എന്നതിനാൽ ഭൂമിക്ക് മുകളിൽ കൂടുതൽ ഉയരത്തിലല്ലാതെ ഒരു വാതക തടാകം സൃഷ്ടിക്കുകയാണ് അത് ചെയ്യുന്നത്. ഉയരക്കുറവ് കാരണം മൃഗങ്ങളുടെ മൂക്ക് ഇതിൽ സ്പർശിക്കുകയും അവ ചത്ത് വീഴുകയും ചെയ്യുന്നു. എന്നാൽ മനുഷ്യർ ഉയരമുള്ളതിനാൽ വിഷവാതകം ശ്വസിക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നു. പുരോഹിതന്മാർക്ക് ഇതിനെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നെന്നും അതുകൊണ്ട് ഉയരം കൂട്ടാനുള്ള മാർഗ്ഗങ്ങൾ അവർ ഉപയോഗിച്ചിരുന്നു എന്നും ഗവേഷകർ പറയുന്നു.

പ്ലൂട്ടോണിയത്തിന് ചുറ്റുമുള്ള നിർമ്മിതി ചിത്രകാരന്റെ ഭാവനയിൽ

എന്തായാലും, ‘നരക കവാടം’ സന്ദർശകർക്കായി തുറന്ന് കൊടുക്കാനിരിക്കുകയാണ് തുർക്കി. ഗുഹയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ സെപ്റ്റംബറിൽ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്നാണ് തുർക്കിഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഡെയിലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

Similar Posts