International Old
തുർക്കിക്കു മേല്‍ അപ്രഖ്യാപിത സാമ്പത്തിക ഉപരോധവുമായി അമേരിക്ക; മുട്ടുമടക്കില്ലെന്ന് ഉർദുഗാന്‍
International Old

തുർക്കിക്കു മേല്‍ അപ്രഖ്യാപിത സാമ്പത്തിക ഉപരോധവുമായി അമേരിക്ക; മുട്ടുമടക്കില്ലെന്ന് ഉർദുഗാന്‍

Web Desk
|
13 Aug 2018 7:05 PM GMT

അമേരിക്കയുടെ രാഷ്ട്രീയ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറാകാത്തതാണ് തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കാന്‍ കാരണം

അമേരിക്കയുടെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം തുര്‍ക്കി സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. അമേരിക്കയുടെ രാഷ്ട്രീയ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തയ്യാറാകാത്തതാണ് തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കാന്‍ കാരണമായത്.

രാഷ്ട്രീയ കാരണങ്ങളാല്‍ തുര്‍ക്കിയില്‍ നിന്നുള്ള അലൂമിനിയം സ്റ്റീല്‍ കയറ്റുമതിയുടെ താരിഫ് അമേരിക്ക കുത്തനെ കൂട്ടിയിരുന്നു. ഇതെ തുടര്‍ന്ന് ഡോളറിനെ അപേക്ഷിച്ച് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിയുകയുണ്ടായി.ഒരു ഡോളറിന് ആറ് ലിറയെന്ന എക്കാലത്തെയും വലിയ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിയത്.

2001 ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. പണപ്പെരുപ്പം കൂടുന്നതിനിടയിലും പലിശ നിരക്കുകൾ ഉയര്‍ത്താതെ നിലനിര്‍ത്തിയതും തുര്‍ക്കി സമ്പദ്ഘടനയില്‍ തിരിച്ചടിയായി.

വിപണിയെ തിരിച്ചുപിടിക്കാന്‍ ജനങ്ങളുടെ പക്കലുള്ള സ്വര്‍ണം വിറ്റഴിക്കാനാണ് പ്രസിഡന്‍റ് റജബ് ത്വയിബ് ഉറുദുഗാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അമേരിക്കയുടെ കുത്സിത നീക്കങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു

ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച സ്വന്തമാക്കിയ തുര്‍ക്കിയുടെ സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തകര്‍ച്ചയെ ആശങ്കയോടെയാണ് വികസ്വര രാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

Similar Posts