ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ന്യായീകരിച്ച് ചൈനീസ് ഭരണകൂടം
|ചൈനയെ മറ്റൊരു സിറിയയും ലിബിയയും ആക്കാതിരിക്കാനാണ് ഇത്തരം നടപടി എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ന്യായീകരണം
ചൈനയിലെ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്ലിംകള്‍ക്കതിരെ നടക്കുന്ന അതിക്രമങ്ങളെ ന്യായീകരിച്ച് ചൈനീസ് ഭരണകൂടം. ചൈനയെ മറ്റൊരു സിറിയയും ലിബിയയും ആക്കാതിരിക്കാനാണ് ഇത്തരം നടപടി എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ന്യായീകരണം.
തീവ്രവാദികളെന്നാരോപിച്ചാണ് ഉയിഗൂര്‍ മുസ്ലിങ്ങളെ സിന്‍ജിയാങില്‍ പ്രത്യേക തടവറകളിലിട്ട് പീഡിപ്പിക്കുന്നത്. തീവ്രവാദ വിരുദ്ധ സെല്ലുകള്‍ എന്നപേരില്‍ സ്ഥാപിച്ച തടവറകളില്‍ കടുത്ത യാതനകളാണ് ഉയിഗൂര്‍ മുസ്ലിംകള് അനുഭവിക്കുന്നതെന്ന് യുഎനിന്റെ പ്രത്യേക സമിതി വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക വിശ്വാസം തള്ളിക്കളയണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് വിധേയത്വം പ്രഖ്യാപിക്കണമെന്നുമാണ് ഇവരോട് കൽപ്പിക്കുന്നത്. എന്നാല്‍ ഇതിനെ ന്യായീകരിച്ചാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെത്തിയത്. രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ ഉയിഗൂര്‍ മുസ്ലിംകളെ പരിവര്‍ത്തിപ്പിക്കുകയാണെന്ന് പാര്‍ട്ടി പറയുന്നു . ചൈന മറ്റൊരു ലിബിയയോ സിറിയയോ ആകാതിരിക്കാനാണ് ഇത്തരം നടപടികളെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. തടവറ സ്ഥാപിച്ചതിനും പുറമെ സിന്‍ജിയാങില്‍ 20 ലക്ഷത്തോളം മുസ്ലിങ്ങളെ ബലം പ്രയോഗിച്ച് കമ്മ്യൂണിസം പഠിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുമുണ്ട്. പക്ഷേ ഇതിനെ ചൈനീസ് പാര്‍ട്ടി നിഷേധിച്ചു.