International Old
ഹെല്‍ത്ത് കെയര്‍ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ചത്ത മുതലയും പല്ലിയും
International Old

ഹെല്‍ത്ത് കെയര്‍ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ചത്ത മുതലയും പല്ലിയും

Web Desk
|
18 Aug 2018 7:09 AM GMT

ചൈനയിലെ സിയാംഗ് പ്രവിശ്യയിലുള്ള സുയിചാങിലെ ഷാംഗ് എന്ന യുവതിയാണ് കബളിപ്പിക്കലിന് ഇരയായത്

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ന് പുതിയൊരു സംഭവമല്ല. ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ സോപ്പും ഇഷ്ടികയുമെല്ലാം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നത് പതിവാണ്. ഹെല്‍ത്ത് കെയര്‍ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഒരു ചൈനീസ് യുവതിക്ക് കിട്ടിയത് ചത്ത മുതലയും പല്ലിയുമാണ്.

ചൈനയിലെ സിയാംഗ് പ്രവിശ്യയിലുള്ള സുയിചാങിലെ ഷാംഗ് എന്ന യുവതിയാണ് കബളിപ്പിക്കലിന് ഇരയായത്. മൂന്ന് ബോക്സുകളാണ് ഓര്‍ഡര്‍ പ്രകാരം ലഭിച്ചത്. മൂന്നെണ്ണം തുറന്നു നോക്കിയിരിക്കുന്നു. നാലാമത്തതേത് പൊട്ടിച്ചു നോക്കിയുമില്ല. ഒടുവില്‍ ബോക്സില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് ചത്ത മുതലയെയും പല്ലിയേയും കണ്ടതെന്ന് ഷാംഗായിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഒരു വീഡിയോ ചൈനീസ് സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റായ വെയ്ബോയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ഒരു ബ്രീഡിംഗ് ഫാമില്‍ നിന്നുള്ള സിയാമീസ് ഇനത്തില്‍ പെട്ട മുതലയാണിതെന്നും കൊറിയര്‍ സര്‍വീസുകാര്‍ തെറ്റായ അഡ്രസില്‍ ഡെലിവര്‍ ചെയ്തതാണെന്നും പൊലീസ് അന്വേഷണത്തില്‍ പറയുന്നു. മുതലകളെ വളര്‍ത്തുന്നത് ചൈനയില്‍ നിയമപരമാണ്. ലെതറിനും മാംസത്തിനും വേണ്ടിയാണ് സിയാമീസ് മുതലകളെ വളര്‍ത്തുന്നതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനോടെയാണ് മുതലക്കുഞ്ഞിനെ അയച്ചത്. എന്നാല്‍ സമയത്തിന് മുന്‍പ് ഡെലിവര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇവയുടെ ജീവന്‍ പൊലിയുകയും ചെയ്തു. ശുദ്ധജലത്തില്‍ വളരുന്ന വലിപ്പം കുറഞ്ഞ ഇനത്തില്‍ പെട്ട മുതലകളാണ് സിയാമീസ് മുതലകള്‍.

Similar Posts