ലൈംഗികാരോപണം; ചൈനയിലെ പ്രമുഖ ബുദ്ധസന്യാസി സുവേഷനെ മഠാധിപതി സ്ഥാനത്ത് നിന്ന് മാറ്റി
|സുവേഷനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റിയത്.
ചൈനയിലെ പ്രമുഖ ബുദ്ധസന്യാസി സുവേഷനെ മഠാധിപതി സ്ഥാനത്ത് നിന്ന് മാറ്റി. സുവേഷനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റിയത്.
സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പ്രമുഖനായ ബുദ്ധസന്യാസിയാണ് സുവേഷന്‍. ബീജിങ്ങിലെ ലോങ്‍ക്വാന്‍ മഠത്തിന്റെ അധിപനുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും ചൈനയിലെ ബുദ്ധിസ്റ്റ് അസോസിയേഷന്‍ മുന്‍ തലവനുമായിരുന്നു. ഇദ്ദേഹത്തിനെതിരെ ആറ് സന്യാസിനിമാരാണ് ലൈഗികാരോപണമുന്നയിച്ച് രംഗത്തുവന്നത്. തുടര്‍ന്ന് രണ്ട് സന്യാസിമാര്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുവേശനെ മഠാധിപതി സ്ഥാനത്ത് നിന്ന് നീക്കിയത്. സാമ്പത്തിക തിരിമറി കേസും ഇദ്ദേഹത്തിനെതിരെയുണ്ട്.
പഠനത്തിന്റെ ഭാഗമായി തന്നെ സമീപിച്ച ആറ് സന്യാസിനിമാരോടാണ് സുവേഷന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. ഇതില്‍ നാല് പേര്‍ സുവേഷന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിയതായും 95 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്ത് ഒന്നിന് ലൈംഗിക ആരോപണങ്ങൾ നിഷേധിച്ച് സുവേഷന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതുവരെ സുവേഷന്‍ പ്രതികരിച്ചിട്ടില്ല.