റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ സംവിധാനം വാങ്ങണമെന്നാവര്‍ത്തിച്ച് ഉര്ദുഗാന്
|സൈനിക ഉദ്യോഗസ്ഥരുടെ ബിരുദദാന ചടങ്ങിലാണ് തുര്‍ക്കിയിലെ മിസൈല്‍ സംവിധാനം എത്രയും വേഗം വിപുലപ്പെടുത്തുമെന്ന് ഉര്ദുഗാന് പറഞ്ഞത്.
റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ സംവിധാനം വാങ്ങണമെന്നാവര്‍ത്തിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. മിസൈല്‍ സംവിധാനം വിപുലപ്പെടുത്തുമെന്നും ഉര്ദുഗാന് ആവര്‍ത്തിച്ചു.
സൈനിക ഉദ്യോഗസ്ഥരുടെ ബിരുദദാന ചടങ്ങിലാണ് തുര്‍ക്കിയിലെ മിസൈല്‍ സംവിധാനം എത്രയും വേഗം വിപുലപ്പെടുത്തുമെന്ന് ഉര്ദുഗാന് പറഞ്ഞത്. റഷ്യയില്‍ നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 വാങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 2019ഓടു കൂടി തുര്‍ക്കി എസ് 400 മിസൈല്‍ കൈമാറുമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. തുര്‍ക്കി മിസൈല്‍ സംവിധാനം മെച്ചപ്പെടുത്തുന്നതില്‍ അമേരിക്ക് ആശങ്ക പ്രകടിപ്പിച്ചു. നാറ്റോ അംഗരാജ്യങ്ങളും തുര്‍ക്കിയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകാനും റഷ്യയുമായുള്ള ആയുധ ഇടപാട് കാരണമാകും.
2012ല്‍ തുര്‍ക്കിയുടെ ആവശ്യപ്രകാരം നാറ്റോ അംഗരാജ്യങ്ങള്‍ ആയുധ സഹായം നല്‍കിയിരുന്നു. എന്നാല്‍ 2015ഓടെ ഇതില്‍ ഭൂരിഭാഗവും പിന്‍വലിച്ചു. പട്ടാള അട്ടിമറിയുമായി ബന്ധമുണ്ടെന്നാരോപിച്ച് അമേരിക്കയില്‍ നിന്നുള്ള പാസ്റ്ററെ തുര്‍ക്കിയില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അമേരിക്ക തുര്‍ക്കിക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. റഷ്യയുമായി ആയുധ ഇടപാട് നടത്തുകയാണെങ്കില്‍ ഉപരോധം നീണ്ടുപോകാനാണ് സാധ്യത. റഷ്യയുമായി ആയുധ ഇടപാട് നടത്തുന്നത് ഏത് രാജ്യമാണെങ്കിലും അവര്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.