ദമാസ്കസിലെ സൈനിക വിമാനത്താവളത്തില്‍ വന്‍ സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്
|ഇസ്രായേല്‍ നടത്തിയ റോക്കറ്റ് ആക്രമണമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും സിറിയന്‍ സര്‍ക്കാര്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.
സിറിയയിലെ ദമാസ്കസില്‍ സൈനിക വിമാനത്താവളത്തില്‍ വന്‍ സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ നടത്തിയ റോക്കറ്റ് ആക്രമണമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും സിറിയന്‍ സര്‍ക്കാര്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.
ദമാസ്കസിലെ മെസേഹ് സൈനിക വിമാനത്താവളത്തിലാണ് വന്‍ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. അയല്‍ രാജ്യമായ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് സിറിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റോക്കറ്റാക്രമണം അല്ലെന്നും ഇലക്ട്രിക് തകറാര് മൂലമുള്ള സ്ഫോടനമാണെന്നും സിറിയന്‍ സര്‍ക്കാര്‍ തിരുത്തി. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിക്കിടയില്‍ ഉണ്ടായ പൊട്ടിത്തെറിയാണെന്നും സിറിയന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സന അറിയിച്ചു. സ്ഫോടനത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിറിയയില്‍ അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ നടത്തി ഇറാനെ ഞെട്ടിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രാദേശിക മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയതെന്നും സന വിവരിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളോട് ഇസ്രായേല്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.